National
ഓട്ടോ ഡ്രൈവര്‍മാരുടെ വസ്ത്രം ധരിച്ചും അവരുടെ ഭക്ഷണം പങ്കിട്ടും തെരുവില്‍ ഇരുന്ന് രാഹുല്‍ ഗാന്ധി
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു തന്റെ വീടിന് സമീപത്തുവെച്ച് അപ്രതീക്ഷിതമായി രാഹുല്‍ ഓട്ടോ ഡ്രൈവര്‍മാരെ കാണാനെത്തിയത്
ന്യൂഡല്‍ഹി | ഓട്ടോ ഡ്രൈവര്‍മാരുടെ വസ്ത്രം ധരിച്ച് തെരുവില്‍ അവരുമായി സംസാരിക്കാനിരുന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു തന്റെ വീടിന് സമീപത്തുവെച്ച് അപ്രതീക്ഷിതമായി രാഹുല്‍ ഓട്ടോ ഡ്രൈവര്‍മാരെ കാണാനെത്തിയത്. ഡല്‍ഹി ബംഗാളി മാര്‍ക്കറ്റ് മേഖലയിലെ തോടര്‍മല്‍ പാര്‍ക്കില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി സംവദിച്ച അദ്ദേഹം അവരോടൊപ്പം നിലത്തിരുന്ന് ഉച്ചഭക്ഷണം പങ്കിട്ടു കഴിക്കുകയും ചെയ്തു.
ദൈനംദിന ജീവിതത്തില്‍ നേരിടുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ച് ഡ്രൈവര്‍മാര്‍ രാഹുലിനോട് സംസാരിച്ചു. പെട്രോള്‍, ഗ്യാസ് വില വര്‍ധന ഉള്‍പ്പെടെയുള്ള കടുത്ത വിലക്കയറ്റം തങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതായി അവര്‍ചൂണ്ടിക്കാട്ടി. ജീവിതം വളരെ പതുക്കെയാണ് മുന്നോട്ട് പോകുന്നതെന്ന് അവര്‍ പരഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ്, ദൈനംദിന ജീവിതം എന്നിവ ഓട്ടോ ഓടിച്ചുള്ള വരുമാനം കൊണ്ടു കൂട്ടിമുട്ടിക്കാനാവുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
റൊട്ടി, പരിപ്പ്, ബിഹാര്‍ ശൈലിയിലുള്ള ആലു കി സബ്ജി എന്നിവയടങ്ങിയ ലളിതമായ ഭക്ഷണമാണ് രാഹുല്‍ അവര്‍ക്കൊപ്പം കഴിച്ചത്. ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായി നിലകൊള്ളുമെന്നും അവരുടെ പരാതികള്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍പില്‍ നേരിട്ട് ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയതായി ഡ്രൈവര്‍മാര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സന്ദര്‍ശന വേളയില്‍ പ്രദേശവാസികളുമായും കുട്ടികളുമായും സംവദിച്ച രാഹുല്‍, അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് മടങ്ങിയത്.







