International
ഹോർമുസ് കടലിടുക്കിൽ ഇറാൻ പിരിക്കുന്ന ടോളിൽ കൈയിട്ടുവാരാൻ മനക്കോട്ട കെട്ടി ട്രംപ്!
ഹോർമുസ് കടലിടുക്കിൽ വെറുതെ കാത്തുനിൽക്കുന്നതിലൂടെ വലിയ ലാഭമുണ്ടാക്കാൻ കഴിയുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്ന ട്രംപ്, ഇപ്പോൾ ഇറാൻ ഈടാക്കുന്ന ടോളിനെ മനോഹരമായ കാര്യം എന്നാണ് വിശേഷിപ്പിച്ചത്.
വാഷിങ്ടൺ | യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ടോൾ പിരിക്കുന്നതിനായി ഇറാനുമായി ഒരു സംയുക്ത സംരംഭത്തിന് (ജോയിന്റ് വെഞ്ച്വർ) താത്പര്യം പ്രകടിപ്പിച്ച് ട്രംപ്. അമേരിക്കയും ഇറാനും ചേർന്ന് ഇത് ഒരു സംയുക്ത സംരംഭമായി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇത് മറ്റ് പലരിൽ നിന്നും കടലിടുക്കിനെ സുരക്ഷിതമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം എ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ വെറുതെ കാത്തുനിൽക്കുന്നതിലൂടെ വലിയ ലാഭമുണ്ടാക്കാൻ കഴിയുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്ന ട്രംപ്, ഇപ്പോൾ ഇറാൻ ഈടാക്കുന്ന ടോളിനെ മനോഹരമായ കാര്യം എന്നാണ് വിശേഷിപ്പിച്ചത്.
യു എസും ഇസ്റാഈലും ഫെബ്രുവരി 28 മുതൽ ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ഈ ജലപാത ഇറാൻ അടച്ചത്. ഇതിന് മറുപടിയായി അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിക്കുകയും ചെയ്തിരുന്നു. പിന്നീട് സൗഹൃദ രാജ്യങ്ങൾക്കും ടോൾ നൽകുന്ന കപ്പലുകൾക്കും മാത്രമായി ഇറാൻ കടലിടുക്ക് തുറന്നുകൊടുത്തു. കപ്പലൊന്നിന് ഒന്നു മുതൽ രണ്ട് ദശലക്ഷം ഡോളർ വരെയാണ് ഇറാൻ ഈടാക്കുന്നത്. ഷിപ്പിംഗ് രംഗത്തുള്ളവർ ഇതിനെ ‘ടെഹ്‌റാൻ ടോൾ ബൂത്ത്’ എന്നാണ് വിളിക്കുന്നത്.
വിജയികൾക്ക് ടോൾ ഈടാക്കാൻ അവകാശമുണ്ടെന്നാണ് ട്രംപിന്റെ നിലപാട്. ഇറാൻ സൈനികമായി പരാജയപ്പെട്ടുവെന്നും ടോൾ പിരിക്കാൻ അവരെ അനുവദിക്കുന്നതിനേക്കാൾ നല്ലത് അമേരിക്ക കൂടി അതിൽ പങ്കാളികളാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തുന്നതിനെ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ നിയമവിരുദ്ധമെന്നും അപകടകരമെന്നും വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ബോസ് തന്നെ ഇറാനുമായി ചേർന്ന് ടോൾ പിരിക്കാൻ ഒരുങ്ങുന്നത് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. യു എസ് ഇറാൻ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും മേഖലയിലെ സംഘർഷങ്ങൾ പൂർണ്ണമായും അവസാനിച്ചിട്ടില്ല. ലെബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്റാഈൽ ആക്രമണം തുടരുകയാണ്. വെടിനിർത്തലിന് പിന്നാലെ യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Summary
Following a ceasefire between the US and Iran, President Donald Trump has proposed a joint venture with Tehran to manage the Strait of Hormuz and collect tolls from passing ships. Despite earlier criticisms from US officials regarding the legality of such tolls, Trump described the revenue potential as a “beautiful thing” for reconstruction and security. While the ceasefire is in effect, regional tensions remain high as attacks continue in neighboring Gulf countries and Lebanon.


