Connect with us

articles

ഇത് ജനാധിപത്യമോ പണാധിപത്യമോ?

തിരഞ്ഞെടുപ്പ് വിശ്വസനീയവും സുതാര്യവും അഴിമതിരഹിതവുമായിരിക്കുക എന്നതില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ പിന്നെ ജനാധിപത്യത്തിന് അര്‍ഥമുണ്ടാകില്ല. ഓരോ അഞ്ച് വര്‍ഷവും തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള പൗരന്റെ അധികാരമാണല്ലോ തിരഞ്ഞെടുപ്പുകള്‍. സ്വതന്ത്രമായി ചിന്തിച്ച് സമ്മതിദാനം നിര്‍വഹിക്കാന്‍ ഓരോ പൗരനും കഴിയണം. അതില്‍ ഏതെങ്കിലും വിധത്തിലുള്ള നിയമവിരുദ്ധമായ സ്വാധീനം ഉണ്ടാകുന്നത് വഴി ജനങ്ങളുടെ യഥാര്‍ഥ താത്പര്യങ്ങള്‍ അവഗണിക്കപ്പെടുന്നു.

Published

|

Last Updated

ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയാണ് നിയമവാഴ്ചയും അതനുസരിച്ചുള്ള ജനപ്രതിനിധികളുടെ തിരഞ്ഞെടുപ്പും. തിരഞ്ഞെടുപ്പ് വിശ്വസനീയവും സുതാര്യവും അഴിമതിരഹിതവുമായിരിക്കുക എന്നതില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ പിന്നെ ജനാധിപത്യ വ്യവസ്ഥക്ക് അര്‍ഥമുണ്ടാകില്ല. ഓരോ അഞ്ച് വര്‍ഷവും തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള പൗരന്റെ അധികാരമാണല്ലോ തിരഞ്ഞെടുപ്പുകള്‍. സ്വതന്ത്രമായി ചിന്തിച്ച് സമ്മതിദാനം നിര്‍വഹിക്കാന്‍ ഓരോ പൗരനും കഴിയണം. അതില്‍ ഏതെങ്കിലും വിധത്തിലുള്ള നിയമവിരുദ്ധമായ സ്വാധീനം ഉണ്ടാകുന്നത് വഴി ജനങ്ങളുടെ യഥാര്‍ഥ താത്പര്യങ്ങള്‍ അവഗണിക്കപ്പെടുന്നു.

ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അതിന് വ്യക്തമായ ഭരണഘടനയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ജനപ്രാതിനിധ്യ നിയമം ഉണ്ട്. ജനാധിപത്യം രൂപപ്പെട്ടു വന്ന 1951ല്‍ രൂപപ്പെടുത്തിയ ആ നിയമങ്ങളെ കാലാകാലങ്ങളില്‍ അനുഭവങ്ങള്‍ വെച്ചുകൊണ്ട് ജനപ്രതിനിധി സഭകളും കോടതികളും ഭേദഗതി വരുത്തിയിട്ടുമുണ്ട്. അതില്‍ ഒരു തെറ്റുമില്ല. ആദ്യകാലത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ നമുക്ക് ചിന്തിക്കാന്‍ കഴിയാത്ത വിധത്തില്‍ സമൂഹവും രാഷ്ട്രീയ കക്ഷികളും ജനങ്ങളും മാറിയിട്ടുണ്ടല്ലോ. പ്രസ്തുത നിയമത്തിന്റെ നാലാം ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉണ്ടാകാവുന്ന അഴിമതി പ്രവര്‍ത്തന രീതികളെയും അവയുമായി ബന്ധപ്പെട്ട കുറ്റങ്ങളെയും കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്താണ് തിരഞ്ഞെടുപ്പിലെ അഴിമതികള്‍ എന്നാണ് ഒന്നാം ഉപവകുപ്പ് പറയുന്നത്. ആദ്യത്തേത് കൈക്കൂലി എന്താണ് എന്ന് പറയുന്നു.

ഒന്ന്, ഒരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനോ ആകാതിരിക്കാനോ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനോ പിന്‍വലിക്കാതിരിക്കാനോ, രണ്ട്, ഒരു വോട്ടര്‍ വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ, ഒരു സ്ഥാനാര്‍ഥിയോ അയാളുടെ ഏജന്റോ അല്ലെങ്കില്‍ അവരുടെ അറിവോടെയും സമ്മതത്തോടെയും മറ്റൊരാളോ വോട്ടര്‍ക്ക്/ സ്ഥാനാര്‍ഥിക്ക് നല്‍കുന്ന ഏതെങ്കിലും വിധത്തിലുള്ള വാഗ്ദാനമോ അല്ലെങ്കില്‍ പ്രതിഫലമോ നല്‍കിയാല്‍ അത് കൈക്കൂലി ആയി പരിഗണിക്കപ്പെടുന്നു. ഈ വകുപ്പിന്റെ വിശദീകരണക്കുറിപ്പില്‍ പ്രതിഫലം എന്നത് വിശദീകരിക്കുന്നുണ്ട്. പ്രതിഫലം എന്നത് പണമോ പണം കൊണ്ട് വാങ്ങാവുന്ന ഒന്നോ ആയിക്കൊള്ളണം എന്നില്ല. വിനോദങ്ങളോ സൗകര്യങ്ങളോ തൊഴിലോ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കണക്കില്‍ ചെലവ് കാണിച്ചിട്ടുള്ള യഥാര്‍ഥ ചെലവുകളായി പണം നല്‍കുന്നതിനെ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല.

ഒരാളുടെ സമ്മതിദാനത്തിനുള്ള അവകാശത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള ഭീഷണിയോ അതിനുള്ള ശ്രമങ്ങളോ ഏതെങ്കിലും ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഭീഷണി ഉയര്‍ത്തുന്നതോ സമൂഹത്തില്‍ നിന്ന് ബഹിഷ്‌കൃതമാകുമെന്ന ഭീഷണിയോ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകുന്നു. ജാതി, മതം, വംശം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണം എന്നോ ചെയ്യരുതെന്നോ പറയുന്നതും ചട്ടലംഘനമാണ്. മതചിഹ്നങ്ങളോ ദേശീയ പതാകയോ ദേശീയ ചിഹ്നങ്ങളോ ഒക്കെ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതും ചട്ടവിരുദ്ധമാകുന്നു. ഇത്തരത്തില്‍ വിശദമായ നിബന്ധനകള്‍ നിയമത്തിലുണ്ട്.

നമ്മള്‍ സാധാരണ പറയാറുള്ളത് പോലെ പുസ്തകത്തിലെ പശു പുല്ല് തിന്നില്ലല്ലോ. ഈ നിയമങ്ങള്‍ എത്രമാത്രം ഫലപ്രദമായി ഇവിടെ നടപ്പാക്കപ്പെടുന്നു എന്നതാണ് പ്രശ്നം. ഈ നിയമങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനം ഉണ്ടായത്. എന്നാല്‍ മിക്കപ്പോഴും ഈ സ്ഥാപനങ്ങള്‍ രാജ്യം ഭരിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവയാണ് എന്നതാണ് അനുഭവം. ഒരിക്കല്‍ ടി എന്‍ ശേഷന്‍ എന്ന മലയാളി അതിന്റെ തലപ്പത്ത് വന്നപ്പോഴാണ് അവരുടെ അധികാരത്തിന്റെ വൈപുല്യം നമ്മള്‍ അറിഞ്ഞത്. രാഷ്ട്രീയ കക്ഷികള്‍ക്ക് മൂക്കുകയറിട്ടുകൊണ്ടും നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ എടുത്തുകൊണ്ടും ചില മാതൃകകള്‍ അദ്ദേഹം സൃഷ്ടിച്ചു. പിന്നീട് ആ പദവിയില്‍ വന്നവര്‍ക്ക് അത് തുടരേണ്ടിയും വന്നു. എന്നാല്‍ അടുത്ത കാലത്തായി ഇതില്‍ കാര്യമായ മാറ്റങ്ങള്‍ കാണുന്നു. ഇപ്പോള്‍ ആ കമ്മീഷന്‍ ഭരണകക്ഷിയുടെ താളത്തിനൊത്ത് തുള്ളുന്ന പാവയായി മാറിയിരിക്കുന്നു എന്ന പരാതി വ്യാപകമായുണ്ട്. വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തിലായാലും പട്ടികയുടെ കാര്യത്തിലായാലും വലിയ തോതിലുള്ള ക്രമക്കേടുകള്‍ കാണുന്നുണ്ട്. എന്നാല്‍ അവരെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന നിയമ ഭേദഗതി കൊണ്ട് വന്നതിലൂടെ അവരുടെ അധികാരങ്ങള്‍ വലിയ തോതില്‍ ഉയര്‍ന്നു. ഇപ്പോഴത്തെ പ്രധാന കമ്മീഷനെ വിചാരണ ചെയ്യാനുള്ള ശ്രമങ്ങള്‍ വരെ പ്രതിപക്ഷത്ത് നിന്നുമുണ്ടായി.

നമുക്ക് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ചില വിഷയങ്ങളിലേക്ക് വരാം. പലയിടത്തും നിയമങ്ങള്‍ അനുശാസിക്കുന്ന ചട്ടങ്ങളുടെ ലംഘനങ്ങള്‍ ഉണ്ടാകുന്നു എന്ന പരാതികള്‍ ഉയര്‍ന്നുവന്നു. തൃശൂര്‍ ജില്ലയിലെ ഒളരി തുടങ്ങിയ സ്ഥലങ്ങളില്‍ കിറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നവരെ പലരും കൈയോടെ പിടികൂടി. മണലൂര്‍ മണ്ഡലത്തിലെ ഒരു ഗോഡൗണില്‍ ഇത്തരത്തില്‍ നിരവധി കിറ്റുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അത് ബി ജെ പി സ്ഥാനാര്‍ഥിക്കു വേണ്ടിയാണെന്നുമുള്ള ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നു. ഉദ്യോഗസ്ഥര്‍ അവിടെ എത്തി. പ്രമുഖരായ ചില നേതാക്കളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നത് പ്രശ്നത്തെ കൂടുതല്‍ ഗൗരവതരമാക്കി. അത് സംബന്ധിച്ചുള്ള നിയമ നടപടികള്‍ എന്താകും എന്നറിയില്ല. മറ്റൊരിടത്ത് സാരികള്‍ കൊടുക്കുന്നു എന്നാണ് ഉയര്‍ന്നുവന്ന ആരോപണം. പാലക്കാട് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിക്കു വേണ്ടി ഒരു പ്രവര്‍ത്തക ഒരു വോട്ടര്‍ക്ക് പണം കൈയില്‍ കൊടുക്കുന്ന വീഡിയോ ആരോ എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും കേസായി മാറുകയും ചെയ്തു.

ഈ വിധ ഇടപെടലുകള്‍ ആദ്യമായല്ല ഉണ്ടാകുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും മദ്യവും മറ്റു പല സാമഗ്രികളും നല്‍കുന്ന രീതി ഏറെ കാലമായി നിലവിലുണ്ട്. പണ്ട് കേട്ടിരുന്ന ഒരു തമാശക്കഥയുണ്ട്. ഒരു തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേന്ന് സ്ഥാനാര്‍ഥിയായിരുന്ന ഒരു സമ്പന്നന്‍ തന്റെ വീട്ടില്‍ വിഭവസമൃദ്ധമായ സദ്യ ഒരുക്കി. നാട്ടിലെ മുഴുവന്‍ വോട്ടര്‍മാരെയും ക്ഷണിച്ചു. ഒരുപാട് പേര്‍ വന്ന് സുഭിക്ഷമായി ഭക്ഷണവും കഴിച്ചു. അവര്‍ പോയ ശേഷം ഉണ്ടവരുടെ ഇലകള്‍ എണ്ണി നോക്കിയപ്പോള്‍ വോട്ടര്‍മാരില്‍ നല്ലൊരു ഭൂരിപക്ഷവും ഊണ് കഴിച്ചതായി കണ്ട് സ്ഥാനാര്‍ഥിക്ക് സംതൃപ്തിയുമായി. പക്ഷേ വോട്ടെണ്ണിയപ്പോള്‍ അയാള്‍ തോറ്റു. ഭക്ഷണം കഴിച്ചവരില്‍ നല്ലൊരു പങ്കും എതിര്‍സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തത് എന്ന് മനസ്സിലായി. ഒരു പക്ഷേ കേരളമായതു കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്. മറ്റു പല സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ രീതി വ്യാപകമായുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ സാരിയും ടി വിയും സൈക്കിളും ബൈക്കും വരെ ഈ രീതിയില്‍ നല്‍കിയിരുന്നതും നമുക്കറിയാം. ഇന്നിപ്പോള്‍ കേരളത്തിലും ഇത്തരം പ്രലോഭനങ്ങള്‍ ഫലപ്രദമാകുന്നു എന്ന് കാണുന്നു.

പക്ഷേ ഇതില്‍ ഉയരുന്ന മറ്റൊരു പ്രധാന ചോദ്യമുണ്ട്. അല്‍പ്പം പണമോ മറ്റു സ്വാധീനങ്ങളോ ഉണ്ടായാല്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ മാറ്റാന്‍ ഒരു പൗരന്‍ തയ്യാറാകുന്നതെന്തുകൊണ്ട്? അവിടെയാണ് നമ്മുടെ കക്ഷികള്‍ ആത്മപരിശോധന നടത്തേണ്ടത്. ജനങ്ങളില്‍ അടിയുറച്ച രാഷ്ട്രീയ ബോധം വളര്‍ത്തുന്നതില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടു പോകുന്നു. അല്ലെങ്കില്‍ ഈ പാര്‍ട്ടികള്‍ പറയുന്ന രാഷ്ട്രീയത്തില്‍ നേതാക്കള്‍ തന്നെ വിശ്വസിക്കുന്നില്ല എന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കുന്നു എന്നുമാകാം. ഈ നേതാക്കള്‍ തന്നെ സീറ്റും സ്ഥാനങ്ങളും കിട്ടാതെ വരുമ്പോള്‍ അന്നുവരെ എതിര്‍പക്ഷത്തായിരുന്ന പ്രസ്ഥാനത്തിലേക്ക് കാലുമാറുന്നത് അവരും കാണുന്നുണ്ടല്ലോ. ഇന്നലെ വരെ അവര്‍ പറഞ്ഞിരുന്ന രാഷ്ട്രീയ നിലപാടില്‍ ഒരു വിശ്വാസവും അവര്‍ക്കില്ലല്ലോ. പിന്നെന്തിന് ഒരു സാധാരണ മനുഷ്യന്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കണം? സമൂഹത്തിലാകെ മാറ്റം ഉണ്ടാക്കുന്നതിനെ പറ്റിയാണല്ലോ രാഷ്ട്രീയം സംസാരിക്കുന്നത്. അതെന്തായാലും തനിക്ക് നേട്ടമുണ്ടാകണം എന്ന് നേതാക്കള്‍ തീരുമാനിക്കുമ്പോള്‍ അണികള്‍ക്കും അത് ചെയ്യാമല്ലോ. തനിക്ക് വ്യക്തിപരമായി നേട്ടമുണ്ടാക്കുന്ന രീതിയില്‍ അവരും ചിന്തിക്കില്ലേ?

മുന്‍കാലങ്ങളില്‍ ഒരു വാര്‍ഡില്‍ അല്ലെങ്കില്‍ മണ്ഡലത്തില്‍ ആരൊക്കെ ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നും തങ്ങള്‍ക്ക് അവിടെ എത്ര വോട്ടുകള്‍ കിട്ടുമെന്നും പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ഒരു കക്ഷിക്കും ആ ധാരണയില്ലാതായത് ഈ അരാഷ്ട്രീയവത്കരണം കൊണ്ടാണ്. ഇത് ജനാധിപത്യത്തിന് ഒരു നിലക്കും നല്ലതല്ല. സമ്പന്നനായ ഒരു വ്യക്തിക്ക് പണം കൊടുത്ത് ഒരു പ്രദേശത്തെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ എന്ത് രാഷ്ട്രീയം? എന്ത് ജനാധിപത്യം? സമ്പത്തുണ്ടെങ്കില്‍ വ്യക്തികളെയോ ആവശ്യമെങ്കില്‍ ഒരു കക്ഷിയെ തന്നെ മൊത്തമായോ വാങ്ങാം എന്നത് കേരളത്തില്‍ നമ്മള്‍ കാണുന്നു. അവിടെ രാഷ്ട്രീയം അരാഷ്ട്രീയമാകുന്നു.

Latest