Connect with us

Editors Pick

നിയമസഭ തിരഞ്ഞെടുപ്പ് 2026: സംസ്ഥാനം ഉറ്റുനോക്കുന്നത് ഈ പത്ത് മണ്ഡലങ്ങളിലെ ജനവിധി

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പോരാട്ടം ശക്തമാണെങ്കിലും 10 മണ്ഡലങ്ങളിലെ മത്സരഫലം കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ഭരണത്തുടർച്ചയുടെ മൂന്നാം ഊഴത്തിനായി എൽ ഡി എഫ് ശ്രമിക്കുമ്പോൾ അധികാരം തിരിച്ചുപിടിക്കാൻ യു ഡി എഫും കരുത്ത് തെളിയിക്കാൻ എൻ ഡി എയും പോരിനിറങ്ങുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പാണ് കേരളത്തിൽ നടക്കുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പോരാട്ടം ശക്തമാണെങ്കിലും 10 മണ്ഡലങ്ങളിലെ മത്സരഫലം കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

പാലക്കാട് | നോട്ടിൽ മറിയുമോ വോട്ട്?

കഴിഞ്ഞ തവണ മെട്രോമാൻ ഇ ശ്രീധരൻ കടുത്ത മത്സരം കാഴ്ചവെച്ച മണ്ഡലമാണിത്. ഇത്തവണ രമേഷ് പിഷാരടി (യു ഡി എഫ്), എൽ ഡി എഫ് സ്വതന്ത്രൻ എൻ എം ആർ റസാഖ്, ശോഭാ സുരേന്ദ്രൻ (എൻ ഡി എ) എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. മുന്നണികൾ തമ്മിലുള്ള ഡീൽ ആരോപണങ്ങൾ പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമാണ്. വോട്ടെടുപ്പിന് തലേദിവസം ബിജെപി സ്ഥാനാർഥിക്കായി പണം നൽകി വോട്ടുപിടുത്തം നടന്നുവെന്ന ആരോപണങ്ങളും ഉയർന്നു. ഇതിന്റെ ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ സ്ഥാനാർഥിക്ക് എതിരെ കേസെടുക്കുകയും ചെയ്തു.

നേമം | ബി ജെ പിയുടെ ഏക പ്രതീക്ഷ

ബി ജെ പിക്ക് കേരളത്തിൽ ആകെയുള്ള പ്രതീക്ഷാ കേന്ദ്രമാണ് നേമം. 2016-ൽ ഒ രാജഗോപാലിലൂടെ ബി ജെ പി അക്കൗണ്ട് തുറന്ന ഇവിടെ 2021-ൽ വി ശിവൻകുട്ടിയിലൂടെ എൽ ഡി എഫ് മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. ഇത്തവണ മണ്ഡലം നിലനിർത്താൻ വി ശിവൻകുട്ടി എൽ ഡി എഫിനായും, ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എൻ ഡി എക്കായും, കെ എസ് ശബരീനാഥൻ യു ഡി എഫിനായും രംഗത്തുണ്ട്.

തൃശൂർ | കളം മാറ്റിയിറങ്ങി പത്മജ

സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഇത്തവണ പോരാട്ടം പ്രവചനാതീതമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ എൻ ഡി എ അട്ടിമറി വിജയം നേടിയ ഇവിടെ, നിയമസഭയിലേക്ക് പത്മജ വേണുഗോപാലിനെ എൻ ഡി എ സ്ഥാനാർത്ഥിയായി ഇറക്കി വീണ്ടും അത്ഭുതം സൃഷ്ടിക്കാനാണ് ബി ജെ പി ശ്രമം. ആലങ്കോട് ലീലാകൃഷ്ണൻ എൽ ഡി എഫിനായും രാജൻ പല്ലൻ യു ഡി എഫിനായും മത്സരിക്കുന്നു.

 

വട്ടിയൂർക്കാവ് | ത്രികോണച്ചൂട്

സിറ്റിങ് എം എൽ എ വി കെ പ്രശാന്ത് എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ കെ മുരളീധരനെയാണ് യു ഡി എഫ് നിയോഗിച്ചിരിക്കുന്നത്. മുൻ ഡി ജി പി ആർ ശ്രീലേഖ എൻ ഡി എ സ്ഥാനാർത്ഥിയായി എത്തിയതോടെ വട്ടിയൂർക്കാവിൽ ത്രികോണ മത്സരത്തിന്റെ പ്രതിധ്വനി ഉയർന്നു.

പേരാവൂർ | കരുത്തരുടെ പോര്

യു ഡി എഫിൻ്റെ കോട്ടയായ പേരാവൂരിൽ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയും തമ്മിലുള്ള കരുത്തരുടെ പോരാട്ടമാണ് നടക്കുന്നത്. മട്ടന്നൂരിലെ റെക്കോർഡ് ഭൂരിപക്ഷത്തിൻ്റെ പിൻബലത്തിലാണ് ശൈലജ ടീച്ചർ ഇവിടെ മത്സരിക്കുന്നത്. പൈലി വാത്യാട്ടാണ് എൻ ഡി എ സ്ഥാനാർത്ഥി.

ധർമ്മടം | പിണറായിയുടെ മൂന്നാം അങ്കം

മുഖ്യമന്ത്രി പിണറായി വിജയൻ ജനവിധി തേടുന്ന ധർമ്മടത്ത് ഇത്തവണ ശ്രദ്ധേയമായ മത്സരം നടക്കുന്നു. എൽ ഡി എഫിൻ്റെ ഉറച്ച കോട്ടയാണെങ്കിലും, കഴിഞ്ഞ തവണ തളിപ്പറമ്പിൽ അത്ഭുത പ്രകടനം നടത്തിയ യുവ നേതാവ് വി പി അബ്ദുൽ റഷീദിനെയാണ് യു ഡി എഫ് മുഖ്യമന്ത്രിക്കെതിരെ അണിനിരത്തിയിരിക്കുന്നത്.

പറവൂർ | സതീശൻ്റെ ആറാം അങ്കം

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടർച്ചയായ ആറാം തവണയും ജനവിധി തേടുകയാണ്. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുന്ന സതീശന് ഇത്തവണ സി പി ഐയിലെ ഇ ടി ടൈസൺ മാസ്റ്ററാണ് പ്രധാന എതിരാളി.

ബേപ്പൂർ | അൻവറിൻ്റെ വെല്ലുവിളി

എൽ ഡി എഫ് വിട്ട് യു ഡി എഫിലെത്തിയ പി വി അൻവർ മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിടുന്നു എന്നതാണ് ബേപ്പൂരിനെ ശ്രദ്ധേയമാക്കുന്നത്. മുസ്ലിം ലീഗ് വോട്ടുകൾ ഏകീകരിച്ച് അട്ടിമറി നടത്താനാണ് അൻവറിൻ്റെ ശ്രമം. കെ പി പ്രകാശ് ബാബുവാണ് ഇവിടെ എൻ ഡി എ സ്ഥാനാർത്ഥി.

പേരാമ്പ്ര | അനുഭവസമ്പത്ത് vs യുവത്വം

സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. 1980 മുതൽ ഇടതുകോട്ടയാണ് പേരാമ്പ്ര മണ്ഡലം. ജില്ലയിലെ ഉറച്ചസീറ്റെന്ന് സി.പി.എം. കണക്കുകൂട്ടുന്ന പ്രദേശം. പക്ഷേ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും മേഖലയിൽ നേടിയ വൻമുന്നേറ്റം യു.ഡി.എഫിന് വിജയപ്രതീക്ഷപകരുകയാണ്. മുൻ മന്ത്രിയും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണൻ നാലാം തവണ ജനവിധി തേടുന്നു. എംഎസ്എഫിലൂടെ വളർന്നുവന്ന യുവനേതാവ് ഫാത്തിമ തഹ്ലിയയാണ് യുഡിഎഫ് സ്ഥാനാർഥി.

പുതിയതലമുറയുടെ പ്രതിനിധിയായി യു ഡി എഫ് ഫാത്തിമയെ ഉയർത്തിക്കാട്ടി വോട്ടുചോദിക്കുമ്പോൾ, ട്രേഡ് യൂണിയൻ നേതാവായും രാഷ്ട്രീയനേതാവായും ജനപ്രതിനിധിയായും ടി.പി.യുടെ പരിചയസമ്പന്നതയാണ് എൽ.ഡി.എഫ്. ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്. എൻ.ഡി.എ.യിൽ ബി.ജെ.പി. കോഴിക്കോട് മേഖലാസെക്രട്ടറി എം. മോഹനനാണ് സ്ഥാനാർഥി.

 

മഞ്ചേശ്വരം | ഫോട്ടോ ഫിനിഷോ?

ബി ജെ പിയും മുസ്ലിം ലീഗും നേരിട്ട് ഏറ്റുമുട്ടുന്ന മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ നാലാം തവണയും മത്സരരംഗത്തുണ്ട്. 2016-ൽ വെറും 89 വോട്ടുകൾക്ക് പരാജയപ്പെട്ട ചരിത്രമുള്ള മഞ്ചേശ്വരത്ത് എ കെ എം അഷ്റഫ് (യു ഡി എഫ്), കെ ആർ ജയാനന്ദ (എൽ ഡി എഫ്) എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.

 

Summary

The 2026 Kerala Assembly Election is reaching a fever pitch with intense battles in nine key VIP constituencies. From Chief Minister Pinarayi Vijayan’s safe seat in Dharmadom to the high-stakes triangular contest in Nemom involving Rajeev Chandrasekhar, every move is crucial. Notable candidate shifts, like Padmaja Venugopal’s move to NDA and P.V. Anwar’s challenge in Beypore, further complicate the political dynamics for all three major fronts.

---- facebook comment plugin here -----

Latest