National
രണ്ടു മിനിറ്റിനുള്ളിൽ 15 ലക്ഷം തവണ സൈബർ അറ്റാക്ക്; സി ബി എസ് ഇ പോർട്ടൽ തടസ്സപ്പെടുത്താൻ ശ്രമം
ഈ പ്രതിസന്ധികൾക്കിടയിലും വെബ്സൈറ്റ് സാധാരണ നിലയിൽ തന്നെ പ്രവർത്തിച്ചതായി ബോർഡ്
ന്യൂഡൽഹി | സി ബി എസ് ഇ പരീക്ഷാ പുനർമൂല്യനിർണ്ണയത്തിനുള്ള പോർട്ടൽ ആരംഭിച്ച ആദ്യ ദിനത്തിൽ വൻ സൈബർ ആക്രമണം. അപേക്ഷാ നടപടികൾ തുടങ്ങിയ ഇന്ന് രാവിലെ മുതൽ തന്നെ സൈബർ ആക്രമണ ശ്രമങ്ങൾ ഉണ്ടായതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചു. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും വെബ്സൈറ്റ് സാധാരണ നിലയിൽ തന്നെ പ്രവർത്തിച്ചതായി ബോർഡ് വ്യക്തമാക്കി.
സമൂഹമാധ്യമമായ എക്സിലൂടെയാണ് സി ബി എസ് ഇ ഈ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ടു മിനിറ്റിനുള്ളിൽ ഏകദേശം 15 ലക്ഷത്തോളം തവണയാണ് പോർട്ടലിലേക്ക് സൈബർ ആക്രമണകാരികൾ കടന്നുകയറാൻ ശ്രമിച്ചത്. സിസ്റ്റത്തിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന ഫയലുകളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ഒരു ലക്ഷത്തിലധികം തവണ ശ്രമങ്ങൾ നടന്നതായും ബോർഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡെനയൽ ഓഫ് സർവീസ് അഥവാ ഡി ഒ എസ് ആക്രമണത്തിലൂടെ സേവനങ്ങൾ തടസ്സപ്പെടുത്താനാണ് പ്രധാനമായും ശ്രമം നടന്നത്.
ആക്രമണങ്ങൾ ശക്തമായിരുന്നിട്ടും കനത്ത ട്രാഫിക് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പോർട്ടലിന് സാധിച്ചു. ഒരേ സമയം എണ്ണായിരത്തിലധികം ഉപയോക്താക്കൾക്ക് തടസ്സമില്ലാതെ സൈറ്റ് ഉപയോഗിക്കാൻ കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം പതിനെട്ടായിരത്തിലധികം വിദ്യാർത്ഥികൾ പുനർമൂല്യനിർണ്ണയത്തിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുമുള്ള അപേക്ഷകൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞു.
വിദ്യാർത്ഥികളിൽ നിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷാ പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നതിനായി നിരവധി മാറ്റങ്ങളും പോർട്ടലിൽ വരുത്തിയിട്ടുണ്ട്. സെഷൻ ടൈം ലിമിറ്റ് വർദ്ധിപ്പിച്ചതാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. വിദ്യാർത്ഥികൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിനായി സി ബി എസ് ഇ സാങ്കേതിക വിഭാഗം പ്ലാറ്റ്‌ഫോം നിരന്തരം നിരീക്ഷിച്ചുവരികയാണ്.







