Connect with us

Saudi Arabia

ലബ്ബൈക്കയുടെ മന്ത്ര ധ്വനികളിൽ ലയിച്ച് മിനാ താഴ്‌വര; നാളെ അറഫാ ദിനം

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെ 17 എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്നും യാത്ര തിരിച്ച  മുഴുവൻ തീർഥാടകരും മക്കയിലെത്തി.

Published

|

Last Updated

ദമാം | ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്… ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്… ഇന്നൽഹംദ വന്നിഅ്മത്ത ലക വൽമുൽക്… ലാശരീക്ക ലക്. ഖലീലുല്ലാഹി ഇബ്രാഹീം നബി (അ) മിന്റെയും മകൻ ഇസ്മാഈൽ നബി (അ) മിന്റെയും ത്യാഗ സ്മരണകൾ നെഞ്ചേറ്റി അഷ്ടദിക്കുകളിൽ നിന്നും ഒഴുകിയെത്തിയ ജനലക്ഷങ്ങൾ യൗമുത്തർവിയ ദിനമായ ദുൽഹിജ്ജ 8ന് പർവ്വതങ്ങളുടെ താഴ്വരയായ മിനയിൽ തമ്പടിച്ചു. ഇതോടെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി.

വിവിധ മുത്വവ്വിഫ് ഓഫീസുകൾക്ക് കീഴിലെ ബസുകളിലും കാൽനടയുമായാണ് ഹാജിമാർ മിനായിലെത്തിച്ചേർന്നത്. ഒരു ദിനം മുഴുവൻ പ്രാർഥനകളുമായി കഴിയുന്ന ഹാജിമാർ തിങ്കളാഴ്ച്ച സുബ്ഹി നമസ്കാര ശേഷം ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിനായി യാത്ര തിരിക്കും. ഈ വർഷം സുഗമവും സുരക്ഷിതവുമായ ഹജ്ജ് തീർഥാടനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആവശ്യമായ മുഴുവൻ മുന്നൊരുക്കങ്ങളും അധികൃതർ നേരത്തെ പൂർത്തിയാക്കിയിരുന്നു.

ബസുകളിലും മശായിർ മെട്രോ ട്രെയിനുകളിലുമായിരിക്കും അറഫയിലേക്കുള്ള ഹാജിമാരുടെ പ്രയാണം. ഹജ്ജ് വേളയിൽ ഈ വർഷം കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ മിനാ – അറഫാ – മുസ്ദലിഫ മെട്രോ സ്റ്റേഷനുകളിലേക്കുള്ള നടപ്പാതകളിലെല്ലാം തണൽ കുടകളും കുടിവെള്ള ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

ഹജ്ജ് ചടങ്ങുകൾക്കായി ആഗോള രാജ്യങ്ങളിലെ തീർത്ഥാടകർ ദുൽഹിജ്ജ 7 മുതൽ ദുൽഹിജ്ജ 13 വരെയുള്ള ദിവസങ്ങളിലും മിനായിലെ തമ്പുകളിലാണ് താമസിക്കുക. തീർത്ഥാടകർക്കായി അത്യാധുനിക എയർകണ്ടീഷൻ സൗകര്യങ്ങളോടും അഗ്നിപ്രതിരോധ ശേഷിയോടും കൂടിയ ഒരു ലക്ഷത്തിലധികം സ്ഥിരം കൂടാരങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിച്ചതുമുതൽ ഇതുവരെ ഇരുപത്തിയൊന്ന് ലക്ഷത്തിലധികം പേർക്കാണ് സഊദി ആരോഗ്യമന്ത്രാലയം സേവനങ്ങൾ നൽകിയത്. 148 പേർക്ക് ശസ്ത്രക്രിയയും 14,600 എമർജൻസി കേസുകളും 2150 ഹാജിമാർക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നൽകുകയും ചെയ്തു.

മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ഏകദേശം 5 മൈൽ അല്ലെങ്കിൽ 8 കിലോമീറ്റർ കിഴക്കായി, മലകളാൽ ചുറ്റപ്പെട്ട ഒരു താഴ്‌വരയിലാണ് മിനാ സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക ചരിത്രത്തിൽ മിനാ എന്ന പേരിന് പിന്നിൽ അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഇബ്രാഹീം നബി (അ) മകനായ ഇസ്മായിൽ നബി (അ) ബലിയർപ്പിക്കാൻ തുനിഞ്ഞപ്പോൾ അത്ഭുതകരമായി പരീക്ഷണത്തിൽ വിജയിച്ച സ്ഥലമായത് കൊണ്ടാണ് താഴ്വരക്ക് മിന എന്ന പേര് ലഭിച്ചത്. മിന എന്ന വാക്കിന് ഒഴുകുക എന്നും അർഥമുണ്ട്. അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) അവസാനമായി പങ്കെടുത്ത ഹജ്ജത്തുൽ വിദാഇലെ (വിടവാങ്ങൽ ഹജ്ജ്) മുസ്ലീങ്ങളും പ്രവാചകരും സ്വഹാബികളും താമസിച്ചതും ഒട്ടകങ്ങളെ ബലിയർപ്പിച്ചതും ഇവിടെയാണ്.

ഇന്ത്യൻ തീർത്ഥാടകർ മക്കയിലെത്തി

ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെ 17 എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്നും യാത്ര തിരിച്ച മുഴുവൻ തീർഥാടകരും മക്കയിലെത്തി. ഇന്ത്യയിൽ നിന്നും ഈ വർഷം 1,75,025 തീർഥാടകരാണുള്ളത്. കേരളത്തിൽ നിന്നും 13,194 തീർത്ഥാടകരാണ് ഹജ്ജിനെത്തിയത്. ഞായറാഴ്ച്ച വൈകിട്ടോടെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മിനയിലെത്തിച്ചേരും.

Latest