Connect with us

Kerala

ഉയര്‍ന്ന ചൂട്; വോട്ടര്‍മാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

നിര്‍ജ്ജലീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വോട്ട് ചെയ്യാല്‍ പോകുന്നവരും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്.
നിര്‍ജ്ജലീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. ദാഹം തോന്നിയില്ലെങ്കിലും കഠിനമായ ചൂടില്‍ ശരീരം തളരാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. തിളപ്പിച്ചാറ്റിയ വെള്ളമോ ശുദ്ധമായ ജലത്തില്‍ തയ്യാറാക്കിയ പാനീയങ്ങളോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം എന്നിവ കുടിക്കുന്നത് ശരീരത്തിലെ ലവണാംശം നിലനിര്‍ത്താനും നിര്‍ജ്ജലീകരണം തടയാനും സഹായിക്കും. മദ്യം, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ കുടയോ തൊപ്പിയോ കരുതണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് തണുപ്പ് നല്‍കും. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ വെയിലത്ത് നില്‍ക്കുന്നത് ഒഴിവാക്കണം.
തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങള്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കയ്യില്‍ കരുതണം. ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ മരുന്നുകളുടെ വിവരങ്ങള്‍, ഇന്‍സുലിന്‍ ഡോസ് തുടങ്ങിയവ രേഖപ്പെടുത്തിയ കുറിപ്പ് കയ്യില്‍ വെക്കുന്നത് അടിയന്തര ഘട്ടങ്ങളില്‍ ഉപകരിക്കും. ചെറിയ ശാരീരിക അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്. പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാണ്.

ആര്‍ക്കെങ്കിലും സൂര്യാഘാതമോ തളര്‍ച്ചയോ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വെയിലുള്ള സ്ഥലത്ത് നിന്ന് തണുപ്പുള്ള ഇടത്തേക്ക് മാറ്റി വിശ്രമിപ്പിക്കുക. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യണം. തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുകയും ഫാന്‍, എ സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുകയും ചെയ്യുക. ബോധക്ഷയമോ ശാരീരിക അസ്വസ്ഥതയോ തുടരുകയാണെങ്കില്‍ ഉടനടി ആംബുലന്‍സ് സഹായം തേടുകയോ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്യണം. ആരോഗ്യ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ജാഗ്രത പാലിച്ചുകൊണ്ട് വേണം ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നേരിടാനെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.

 

---- facebook comment plugin here -----

Latest