Connect with us

Articles

മഹാമാരികളുടെ ആവർത്തന താളം

മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എബോളയുടെ കാലൊച്ച വീണ്ടും കേട്ടുതുടങ്ങിയിരിക്കുന്നു. കോംഗോ തന്നെയാണ് പ്രഭവ കേന്ദ്രം. മനുഷ്യരുടെ ഇടപഴകലുകൾക്കും സഞ്ചാരവേഗങ്ങൾക്കും കടിഞ്ഞാൺ വണിരിക്കുന്നു. എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധന നടക്കുന്നു. സർവ രാജ്യങ്ങളും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വളരെയെളുപ്പത്തിൽ പടരുന്നുവെന്നതാണ് എബോളയെ മാരകമാക്കുന്നത്.

Published

|

Last Updated

മനുഷ്യന്റെ അഹംബോധങ്ങൾക്കും അതിവേഗങ്ങൾക്കും ആത്മവിശ്വാസങ്ങൾക്കും വെട്ടിപ്പിടിക്കലുകൾക്കും മേൽ അപരിഹാര്യമായ പ്രഹരങ്ങളേൽപ്പിച്ച് എക്കാലത്തും മഹാമാരികൾ ഉണ്ടായിരുന്നു. കൊവിഡ് മഹാമാരി അതിന്റെ വൈപുല്യം കൊണ്ടും മനുഷ്യനെ സമ്പൂർണ തൊട്ടുകൂടായ്മയിൽ തളച്ചിട്ടതുകൊണ്ടും അങ്ങേയറ്റം ഭീകരമായിരുന്നു. ആവർത്തിക്കപ്പെടുന്ന വിഷമതാളങ്ങളാണ് മഹാമാരികൾ. മനുഷ്യന്റെ എല്ലാ അറിവുകളും നിസ്സഹായമാകുന്നു അവക്ക് മുന്നിൽ. വ്യാഖ്യാനിക്കാനാകാത്ത പ്രതിഭാസമായി, ഉത്തരം കിട്ടാത്ത ചോദ്യമായി അവ ജീവിതങ്ങൾക്ക് പൂർണ വിരാമമിട്ടു കൊണ്ടിരുന്നു. രോഗം വ്യക്തിപരമായ പീഡയിൽ നിന്ന് സാമൂഹികമായ പങ്കുവെപ്പായി മാറുന്നു പകർച്ച വ്യാധികളിൽ. സമൂഹത്തിൽ ജീവിക്കുമ്പോഴും അതിന്റെ ആവിഷ്‌കാരങ്ങളിൽ നിന്ന് അകന്ന് സ്വന്തത്തിന്റെ ചില്ല് കൂട് പണിതവനെയും ഈ വ്യാധികൾ ചെന്ന് തൊടുന്നു. അപ്പോൾ അവരും കൂടെച്ചെല്ലേണ്ടി വരുന്നു. ഓരോ രോഗിയും സമൂഹത്തിന് ബാധ്യതയും ചിലപ്പോൾ കുറ്റവാളിയുമാകുന്നു. ചില സമൂഹങ്ങളിൽ പകർച്ചവ്യാധി പിടിപെട്ടവർ ശാപഗ്രസ്തരായി മുദ്രയടിക്കപ്പെടുന്നു. ഇടുങ്ങിയ യുക്തി ബോധങ്ങൾ അസ്തമിക്കുകയും “ദൈവമേ അങ്ങിൽ മാത്രമേ ശമനമുള്ളൂ’എന്ന എളിമയിലേക്ക് അവൻ ഉണരുകയും ചെയ്യുന്നു.

കോളറ, പോളിയോ, വസൂരി, സാർസ്, പക്ഷിപ്പനി, പന്നിപ്പനി, ചിക്കുൻഗുനിയ, ഇ കോലി, കൊറോണ വകഭേദങ്ങൾ… വിവിധ കാലത്ത് വിവിധ ദേശത്ത് വിവിധ രൂപഭാവങ്ങളിൽ രോഗങ്ങൾ ഇരച്ചുവരുന്നു. ഉച്ചസ്ഥായിയിലേക്ക് കത്തിക്കയറി മെല്ലെ ശാന്തമാകുന്നു. പിന്നെയും അടുത്ത വൃത്തം. പുതിയ പേരിൽ പുതിയ വേഷത്തിൽ. ഓരോ ഘട്ടത്തിലും മനുഷ്യൻ ആധുനികവും പരമ്പരാഗതവുമായ അറിവുകളും ഗവേഷണങ്ങളും ഉപയോഗിച്ച് ഔഷധങ്ങൾ കണ്ടെത്തുന്നു. മുൻകരുതൽ മരുന്നുകളുടെ കാവലിൽ ചില രോഗങ്ങൾ മടങ്ങിപ്പോകുന്നു. എന്നാൽ ആ പോക്ക് എന്നേക്കുമല്ല. ഇടവേളക്ക് ശേഷം പിന്നെയും വരുന്നു. ലോകത്തെ ഭീതിയുടെ നടുക്കടലിലേക്ക് വലിച്ചെറിയുന്ന ഏറ്റവും പുതിയ പകർച്ച വ്യാധിയാണ് എബോള വൈറസ്. പുതിയതെന്ന് പറഞ്ഞ് കൂടാ. 1976ൽ തന്നെ ഇവ ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലാണ് (അന്നത്തെ സൈർ) ആദ്യത്തെ എബോള മരണം സ്ഥിരീകരിച്ചത്. മിഷൻ ആശുപത്രിയിലെ നഴ്സായിരുന്നു ഇര. ആ പ്രദേശത്തെ നദിയുടെ പേരാണ് എബോള. അന്ന് ഉഗാണ്ടയിലേക്കും സുഡാനിലേക്കുമാണ് രോഗം പടർന്നത്. 2014 മുതൽ 2016 വരെയാണ് എബോള വൈറസിന്റെ ഏറ്റവും ഭീകരമായ താണ്ഡവം ലോകം കണ്ടത്. അന്ന് പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിയ (2,543 മരണം), ലൈബീരിയ (4,809), സിയറലിയോൺ (3,956) എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ദുരന്തമുണ്ടായത്.

ഇപ്പോൾ മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എബോളയുടെ കാലൊച്ച വീണ്ടും കേട്ടുതുടങ്ങിയിരിക്കുന്നു. കോംഗോ തന്നെയാണ് പ്രഭവ കേന്ദ്രം. മനുഷ്യരുടെ ഇടപഴകലുകൾക്കും സഞ്ചാരവേഗങ്ങൾക്കും കടിഞ്ഞാൺ വണിരിക്കുന്നു. എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധന നടക്കുന്നു. സർവ രാജ്യങ്ങളും അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വളരെയെളുപ്പത്തിൽ പടരുന്നുവെന്നതാണ് എബോളയെ മാരകമാക്കുന്നത്. ഏറ്റവും പുതിയ എബോള ഒരു പ്രാദേശിക പ്രതിസന്ധിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ തുടക്കത്തിൽ വിലയിരുത്തിയതിനേക്കാൾ വ്യാപനശേഷി വൈറസിനുണ്ടെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ഡബ്ല്യു എച്ച് ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ ബുനിയ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ മാസം 15നാണ് ആദ്യത്തെ എബോള കേസ് കോംഗോയിൽ റിപോർട്ട് ചെയ്തത്. ഇപ്പോഴത് 500 കടന്നു. 82 പേർ മരിച്ചു. ഉഗാണ്ടയിൽ രണ്ട് പേർ മരിച്ചു. കിഴക്കൻ കോംഗോയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ഉഗാണ്ടയിലേക്ക് വ്യാപിച്ചത് അയൽ രാജ്യങ്ങളിൽ ആശങ്കയേറ്റിയിരിക്കുന്നു. ആഭ്യന്തര സംഘർഷങ്ങളും കുത്തഴിഞ്ഞ ക്രമസമാധാനനിലയും ആഫ്രിക്കൻ രാജ്യങ്ങളിലെ മഹാമാരി കണക്കുകളുടെ കൃത്യത ചോർത്തിക്കളയുന്നുണ്ട്. കൃത്യമായ പരിശോധനാ സംവിധാനങ്ങളില്ലാത്തതിനാൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ വൈകുന്ന പ്രശ്‌നങ്ങളും അവിടെയുണ്ട്. വൈറസ് വ്യാപനം കണ്ടെത്തി പ്രതിരോധ സംവിധാനങ്ങളിലേക്ക് നീങ്ങുന്നതിന് മുമ്പേ തന്നെ അഭയാർഥി ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും വലിയ ചന്തകളിലുമൊക്കെ വൈറസ് വ്യാപനം നടന്നു കഴിഞ്ഞിരിക്കാം. ഇങ്ങനെ എത്ര വൈറസ് വാഹകരുണ്ട് എന്നതിന് ഒരു കണക്കുമില്ല. വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമായേക്കാമെന്ന് ആരോഗ്യപ്രവർത്തകർ ആശങ്കപ്പെടുന്നത് അതുകൊണ്ടാണ്. അപ്പോഴും ഒരു കാര്യത്തിൽ ആശ്വസിക്കാം. കൊവിഡ് 19നോളമോ പശ്ചിമാഫ്രിക്കയിലെ 2014-16ലെ എബോള വ്യാപനത്തോളമോ മാരകമല്ല ഇത്തവണത്തേത്. വൈറസ് ബാധ സ്ഥിരീകരിച്ച നാല് നഴ്‌സുമാർ രോഗമുക്തി നേടിയെന്നതും ആഹ്ലാദകരമാണ്. സംഘർഷം, പലായനം, തൊഴിൽ തേടി നഗരങ്ങളിൽ മനുഷ്യർ അനിയന്ത്രിതമായി കേന്ദ്രീകരിക്കൽ, ദുർബലമായ പൊതുജനാരോഗ്യ സംവിധാനങ്ങൾ, കുത്തനെ ഇടിഞ്ഞ അന്താരാഷ്ട്ര സഹായം, അധികാരികളോടുള്ള വർധിച്ചുവരുന്ന അവിശ്വാസം തുടങ്ങിയവ രോഗവ്യാപനം കൂടുതൽ മാരകമാക്കുന്നുവെന്ന് മെഡിക്കൽ സന്നദ്ധ സംഘടനയായ മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, നിലവിലെ പകർച്ചവ്യാധിയിൽ എബോളയുടെ ബുന്ദിബുഗ്യോ സ്‌ട്രെയിൻ ഉൾപ്പെടുന്നുവെന്നത് വ്യാപന സാധ്യതയും മരണ സാധ്യതയും കൂട്ടുന്നുണ്ട്. വാക്‌സീൻ വികസിപ്പിക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ ഫലവത്തായിട്ടുമില്ല. പകർച്ചവ്യാധി നിയന്ത്രണത്തിന് ലോകത്തെ ഏറ്റവും പ്രയാസകരമായ ഇടമാണ് കിഴക്കൻ കോംഗോയെന്ന നിരീക്ഷണവും ഫ്രോണ്ടിയേഴ്‌സ് മുന്നോട്ടുവെക്കുന്നുണ്ട്. ഇവിടെ അതിർത്തിയിൽ നിയന്ത്രണങ്ങൾ ദുഷ്‌കരമാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ഐസൊലേഷനോ എപിഡമിക് പ്രോട്ടോകോൾ അനുസരിച്ചുള്ള വേർതിരിവുകളോ കണ്ടെയെൻമെന്റ് സോൺ പ്രഖ്യാപനങ്ങളോ എളുപ്പമല്ല.

നിലവിലെ എബോള പ്രതിസന്ധി രൂക്ഷമാക്കുന്നതിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പങ്കുണ്ടെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ആഗോളതലത്തിൽ ജീവകാരുണ്യ, ആരോഗ്യരംഗത്ത് അമേരിക്ക നടത്തിയിരുന്ന ഫണ്ടിംഗിൽ നിന്ന് ട്രംപ് പൂർണമായി പിൻവാങ്ങിയിരിക്കുകയാണ്. അമേരിക്ക അങ്ങനെ സഹായം നൽകണമെന്ന് മറ്റുള്ളവർക്ക് നിഷ്‌കർഷിക്കാൻ സാധിക്കുമോ, അതൊക്കെ അവരുടെ താത്പര്യമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അവർക്കുള്ള ഉത്തരം ഈ ചോദ്യങ്ങളാണ്: യു എസും സമ്പന്ന പാശ്ചാത്യ രാജ്യങ്ങളും ആർജിച്ച സാമ്പത്തിക ബലത്തിന്റെ ഉറവിടം ആഫ്രിക്കയിലെയും ഏഷ്യയിലെയും മനുഷ്യരുടെ വിയർപ്പും ചോരയുമല്ലേ? കൊളോണിയൽ കാലത്തെ ചൂഷണം ആധുനിക കാലത്ത് പുതിയ രൂപത്തിൽ തുടരുകയല്ലേ? ആഫ്രിക്കൻ രാജ്യങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കുമെതിരെ ചരിത്രത്തിലുടനീളം തുടരുന്ന അധിക്ഷേപങ്ങൾക്ക് ആക്കം കൂട്ടാൻ ഒരു വ്യാഴവട്ടം മുമ്പത്തെ എബോള വ്യാപനം കാരണമായിരുന്നു. ഇത്തവണയും അത്തരം പ്രൊപ്പഗാണ്ട തുടങ്ങിയിട്ടുണ്ട്. വൃത്തിഹീനർ, ഏത് മാംസവും കഴിക്കുന്നവർ, വിദ്യാഭ്യാസമില്ലാത്തവർ, അപരിഷ്‌കൃതർ, അന്ധവിശ്വാസികൾ, വിചിത്ര ആചാരങ്ങളിൽ അഭിരമിക്കുന്നവർ, എല്ലാത്തിനുമപരി കറുത്തവർ… ആഫ്രിക്കക്കാരന് മേൽ പതിച്ചിട്ടുള്ള കുറ്റാരോപണങ്ങൾക്ക് കണക്കില്ല. പാശ്ചാത്യ സമ്പന്ന ലോകത്തിന് അവർ പിടിച്ചുപറിക്കാരാണ്. ക്രൂരൻമാരാണ്. കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നവരാണ്. അവിടുത്തെ പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണത്തിനായി പുറത്തുള്ളവർ നടത്തുന്ന ചരടുവലികളാണ് സംഘർഷങ്ങളുടെയും നിതാന്തമായ ദാരിദ്ര്യത്തിന്റെയും അടിസ്ഥാന കാരണം. പക്ഷേ, എബോളക്കാലത്ത് ഈ രാജ്യങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യശൂന്യത അവരുടെ പാപമായി ആഘോഷിക്കപ്പെടുകയാണ്. ആഭ്യന്തര സംഘർഷങ്ങളിൽ ആശുപത്രികളും മറ്റ് സൗകര്യങ്ങളും തകർക്കപ്പെട്ടതിനാൽ എബോളവിരുദ്ധ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ലെന്നാണ് യു എന്നടക്കമുളള ഏജൻസികളുടെ പഴി. അന്താരാഷ്ട്ര സമൂഹം എത്ര പണമിവിടെ ചെലവഴിച്ചു? വല്ല ഗുണവുമുണ്ടോ എന്ന ചോദ്യവും ഈ പഴിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഈ നാടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയതും ഇപ്പോഴും കവരുന്നതുമായ പ്രകൃതിവിഭവങ്ങളുടെ ഒരു പങ്കെങ്കിലും അവിടെ ചെലവഴിച്ചിട്ടുണ്ടോ എന്ന മറുചോദ്യം ഉച്ചത്തിൽ ഉയർത്തേണ്ടിയിരിക്കുന്നു. കുറഞ്ഞ കൂലിക്ക് ഖനികളിൽ പണിയെടുക്കുന്ന മനുഷ്യർക്ക് ശരിയായ സാമൂഹിക സുരക്ഷാ പദ്ധതികൾ ഒരുക്കാൻ കമ്പനികൾ സൻമനസ്സ് കാട്ടുമോ?
ആഫ്രിക്കക്കാർ ആരോഗ്യ പ്രവർത്തകരോട് സഹകരിക്കുന്നില്ല, അവരെ ആക്രമിക്കുന്നുവെന്ന പഴിയും ഉയരുന്നുണ്ട്. ഈ ആക്ഷേപത്തിന് ചരിത്രം തന്നെയാണ് മറുപടി. മരുന്നുകൾ പരീക്ഷിക്കാൻ ആഫ്രിക്കൻ ജനതയെ ഉപയോഗിച്ചതിന്റെ ചരിത്രം അത്രമേൽ ദീർഘമാണ്. 1996ൽ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനി ഫൈസർ നടത്തിയ മരുന്ന് പരീക്ഷണത്തിന്റെ ഇരകളായ നൈജീരിയയിലെ കുഞ്ഞുങ്ങളെ എങ്ങനെ മറക്കാനാകും. ലോകാരോഗ്യ സംഘടന ആവിഷ്‌കരിച്ച പല ദീർഘകാല പദ്ധതികൾക്കും നിഗൂഢമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ജനകീയ ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. സന്നദ്ധ ആരോഗ്യ പ്രവർത്തകർ സംശയത്തിന്റെ നിഴലിൽ അകപ്പെട്ടതിന്റെ ഉത്തരവാദിത്വം അവർക്കായി നയങ്ങൾ രൂപപ്പെടുത്തിയവർക്ക് തന്നെയാണ്. 2016ലെ എബോള വ്യാപന സമയത്ത് ഇസഡ് മാപ്പ് എന്ന മരുന്ന് പരീക്ഷിച്ചതിലെ ക്രൂരത പിന്നീട് സ്വതന്ത്ര ഗവേഷകർ പുറത്തുകൊണ്ടുവന്നിരുന്നു. ഒരു പരിശോധനയും പൂർത്തിയാക്കാത്ത ഈ മരുന്ന് നേരെ ആഫ്രിക്കക്കാരന്റെ ശരീരത്തിൽ കയറ്റുകയായിരുന്നു. ദരിദ്രന്റെ രോഗം പഠിക്കാനുള്ളതും ധനികന്റെ രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ളതുമാകുന്ന വിരോധാഭാസത്തെ തുറന്ന് കാണിക്കാതെ മനുഷ്യപ്പറ്റുള്ള ഒരാൾക്കും കിടന്നുറങ്ങാനാകില്ല.

ട്രംപ് ഭരിക്കുന്ന അമേരിക്കക്ക് ആഫ്രിക്കയോടുള്ള മനോഭാവം എത്ര മനുഷ്യത്വരഹിതമാണ് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് കെനിയയിലെ നാന്യുകിയിൽ എബോള ക്വാറന്റൈൻ സെന്റർ തുടങ്ങാനുള്ള തീരുമാനം. കോംഗോയിൽ നിന്നും ഉഗാണ്ടയിൽ നിന്നും എബോള ലക്ഷണങ്ങളോടെയെത്തുന്ന അമേരിക്കക്കാരെ പാർപ്പിക്കാനാണ് ഇവിടെ യു എസ് വ്യോമതാവളത്തിൽ സൗകര്യമൊരുക്കുന്നത്. കെനിയയിൽ ഒരു എബോള കേസും റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നിരിക്കെ ഇവിടേക്ക് വൈറസ് ഇറക്കുമതി ചെയ്യുകയാണോയെന്നാണ് കെനിയൻ ജനത ചോദിക്കുന്നത്. അമേരിക്കയെ സുരക്ഷിതമാക്കാൻ ഞങ്ങളെന്തിന് രോഗികളാകണമെന്ന ചോദ്യമുയർത്തി വമ്പൻ ജനകീയ പ്രതിഷേധം ഇവിടെ അരങ്ങേറുന്നുണ്ട്. പ്രക്ഷോഭത്തിനിടെ രണ്ട് പേർ ഇതിനകം കൊല്ലപ്പെട്ടു. യു എസുമായി പ്രതിരോധ കരാറുണ്ടെന്നും വ്യോമതാവളം അതിന്റെ ഭാഗമാണെന്നും അവിടെ ക്വാറന്റൈൻ കേന്ദ്രം തുടങ്ങുന്നത് തടയാനാകില്ലെന്നുമാണ് കെനിയൻ പ്രസിഡന്റ് വില്യം റുട്ടോ പറയുന്നത്. കേന്ദ്രം വരുന്നത് തടയണമെന്ന് കെനിയൻ നീതിപീഠം ഉത്തരവിറക്കിയിട്ടും അധികൃതർ യു എസിന് മുമ്പിൽ മുട്ടിലിഴയുക തന്നെയാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest