Kerala
സംസ്ഥാനത്തെ പൂര്‍ണമായി അഴിമതി മുക്തമാക്കും; 'പ്രൊജക്ട് സീറോ കര്‍മപദ്ധതി'യുമായി ആഭ്യന്തര വകുപ്പ്
അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ല. വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിരുവനന്തപുരം | സംസ്ഥാനത്തെ പൂര്‍ണമായി അഴിമതി മുക്തമാക്കുക ലക്ഷ്യമിട്ട് ‘പ്രൊജക്ട് സീറോ കര്‍മപദ്ധതി’യുമായി ആഭ്യന്തര വകുപ്പ്. ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് ഇനി മുതല്‍ നേരിട്ടറിയിക്കാം. അങ്ങനെ അറിയിക്കുന്ന ഒരാളുടെയും വിവരങ്ങള്‍ പുറത്തുപോകില്ല. അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ലെന്നും അവരെ വിജിലന്‍സ് നിരീക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പരിപൂര്‍ണമായും ജനങ്ങള്‍ക്ക് സേവനങ്ങള്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യം. സാധാരണക്കാരന് പണം കൊടുക്കാതെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവണം. പണം കൊടുത്ത് കാര്യം നടത്തുന്നത് ഒഴിവാക്കണം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് ആനുകൂല്യങ്ങളല്ല, അവകാശമാണെന്നും ജനങ്ങളുടെ സഹായമുണ്ടെങ്കില്‍ പദ്ധതി വിപ്ലവമാകുമെന്നും ആഭ്യന്ത്ര മന്ത്രി വ്യക്തമാക്കി. അഴിമതി നടക്കുന്നത് കൂടുതല്‍ ഡിജിറ്റല്‍ മാര്‍ഗം വഴിയാണെന്നതിനാല്‍ ആ മേഖലയിലെ അഴിമതിയെയും ഫലപ്രദമായി നേരിടാനുളള പദ്ധതിയാണിതെന്നും ചെന്നിത്തല അറിയിച്ചു.
വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. വിജിലന്‍സ് മിന്നല്‍ പരിശോധനകള്‍ തുടരും. സര്‍ക്കാര്‍ ഓഫീസുകളിലെ ഏജന്റുമാരെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് മാന്വല്‍ പരിഷ്‌കരിക്കും
വിജിലന്‍സ് മാന്വല്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി അറിയിച്ചു. ഇതിനുള്ള കരട് തയ്യാറാക്കിയിട്ടുണ്ട്. വിജിലന്‍സ് മേധാവി തയ്യാറാക്കിയ കരട് പരിശോധിച്ച ശേഷം മാന്വല്‍ പരിഷ്‌കരണത്തിന് അന്തിമ രൂപം നല്‍കും. ഉദ്യോഗസ്ഥരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി കാര്യങ്ങള്‍ ദുഷ്‌കരമാക്കിയിട്ടുണ്ടെന്നതിനാല്‍ അതില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും മന്ത്രി വ്യക്തമാക്കി.
അഴിമതിക്കേസുകള്‍ വേഗത്തില്‍ തീര്‍ക്കണം. കേസുകള്‍ നീണ്ടുപോകുന്നത് ഉദ്യോഗസ്ഥരുടെ കുറ്റമല്ല. കാലതാമസം കുറയ്ക്കാനാണ് തീരുമാനം. അഴിമതിക്കാരുടെ ചെവിക്ക് പിടിക്കാന്‍ കഴിയണം. അതിന് തക്ക രീതിയിലുളള മാറ്റങ്ങള്‍ കൊണ്ടുവരും. മാധ്യമങ്ങളും വിജിലന്‍സിനെ സഹായിക്കണം. എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്കാരല്ല. നല്ലൊരു ശതമാനവും നല്ല ഉദ്യോഗസ്ഥരാണ്. അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കില്ല. കഴിഞ്ഞ കാലത്തെ പോലെയായിരിക്കില്ല ഇനി കാര്യങ്ങള്‍. പണം നല്‍കാതാകുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന രീതി അവസാനിപ്പിക്കും. മറ്റ് വകുപ്പുകളിലെ ആഭ്യന്തര വിജിലന്‍സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും’- രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.







