Kerala
ലോകകപ്പിനുള്ള ഖത്തർ ടീമിൽ മലയാളി; ആവേശത്തോടെ ഏറ്റെടുത്ത് കായിക ലോകം
ഖത്തർ ദേശീയ ടീം കോച്ച് ഹുലെൻ ലൊപെറ്റഗ്വി പ്രഖ്യാപിച്ച 26 അംഗ സംഘത്തിലാണ് പത്തൊമ്പതുകാരനായ മലയാളി സ്ട്രൈക്കർ തഹ്‌സിൻ മുഹമ്മദ് ഇടംനേടിയത്.
ദോഹ | ഫിഫ ലോകകപ്പിനുള്ള അറബ് കരുത്തരായ ഖത്തറിന്റെ അന്തിമ ടീമിൽ മലയാളി താരം തഹ്‌സിൻ മുഹമ്മദ് ഇടംപിടിച്ച വാർത്ത കായിക ലോകം വലിയ ആവേശത്തോടെ ഏറ്റെടുത്തു. ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി താരം ലോകകപ്പ് ഫുട്ബോൾ ടീമിൽ അണിനിരക്കുന്നത് എന്ന പ്രത്യേകത ഈ നേട്ടത്തിനുണ്ട്. ഖത്തർ ദേശീയ ടീം കോച്ച് ഹുലെൻ ലൊപെറ്റഗ്വി പ്രഖ്യാപിച്ച 26 അംഗ സംഘത്തിലാണ് പത്തൊമ്പതുകാരനായ ഈ മലയാളി സ്ട്രൈക്കർ ഇടംനേടിയത്.
ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബായ അൽ ദുഹൈലിന്റെ മുന്നേറ്റനിരക്കാരനായ തഹ്‌സിൻ മുഹമ്മദ്, നേരത്തെ ഖത്തറിന്റെ അണ്ടർ 17, അണ്ടർ 19 യൂത്ത് ടീമുകളിലും മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോളർ ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനായ തഹ്‌സിൻ ഖത്തറിലാണ് ജനിച്ചതും വളർന്നതും. ലോകപ്രശസ്തമായ ആസ്പയർ അക്കാദമിയിലൂടെ പിച്ചവെച്ച താരം, യു എ ഇക്ക് എതിരെയുള്ള നിർണായക യോഗ്യതാ മത്സരത്തിലും ഖത്തർ ടീമിന്റെ ഭാഗമായിരുന്നു.
സൂപ്പർ താരങ്ങളായ അക്രം അഫീഫ്, അൽമുയിസ് അലി, ഹസൻ അൽ ഹൈദോസ് എന്നിവർക്കൊപ്പം കളം പങ്കിടാനൊരുങ്ങുന്ന തഹ്‌സിനും ഖത്തർ സംഘത്തിനും വരും ദിനങ്ങൾ ഏറെ നിർണായകമാണ്. ഈ മാസം ആറിന് എൽ സാൽവദോറിനെതിരെ നടക്കുന്ന സന്നാഹ മത്സരത്തോടെയാകും ടീമിന്റെ അടുത്ത ഒരുക്കങ്ങൾ ആരംഭിക്കുക. ലോകകപ്പിൽ ഗ്രൂപ്പ് ബിയിലാണ് ഖത്തർ മത്സരിക്കുന്നത്. ജൂൺ 13ന് സ്വിറ്റ്സർലാൻഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ പോരാട്ടം. തുടർന്നുള്ള മത്സരങ്ങളിൽ ജൂൺ 18ന് കനഡയെയും ജൂൺ 24ന് ബോസ്നിയ ഹെർസഗോവിനയെയും ഖത്തർ നേരിടും.
Summary
Nineteen-year-old striker Tahsin Mohammed has made history by becoming the first-ever Malayali to be included in a FIFA World Cup squad, securing a spot in Qatar’s 26-member team selected by coach Julen Lopetegui. Born and raised in Qatar, the Aspire Academy product and Al Duhail player will share the stage with stars like Akram Afif and Almoez Ali. Qatar, placed in Group B, will play a friendly against El Salvador on June 6 before kicking off their World Cup campaign against Switzerland on June 13, followed by matches against Canada and Bosnia & Herzegovina.







