Connect with us

From the print

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും

വി എം സുധീരനെയാണ് കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ഡോ. എം കെ മുനീറിനെ പരിഗണിക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം.

Published

|

Last Updated

തിരുവനന്തപുരം | കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും. മുതിര്‍ന്ന നേതാവും മുന്‍ കെ പി സി സി പ്രസിഡന്റുമായ വി എം സുധീരനെയാണ് കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ മുന്‍മന്ത്രി ഡോ. എം കെ മുനീറിനെ പരിഗണിക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. വിഷയത്തില്‍ യു ഡി എഫിനുള്ളില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ലെങ്കിലും ഇരുപാര്‍ട്ടികളിലും ഈ രണ്ട് നേതാക്കളുടെയും പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രാജിവെച്ചതിനുശേഷം കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സുധീരന്റെ രാഷ്ട്രീയ, ഭരണപരിചയം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പേര് കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടുന്നത്. കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ചൂടുപിടിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അഭിപ്രായം തേടിയ ചുരുക്കം സംസ്ഥാന നേതാക്കളില്‍ ഒരാളാണ് സുധീരന്‍. കുറച്ചുനാളുകളായി സുധീരന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

സുധീരനെപ്പോലുള്ള ഒരു നേതാവിനെ നിയമിക്കാനുള്ള സര്‍ക്കാറിന്റെ താത്പര്യം മുഖ്യമന്ത്രി വി ഡി സതീശന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. അതേസമയം ഡോ. എം കെ മുനീറിനെ കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് നേതൃത്വം ഗൗരവമായി പരിഗണിക്കുന്നുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുനീര്‍ മത്സരിച്ചിരുന്നില്ല. അതിനാല്‍ മുതിര്‍ന്ന നേതാവിന് അര്‍ഹമായ നിയമനം നല്‍കണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.

 

---- facebook comment plugin here -----

Latest