International
മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകാൻ ധാരണയായെന്ന ഇറാൻ്റെ അവകാശവാദം തള്ളി അമേരിക്ക
ഖത്തറിലെയും മറ്റ് വിദേശ ബാങ്കുകളിലെയും ഇറാൻ്റെ ആസ്തികൾ വിട്ടുനൽകാൻ യു എസ് സമ്മതിച്ചതായി ഒരു മുതിർന്ന ഇറാനിയൻ ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു
വാഷിംഗ്ടൺ | വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാൻ്റെ ആസ്തികൾ വിട്ടുനൽകാൻ അമേരിക്ക ധാരണയായെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് തള്ളി. വെടിനിർത്തൽ ചർച്ചകൾക്കായി അമേരിക്കൻ, ഇറാനിയൻ പ്രതിനിധികൾ ഇസ്ലാമാബാദിൽ ചർച്ച നടത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ഇറാൻ രംഗത്തെത്തിയത്. ഖത്തറിലെയും മറ്റ് വിദേശ ബാങ്കുകളിലെയും ഇറാൻ്റെ ആസ്തികൾ വിട്ടുനൽകാൻ യു എസ് സമ്മതിച്ചതായി ഒരു മുതിർന്ന ഇറാനിയൻ ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ആസ്തികൾ വിട്ടുനൽകാനുള്ള നീക്കമെന്നും ഇറാൻ വൃത്തങ്ങൾ അവകാശപ്പെട്ടു. ഏകദേശം 6 ബില്യൺ ഡോളറാണ് ഇത്തരത്തിൽ മരവിപ്പിക്കപ്പെട്ടിട്ടുള്ളത്. 2018 ൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിന്മാറുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തപ്പോഴാണ് ഈ തുക മരവിപ്പിച്ചത്. ദക്ഷിണ കൊറിയക്ക് ഇറാൻ എണ്ണ വിറ്റ വകയിലുള്ള ഈ പണം നേരത്തെ കൊറിയൻ ബാങ്കുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്.
പിന്നീട് 2023 ൽ തടവുകാരെ കൈമാറുന്നതിനുള്ള കരാറിൻ്റെ ഭാഗമായി ദോഹയുടെ മധ്യസ്ഥതയിൽ ഈ പണം ഖത്തറിലെ ബാങ്കുകളിലേക്ക് മാറ്റി. അന്ന് ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള മാനുഷിക ആവശ്യങ്ങൾക്കായി മാത്രമേ ഈ പണം ഉപയോഗിക്കാൻ പാടുള്ളൂ എന്ന് യു എസ് ട്രഷറി നിബന്ധന വെച്ചിരുന്നു. എന്നാൽ 2023 ഒക്ടോബർ 7 ന് ഇസ്റാഈലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ജോ ബൈഡൻ ഭരണകൂടം ഈ ഫണ്ട് വീണ്ടും മരവിപ്പിച്ചു. ഇറാൻ്റെ പണം വിട്ടുനൽകുന്ന കാര്യത്തിൽ നിലവിൽ മാറ്റങ്ങളൊന്നുമില്ലെന്നും അക്കൗണ്ടുകൾ പൂർണ്ണമായും തടയാൻ വാഷിംഗ്ടണിന് അധികാരമുണ്ടെന്നുമാണ് യു എസ് അധികൃതർ വ്യക്തമാക്കുന്നത്.
Summary
The United States has officially denied claims made by Iranian sources regarding an agreement to unfreeze $6 billion in assets held in foreign banks. This development comes as delegations from both nations meet in Islamabad to discuss a potential ceasefire. While Iran suggested the funds were linked to maritime security in the Strait of Hormuz, US officials maintained that the assets remain restricted following their re-freezing in late 2023.




