International
യു എസ് നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായില്ല; ചര്‍ച്ച പരാജയമെന്നും ധാരണയിലെത്താതെ മടങ്ങുകയാണെന്നും ജെ ഡി വാന്‍സ്
'തങ്ങളുടെ ഭാഗത്തു നിന്ന് അന്തിമവും മികച്ചതുമായ ഒരു വാഗ്ദാനം മുന്നോട്ട് വച്ചെങ്കിലും അംഗീകരിക്കാന്‍ ഇറാന്‍ ഒരുക്കമായിരുന്നില്ല.'
ഇസ്‌ലാമാബാദ് | ഇറാനുമായുള്ള ചര്‍ച്ചകള്‍ ധാരണയിലെത്താതെ അവസാനിച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. തങ്ങളുടെ ഭാഗത്തു നിന്ന് അന്തിമവും മികച്ചതുമായ ഒരു വാഗ്ദാനം മുന്നോട്ട് വച്ചെങ്കിലും അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായില്ലെന്നും ഇതോടെ താന്‍ ഇസ്‌ലാമാബാദ് വിടുകയാണെന്നും വാന്‍സ് ചര്‍ച്ചക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വാന്‍സ് അറിയിച്ചു.
‘രാവും പകലുമായി ഇറാനുമായി 21 മണിക്കൂറോളം സമയം നടത്തിയ ചര്‍ച്ച വഴിത്തിരിവൊന്നും ഉണ്ടാക്കാനാവാതെ പരാജയത്തില്‍ കലാശിച്ചു. ഞങ്ങള്‍ മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങളൊന്നും അംഗീകരിക്കേണ്ടെന്ന തീരുമാനമാണ് അവര്‍ കൈക്കൊണ്ടിരിക്കുന്നത്. ധാരണയുണ്ടാക്കാന്‍ ശ്രമിക്കുമെന്നും പ്രതീക്ഷയോടെയാണ് വന്നിരിക്കുന്നതെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, പുരോഗതിയൊന്നും ഉണ്ടാക്കാനായില്ല.’- വാന്‍സ് പ്രതികരിച്ചു. ആണവായുധത്തിനു വേണ്ടി ശ്രമിക്കുകയോ ഭാവിയില്‍ അങ്ങനെയൊന്ന് വികസിപ്പിക്കുകയോ ചെയ്യില്ലെന്ന ഉറപ്പാണ് ഇറാനില്‍ നിന്ന് തേടിയത്. അവര്‍ക്ക് നേരത്തെയുണ്ടായിരുന്ന ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍, കൂടുതല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്നതില്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്താന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും വാന്‍സ് വ്യക്തമാക്കി.
ധാരണയുണ്ടായാലും ഇല്ലെങ്കിലും ഇറാനെ പൂര്‍ണമായി പരാജയപ്പെടുത്തിയെന്നും യുദ്ധത്തില്‍ അമേരിക്ക വിജയിച്ചുവെന്നും പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെയാണ് വാന്‍സിന്റെ പ്രസ്താവന. ഇറാന്റെ സൈനികശേഷിക്ക് സര്‍വതോന്മുഖമായ നാശമുണ്ടാക്കിയതായും ആ രാജ്യത്തിന്റെ നാവിക, വ്യോമ സേനകളെ തോല്‍പ്പിച്ചതായും ട്രംപ് പറഞ്ഞിരുന്നു. ‘ഇറാന്റെ വ്യോമവേധ മിസൈലുകളെയും റഡാറുകളെയും തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അവരുടെ നേതാക്കളെല്ലാം കൊല്ലപ്പെട്ടു കഴിഞ്ഞു.’- ട്രംപ് കൂട്ടിച്ചേര്‍ത്തു.

