Connect with us

From the print

പ്ലസ് വണ്‍ പ്രവേശനം: സീറ്റ് കൂട്ടി; അധിക ബാച്ച് അനുവദിച്ചു

ഏഴ് ജില്ലകളില്‍ 30ഉം രണ്ട് ജില്ലകളില്‍ 20ഉം ശതമാനം വര്‍ധന.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒമ്പത് ജില്ലകളില്‍ സീറ്റ് കൂട്ടി. ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളില്‍ 20 ശതമാനം സീറ്റുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് 30 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചത്. ഈ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. കൊല്ലം, തൃശൂര്‍ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും 20 ശതമാനം സീറ്റാണ് വര്‍ധിപ്പിച്ചത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലും, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകള്‍ ഒഴികെയുള്ള മറ്റ് അഞ്ച് താലൂക്കുകളിലെ സ്‌കൂളുകളിലും 20 ശതമാനം വര്‍ധനവ് അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആവശ്യമുന്നയിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പത്ത് ശതമാനം കൂടി സീറ്റ് അധികം അനുവദിക്കാവുന്നതാണ്.

താത്കാലിക ബാച്ച് തുടരും
കഴിഞ്ഞ വര്‍ഷത്തെ അതേ രീതിയിലാണ് വര്‍ധന. കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ച താത്കാലിക ബാച്ചുകളില്‍ നിന്ന്, നിലനിര്‍ത്തേണ്ടതില്ലെന്ന് അറിയിച്ച ഒരെണ്ണം ഒഴികെ ബാക്കി 313 ബാച്ചുകള്‍ ഈ വര്‍ഷവും തുടരുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

പ്രവേശന നടപടി തുടങ്ങി
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശത്തിന് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രൊസ്സസ് (എച്ച് എസ് സി എ പി) വഴിയാണ് അപേക്ഷിക്കേണ്ടത്.

ജൂണ്‍ മൂന്ന് വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എസ് എസ് എല്‍ സി പരീക്ഷയോ മറ്റ് തുല്യതാ പരീക്ഷകളോ പാസ്സായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശത്തിന് അര്‍ഹതയുണ്ടായിരിക്കും.

 

 

 

 

Latest