Connect with us

National

ഭൂമി വാങ്ങിയതില്‍ രണ്ടു കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം; ആറുപേരെ വെടിവച്ചു കൊന്നു

കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് കൂട്ടക്കൊല നടന്നത്

Published

|

Last Updated

ബെംഗളൂരു | ഒരു കുടുംബം കണ്ടു വച്ച ഭൂമി മറ്റൊരു കുടുംബം വാങ്ങിയതിന്റെ പേരുലുണ്ടായ തര്‍ക്കത്തില്‍ ആറു പേര്‍ വെടിയേറ്റു മരിച്ചു. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തുതര്‍ക്കത്തിന് പിന്നാലെ കൂട്ടക്കൊല നടന്നത്.

കരിമ്പ് വെട്ടാന്‍ ഉപയോഗിക്കുന്ന വാളുകൊണ്ട് ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രേവണ സിദ്ധപ്പ നിരാളെ, കുടുംബാംഗങ്ങളായ ദുന്തപ്പ, ശിവപുത്ര, ചന്ദ്രശേഖര്‍, ഷബീര്‍ നദാഫ് എന്നിവരാണ് മരിച്ച അഞ്ചു പേര്‍. ആറാമത്തെ ആളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.

വിജയപുര ജില്ലയിലെ ഗോവിന്ദപുരത്ത് 25 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആറു പേരുടെ ജീവനെടുത്തത്. ഗോവിന്ദപുര ഗ്രാമത്തിലെ നിരാളെ എന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരില്‍ അഞ്ചു പേര്‍. ഒരാള്‍ പുറമേ നിന്നുള്ള ആളാണെന്ന് വ്യക്തമായിട്ടുണ്ട്. ഗ്രാമത്തില്‍ നിരാളെ കുടുംബം ഭൂമി വാങ്ങിയതിനെ എതിര്‍ത്ത് മറ്റൊരു പ്രബല കുടുംബമായ ഗോള്‍ഗി രംഗത്തുവന്നിരുന്നു. ഗോള്‍ഗി കുടുംബം നോക്കിവച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് നീരാളെ കുടുംബം കരസ്ഥമാക്കിയതാണ് ശത്രുതയ്ക്ക് കാരണം.

പലവട്ടം ഇരു കുടുംബങ്ങളും ഏറ്റുമുട്ടിയതോടെ പഞ്ചായത്ത് ഇടപെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇരു വിഭാഗവും എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി നിരാളെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായത്. ഗോള്‍ഗി കുടുംബത്തിലെ അംഗങ്ങള്‍ കരിമ്പ് വെട്ടാന്‍ ഉപയോഗിക്കുന്ന വാള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പിന്നാലെ ക്ലോസ് റേഞ്ചില്‍ വെടിയുമുതിര്‍ത്തു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ചഡ്ചണ െേപാലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്.

 

Latest