Connect with us

From the print

ആശങ്ക വർധിക്കുന്നു; നാല് മാസത്തിനിടെ 18,598 അപകടങ്ങള്‍

1,384 മരണം • 21,255 പേര്‍ക്ക് പരുക്ക്

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആശങ്കാജനകമായി തുടരുന്നു. 2026ല്‍ ഏപ്രില്‍ വരെ 18,598 റോഡപകടങ്ങളാണ് റിപോര്‍ട്ട്് ചെയ്തത്. ഈ അപകടങ്ങളില്‍ 1,384 പേര്‍ മരിക്കുകയും 21,255 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 150ലേറെ അപകടങ്ങളും 11ഓളം മരണങ്ങളും സംസ്ഥാനത്ത് റിപോര്‍ട്ട്് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രവണത തുടര്‍ന്നാല്‍ അപകടങ്ങളുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വിലയിരുത്തല്‍.

2020 മുതല്‍ 2026 ഏപ്രില്‍ വരെ സംസ്ഥാനത്ത് ആകെ 2,70,472 റോഡപകടങ്ങളാണ് റിപോര്‍ട്ട്്് ചെയ്തത്. ഈ അപകടങ്ങളില്‍ 23,806 പേര്‍ മരിക്കുകയും 3,02,280 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റോഡുകളില്‍ നഷ്ടമായ ജീവനുകളുടെ എണ്ണം സംസ്ഥാനത്തെ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

2025ല്‍ 49,889 അപകടങ്ങളും 3,733 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. മരണസംഖ്യ ഏറ്റവും കൂടുതലായിരുന്നത് 2022ലാണ്. ആ വര്‍ഷം മാത്രം 4,317 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അപകടങ്ങളുടെ എണ്ണം വര്‍ഷംതോറും ഉയരുന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷാ നടപടികള്‍ കൂടുതല്‍ കർശനമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, മദ്യപിച്ച് വാഹനമോടിക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. റോഡുകളില്‍ കര്‍ശന പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്താണ് ഹൈഡ്രോപ്ലാനിംഗ് ഭീഷണി
മഴക്കാലത്ത് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഹൈഡ്രോപ്ലാനിംഗ് എന്ന പ്രതിഭാസമാണ്. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിന് മീതെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വഴുതുന്ന അവസ്ഥയാണിത്.
ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ടയറുകള്‍ക്ക് കീഴിലുള്ള വെള്ളം പൂര്‍ണമായി പുറത്തേക്ക് തള്ളാനാകാതെ വരുമ്പോള്‍ ടയറിനും റോഡിനുമിടയില്‍ ജലപാളി രൂപപ്പെടുന്നു. ഇതോടെ ടയറുകളുടെ റോഡുമായുള്ള പിടിത്തം നഷ്ടപ്പെടുകയും വാഹനം നിയന്ത്രണാതീതമാകുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങളില്‍ പെട്ടെന്ന് ബ്രേക്ക് അമര്‍ത്തുകയോ സ്റ്റിയറിംഗ് വെട്ടിത്തിരിക്കുകയോ ചെയ്യുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest