articles
അങ്ങനെയാണ് വെടിനിര്‍ത്തലുണ്ടായത്
ഇറാന്‍ സൃഷ്ടിച്ച സാമ്പത്തിക പ്രഹരമാണ് ചര്‍ച്ചയുടെ അന്തരീക്ഷമൊരുക്കാന്‍ ട്രംപിനെ നിര്‍ബന്ധിതനാക്കിയ സുപ്രധാന ഘടകം. ഹോര്‍മുസ് കടലിടുക്ക് വെച്ചായിരുന്നു കളികള്‍. ഓഹരി വിപണിയിലും പണക്കമ്പോളത്തിലും യുദ്ധത്തിന്റെ കെടുതി ഭീകരമായിരുന്നു.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിറകേ ഇറാന്‍ തലസ്ഥാനത്ത് അരങ്ങേറിയ ആഹ്ലാദ പ്രകടനങ്ങളുടെ ചിത്രങ്ങള്‍ നോക്കി ചിലര്‍ ചോദിക്കുന്നുണ്ട്, എന്താണിത്ര ആഘോഷിക്കാനുള്ളത്? ഇറാന്‍ ജനത ആശ്വസിക്കുകയാണെന്നും വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടി വരുമെന്ന ഭീതിയിലായിരുന്നു അവരെന്നുമാണ് ചിലര്‍ വാദിക്കുന്നത്. സത്യത്തില്‍ ഇറാന്‍ ഭരണകൂടവും ജനതയും നടത്തിയ, ഭാഗ്യപരീക്ഷണമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന, സുസ്ഥിര നിലപാടിന്റെ വിജയമാണിത്. ഇടറിപ്പോകാനുള്ള സാധ്യതകളെയും അനിശ്ചിതത്വങ്ങളെയും സമ്മര്‍ദങ്ങളെയും അതിജീവിച്ചാണ് അവര്‍ ഇവിടെയെത്തിയത്.
അറബ് രാജ്യങ്ങളെ ആക്രമിച്ചുകൊണ്ടേയിരിക്കുന്ന ഇറാനെതിരെ വലിയൊരു വികാരം ആ രാജ്യങ്ങളിലും എണ്ണ പ്രതിസന്ധിയുടെ കെടുതി അനുഭവിക്കുന്നവരിലും രൂപപ്പെടുന്നുണ്ടായിരുന്നു. ഇറാന്റെ ഏറ്റവും വലിയ നേതൃനഷ്ടത്തിലും അവരുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിലും മേഖലയിലാകെ അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്‌റാഈലിന്റെ കുടില തന്ത്രങ്ങളിലും ഇറാന്റെ കൂടെ അടിയുറച്ച് നില്‍ക്കുന്നവര്‍ പോലും ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി വിയോജിപ്പ് പങ്കുവെക്കുന്നവരായി മാറുന്നുണ്ടായിരുന്നു. ഹോര്‍മുസില്‍ “സുഹൃത്തുക്കള്‍ക്ക്’ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാണ് ഇറാന്‍ ഈ വിയോജിപ്പുകളെ മറികടക്കാന്‍ ശ്രമിച്ചത്. എന്നിട്ടും വലിയ സമ്മര്‍ദത്തിന് നടുവിലായിരുന്നു ഇറാന്‍. ഹൂതികളെപ്പോലും അവസാന നിമിഷം വരെ കളത്തിലിറക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തരമൊരു സങ്കീര്‍ണാവസ്ഥയെ ഒട്ടും ഉലയാതെ മറികടന്നതുകൊണ്ട് മാത്രമാണ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തലുണ്ടായത്. അത് അമേരിക്കയുടെ ഭീഷണികള്‍ നിഷ്ഫലമായതിന് തെളിവാണ്. ഇറാന് കൂടുതല്‍ വിലപേശല്‍ ശക്തി നല്‍കുന്നതുമാണ്.
ചര്‍ച്ചകളുടെ ചട്ടക്കൂടെന്ന നിലയില്‍ ഇറാന്‍ മുന്നോട്ടുവെച്ച പത്തിന നിര്‍ദേശങ്ങളിലും നേരത്തേ ട്രംപിന്റെ അന്ത്യശാസനയോട് പ്രതികരിച്ച് മുന്നോട്ടുവെച്ച അഞ്ചിന ഫോര്‍മുലയിലും ഇറാന്റെ വിലപേശല്‍ ശേഷി കാണാവുന്നതാണ്. ഇതാണ് ആ അഞ്ചിന നിര്‍ദേശങ്ങള്‍: “ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനില്‍ നിക്ഷിപ്തമാക്കണം, എല്ലാ മുന്നണികളിലും ആക്രമണം നിര്‍ത്തണം, തങ്ങളെ ഭാവിയില്‍ ആക്രമിക്കില്ലെന്ന് ദീര്‍ഘകാല ഉറപ്പ് ലഭിക്കണം, സഖ്യ കക്ഷികളെ (ഹിസ്ബുല്ല, ഹൂതികള്‍) ആക്രമിക്കരുത്, ഇപ്പോള്‍ നടത്തിയ കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും നഷ്ടപരിഹാരം വേണം. ജയിച്ചു നില്‍ക്കുന്നുവെന്ന് ആത്മവിശ്വാസം കൊള്ളുന്ന കക്ഷിക്ക് മാത്രമേ ഇത്തരമൊരു ഫോര്‍മുല വെക്കാനാകൂ.
ഇനി ഇപ്പോള്‍ വെച്ച പത്തിന നിര്‍ദേശങ്ങള്‍ നോക്കാം: അമേരിക്ക എല്ലാ ആക്രമണവും സമ്പൂര്‍ണമായി നിര്‍ത്തണം, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനിയന്‍ സായുധ സേനയുമായി ഏകോപിപ്പിച്ച് നടപ്പാക്കണം, ഇറാന്റെ ആണവ സമ്പുഷ്ടീകരണ പരിപാടികളെ അംഗീകരിക്കുക, ഇറാനെതിരായ എല്ലാ പ്രാഥമിക, ദ്വിതീയ ഉപരോധങ്ങളും പ്രമേയങ്ങളും പിന്‍വലിക്കുക, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരായ എല്ലാ പ്രമേയങ്ങളും പിന്‍വലിക്കുക, യു എൻ രക്ഷാസമിതിയിൽ ഇറാനെതിരായ എല്ലാ പ്രമേയങ്ങളും അവസാനിപ്പിക്കുക, മേഖലയിലെ താവളങ്ങളില്‍ നിന്നെല്ലാം യു എസ് സേനയെ പിന്‍വലിക്കുക, യുദ്ധസമയത്ത് ഇറാന്‍ അനുഭവിച്ച നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം ഉറപ്പാക്കുക, ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താന്‍ അനുവദിക്കുക, വിദേശത്ത് മരവിപ്പിച്ച എല്ലാ ഇറാനിയന്‍ ആസ്തികളും സ്വത്തുക്കളും തിരിച്ചു നല്‍കുക, ഈ കാര്യങ്ങളിലെല്ലാം യു എന്‍ രക്ഷാസമിതി പ്രമേയം കൊണ്ടുവരിക. ഇങ്ങനെ പോകുന്നു ആ നിര്‍ദേശങ്ങള്‍. യുദ്ധം നിര്‍ത്തേണ്ടത് ഞങ്ങളുടെ ആവശ്യമല്ല, നിങ്ങളുടേതാണ് എന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ കൂടി ചര്‍ച്ചക്കെടുത്താകും നാളെ ഇസ്‌ലാമാബാദില്‍ നടക്കുന്ന ഉച്ചകോടിയെന്ന് യു എസിന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു. ചര്‍ച്ചാ മേശയില്‍ ഈ നിര്‍ദേശങ്ങളില്‍ പലതും കീറാമുട്ടിയാകാം. പക്ഷേ, ഇറാനെ കേള്‍ക്കാന്‍ തയ്യാറാകുന്നുവെന്നത് ചെറിയ കാര്യമല്ല. ഒമാന്റെ മാധ്യസ്ഥ്യത്തില്‍ നടന്നുവന്ന ചര്‍ച്ച വിജയത്തിലേക്കടുക്കവേയായിരുന്നല്ലോ നെതന്യാഹുവിന്റെ വാക്കും കേട്ട് ട്രംപ് ആക്രമണത്തിലേക്ക് എടുത്തുചാടിയത്.
ഇറാനെ ഒറ്റക്ക് വിടാന്‍ ഒരുക്കമല്ലെന്ന് ചൈനയും റഷ്യയും തീരുമാനിച്ചുവെന്നതാണ് തെഹ്‌റാന്റെ ആത്മവിശ്വാസത്തിന് അടിസ്ഥാനം. ശിയാ രാഷ്ട്രത്തിന്റെ ആയുധപ്പുര മൊസ്സാദും സി ഐ എയും കണക്കുകൂട്ടിയതിനേക്കാള്‍ സമ്പന്നമാണെന്ന വസ്തുത ഇന്ന് ലോകത്തിന് മുന്നിലുണ്ട്. യു എസിന്റെ സൈനിക രഹസ്യങ്ങള്‍ നിരന്തരം ചോരുന്നതും കണ്ടു. ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന കമ്പനികളെ വിലക്കേണ്ടിവന്നു യു എസിന്. ഇറാന് അദൃശ്യ സഹായങ്ങള്‍ ലഭിക്കുന്നുവെന്ന തിരിച്ചറിവാണ് ട്രംപിനെ താത്കാലിക യുദ്ധവിരാമത്തിലേക്ക് നയിച്ചത്. യു എന്‍ രക്ഷാ സമിതിയില്‍ കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ കൊണ്ടുവന്ന പ്രമേയം വീറ്റോ ചെയ്തത് റഷ്യയും ചൈനയുമാണ്. ഹോര്‍മുസില്‍ ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആവശ്യപ്പെടുന്നതായിരുന്നു ആ പ്രമേയം.
ഇറാന്‍ സൃഷ്ടിച്ച സാമ്പത്തിക പ്രഹരമാണ് ചര്‍ച്ചയുടെ അന്തരീക്ഷമൊരുക്കാന്‍ ട്രംപിനെ നിര്‍ബന്ധിതനാക്കിയ സുപ്രധാന ഘടകം. ഹോര്‍മുസ് കടലിടുക്ക് വെച്ചായിരുന്നു കളികള്‍. ഇതിനിടയില്‍ ചൈനയും റഷ്യയും നേട്ടമുണ്ടാക്കുന്നത് കണ്ടുനില്‍ക്കാനേ ട്രംപിന് സാധിക്കുമായിരുന്നുള്ളൂ. ഓഹരി വിപണിയിലും പണക്കമ്പോളത്തിലും യുദ്ധത്തിന്റെ കെടുതി ഭീകരമായിരുന്നു. വമ്പന്‍ കമ്പനികള്‍ ട്രംപിന് മേല്‍ കടുത്ത ലോബിയിംഗ് നടത്തി. യു എസിലെ കൂറ്റന്‍ പ്രക്ഷോഭങ്ങള്‍ കൂടിയായപ്പോള്‍ ഒന്ന് ശ്വാസമെടുക്കാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ട്രംപിനും നെതന്യാഹുവിനും ഒരു അര്‍ധ വിരാമം അനിവാര്യമായി. ചില ഗുരുതര നഷ്ടങ്ങളുണ്ടായെങ്കിലും യു എസിന്റെ സന്നാഹങ്ങളെല്ലാം ആക്രമണ സജ്ജമായി നില്‍ക്കുകയാണ്. ലബനാന് നേരെയുള്ള ആക്രമണങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ ബാധകമല്ലെന്ന് ഇസ്‌റാഈല്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. താത്കാലിക വെടിനിര്‍ത്തല്‍ തികച്ചും താത്കാലികമാണെന്നര്‍ഥം. ഇരു പക്ഷവും എത്രമാത്രം വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധമാകുമെന്നതിനെ ആശ്രയിച്ചിരിക്കും സമാധാനത്തിന്റെ ആയുസ്സ്.



