Education
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം
2,90,398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വാട്ട്‌സ്ആപ്പിലൂടെയും പരീക്ഷാ ഫലം അറിയാം.
തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2,90,398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 77.97 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.16 വിജയശതമാനം കൂടി. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 77.81 ശതമാനവും വി എച്ച് എസ് ഇയില്‍ 70.06 ശതമാനവുമായിരുന്നു വിജയം. 30,561 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 60 വിദ്യാര്‍ഥികള്‍ 1,200 മാര്‍ക്കും നേടിയാണ് വിജയിച്ചത്. മുഴുവന്‍ മാര്‍ക്ക് ലഭിച്ചതില്‍ 50 പേര്‍ പെണ്‍കുട്ടികളും 10 പേര്‍ ആണ്‍കുട്ടികളുമാണ്. 80 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ജൂണ്‍ 29 മുതല്‍ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും.
1990 സ്‌കൂളുകളില്‍ നിന്ന് റെഗുലര്‍ വിഭാഗത്തില്‍ 3,72,423 പേരാണ് പരീക്ഷ എഴുതിയത്. സയന്‍സ് വിഭാഗത്തില്‍ 84.55 ശതമാനം, ഹ്യൂമാനിറ്റിസ് വിഭാഗത്തില്‍ 66.38 ശതമാനം, കൊമേഴ്‌സ് വിഭാഗത്തില്‍ 74.47 ശതമാനം ന്നിങ്ങനെയാണ് വിജയം. സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 72.66 ശതമാനം പേര്‍ വിജയിച്ചു. വിജയ ശതമാനം കൂടുതല്‍ ഇടുക്കിയിലും (89.64 ശതമാനം) കുറവ് കാസര്‍കോട് ജില്ലയിലുമാണ് (71.72).
ആകെ 4,52,437 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മാര്‍ച്ച് 6 മുതല്‍ 26 വരെയാണ് പരീക്ഷകള്‍ നടന്നത്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നിവിടങ്ങളിലെ 2005 സ്‌കൂളുകളിലായാണ് പരീക്ഷ നടത്തിയത്.
389 സ്‌കൂളുകളിലായി 25259 വിദ്യാര്‍ഥികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. 18,311 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. 72.49 ആണ് വിജയ ശതമാനം. ഇത് കഴിഞ്ഞ വര്‍ഷം 70.06 ആയിരുന്നു. സയന്‍സ് വിഭാഗത്തില്‍ 71 ശതമാനം, ഹ്യൂമാനിറ്റിസ് വിഭാഗത്തില്‍ 71.5 ശതമാനം, കൊമേഴ്‌സ് വിഭാഗത്തില്‍ 78.59 ശതമാനം എന്നിങ്ങനെയാണ് വിജയം.
പ്രൈവറ്റായി പരീക്ഷയെഴുതിയ 2,900 വിദ്യാര്‍ഥികളില്‍ 1,555 വിദ്യാര്‍ഥികള്‍ വിജയിച്ചു. 53.62 ശതമാനം വിജയം.
ഫലമറിയാന്‍: www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in.
മൊബൈല്‍ ആപ്പ്: PRD Live, SAPHALAM 2025, iExaMS – Kerala







