Articles
അബ്രഹാം അക്കോര്‍ഡില്‍ നിന്ന് ഹോര്‍മുസ് ഇടനാഴി വരെ
ഇറാനെ ദുര്‍ബലപ്പെടുത്താനുള്ള യുദ്ധം, ഗള്‍ഫ് മേഖലകളിലെ സുരക്ഷാ താവളങ്ങളിലൂടെയാണ് അമേരിക്ക മുന്നോട്ട് കൊണ്ടുപോകുന്നത്. അമേരിക്കയുടെയും ജൂതരാഷ്ട്രത്തിന്റെയും അറേബ്യന്‍ താവളങ്ങള്‍ പ്രതികരണം ഏറ്റുവാങ്ങുന്നത് സ്വാഭാവികം. അങ്ങനെ നോക്കുമ്പോള്‍ ലക്ഷ്യമിടുന്നത് ഇറാനെയാണെങ്കിലും, ആഘാതം ഏറ്റുവാങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങളാണ് എന്നത് വേദനിപ്പിക്കുന്ന വൈരുദ്ധ്യമാണ്
സമാധാനത്തിന്റെ മറവില്‍ രാഷ്ട്രീയ അധിനിവേശം അമേരിക്കയുടെ എക്കാലത്തെയും രാഷ്ട്ര തന്ത്രമാണ്. മധ്യ പൂർവേഷ്യയിലെയും പശ്ചിമേഷ്യയിലെയും പുതിയ രാഷ്ട്രീയ യാഥാർഥ്യങ്ങള്‍ സ്ഥിരീകരിക്കുന്നതും മറ്റൊന്നല്ല. പുറത്ത് പത്തിയും അകത്ത് കത്തിയും, ഇതൊരു നിലവാരമില്ലാത്ത രാഷ്ട്രീയമാണ്. സമാധാനത്തിന്റെ പേരില്‍ ആരംഭിച്ച നീക്കങ്ങള്‍ എങ്ങനെ അധിനിവേശ രാഷ്ട്രീയത്തിന്റെ സാമഗ്രികളായി മാറുന്നു എന്നതിന് വ്യക്തമായ ഉദാഹരണങ്ങളാണ് ഇന്നത്തെ പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധം. അബ്രഹാം അക്കോര്‍ഡ്സ് എന്ന കരാറിലൂടെ രൂപപ്പെട്ട രാഷ്ട്രീയ സഖ്യ ബലതന്ത്രങ്ങള്‍ മേഖലയില്‍ പുതിയ അധികാര കേന്ദ്രം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ആശങ്കാജനകമാണ്.
സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ നിലപാട് ഇതില്‍ പ്രധാനമാണ്. പരമ്പരാഗതവും ചരിത്രപരവുമായ പ്രതിരോധ രേഖകള്‍ തിരുത്തിയെഴുതപ്പെടുന്നു എന്നതാണ് ഇതിലെ ഒരു വിമര്‍ശം. ഇസ്്റാഈലുമായുള്ള നയതന്ത്ര ബന്ധം സാധാരണവത്കരിക്കപ്പെട്ടു. രാഷ്ട്രീയ സൗകര്യത്തിനായുളള തന്ത്രപരമായ നിര്‍ബന്ധിതത്വമാണ് ഇത്. ഇതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടയില്‍ ജൂത രാഷ്ട്രവും അവരെ നിര്‍ലജ്ജം പിന്തുണക്കുന്ന അമേരിക്കന്‍ ഐക്യനാടുകളും മേഖലയില്‍ സൈനിക- രാഷ്ട്രീയ സ്വാധീനം വ്യാപിപ്പിക്കുന്നത് നാം കാണുന്നു. സമാധാന കരാറുകളെ കുറിച്ച് സംസാരിക്കുന്നതും സുരക്ഷാ സഹകരണങ്ങള്‍ വർധിപ്പിക്കുന്നതും യഥാർഥത്തിൽ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വാതിൽ തുറക്കുകയാണ് ചെയ്യുന്നത്. അതാകട്ടെ, ലോകമാകെ ആശങ്കയുമുയര്‍ത്തുന്നു.
എന്നാല്‍, ഈ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പ്രതികരണമായി അമേരിക്കയുടെ ഉള്ളറകളില്‍ തന്നെ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ ഉയരുന്നുവെന്നത് ആശാവഹമാണ്. അമേരിക്കന്‍ നഗരങ്ങളിലുടനീളം ഉയരുന്ന പ്രതിഷേധങ്ങള്‍ യുദ്ധ നയങ്ങളോടുള്ള അസ്വീകാര്യതയുടെ ശക്തമായ അടയാളങ്ങളാണ്. ഈ പ്രതിഷേധാഗ്‌നി യൂറോപ്പിലേക്ക് കൂടി പടരുമ്പോള്‍, ആഗോള തലത്തില്‍ ഒരു ജനകീയ തിരിച്ചറിവ് വളരുന്നതായി കാണാം. ഇറാന്‍- അമേരിക്ക സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാകുന്ന ഈ പശ്ചാത്തലത്തില്‍, അതിന്റെ പ്രതിഫലനം അറബ് രാജ്യങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാല സംഘര്‍ഷങ്ങളും രാഷ്ട്രീയ അസ്ഥിരതയും ഈ ദേശ രാഷ്ട്രങ്ങളെ സാമ്പത്തികമായും സാമൂഹികമായും തകര്‍ച്ചയിലേക്ക് നയിക്കും.
ഇതോടൊപ്പം, സഹതാപം തോന്നിക്കുന്ന മറ്റൊരു യാഥാർഥ്യമുണ്ട്. ഇറാനെ ദുര്‍ബലപ്പെടുത്താനുള്ള യുദ്ധം, ഗള്‍ഫ് മേഖലകളിലെ സുരക്ഷാ താവളങ്ങളിലൂടെയാണ് അമേരിക്ക മുന്നോട്ട് കൊണ്ടുപോകുന്നത്. അമേരിക്കയുടെയും ജൂതരാഷ്ട്രത്തിന്റെയും അറേബ്യന്‍ താവളങ്ങള്‍ പ്രതികരണം ഏറ്റുവാങ്ങുന്നത് സ്വാഭാവികം. അങ്ങനെ നോക്കുമ്പോള്‍ ലക്ഷ്യമിടുന്നത് ഇറാനെയാണെങ്കിലും, ആഘാതം ഏറ്റുവാങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങളാണ് എന്നത് വേദനിപ്പിക്കുന്ന വൈരുദ്ധ്യമാണ്.
ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ നിവൃത്തിയില്ലായ്മ വ്യക്തമാണ്. തുറന്ന പ്രതിരോധം നടത്താനുള്ള ശേഷിയും രാഷ്ട്രീയ സാഹചര്യവും അവര്‍ക്ക് പരിമിതമാണ്. അതേസമയം, മൗനമായി സഹിക്കുന്നത് ദൂരവ്യാപകമായ നാശം ഏറ്റുവാങ്ങുന്നതിന് തുല്യമാണ്. ഈ നിശബ്ദത, അവരുടെ സുരക്ഷയെയും സ്വയംഭരണ ശേഷിയെയും ചോദ്യംചെയ്യുന്നതായി മാറുന്നു.
ഇവിടെ ഉയരുന്ന നിര്‍ണായക ചോദ്യമിതാണ്; തങ്ങളുടെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ഇറാന്‍ പോലുള്ള അയല്‍ രാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ നടത്താന്‍ എന്തിന് ഗൾഫ് രാജ്യങ്ങൾ അവസരം നല്‍കണം? ആ തീരുമാനങ്ങള്‍ അവരുടെ സ്വന്തം സുരക്ഷയെ തന്നെ അപകടത്തിലാക്കുന്നുവെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതില്ലേ? ഈ സാഹചര്യത്തില്‍ ഗൗരവമായ പുനർവിചിന്തനം അനിവാര്യമാണ്.
യുദ്ധത്തിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ്. ഗള്‍ഫ് മേഖലയിലെ അസ്ഥിരത, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തെയും ഭാവിയെയും അനിശ്ചിതത്വത്തിലാക്കും. ഈ സാഹചര്യങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത് ഹോര്‍മുസ് ഇടനാഴിയാണ്. ഈ ഇടനാഴിയിലെ ചെറിയൊരു സംഘര്‍ഷം പോലും ആഗോള സാമ്പത്തിക ഘടനകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.
ഇതെല്ലാം ചേർത്തുവെച്ച് നോക്കുമ്പോള്‍, സമാധാനത്തിന്റെ പേരില്‍ നടക്കുന്ന കരാറുകളും സൈനിക നീക്കങ്ങളും യഥാർഥത്തില്‍ ദീര്‍ഘകാല അസ്ഥിരതയുടെ വിത്തുകളായി മാറുന്നുവെന്നത് സത്യം. സമാധാനം ഒരു മുദ്രാവാക്യമല്ല; അത് നീതി, സ്വാതന്ത്ര്യം, പരസ്പര ബഹുമാനം എന്നിവയുടെ അടിത്തറയില്‍ പണിയേണ്ട രാഷ്ട്ര തന്ത്രമാണ്. ആ അടിസ്ഥാനങ്ങള്‍ ഇല്ലാതാകുമ്പോള്‍ സമാധാനത്തിന്റെ പേരില്‍ തന്നെ സംഘര്‍ഷങ്ങള്‍ വളരുന്നതാണ് ചരിത്രം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

