Connect with us

Kerala

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ആകെ 2.71 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.

കലാശക്കൊട്ടോടെ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇതിനുപിന്നാലെ സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലായിരുന്നു. സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകൾ കയറിയിറങ്ങി അവസാനവട്ട വോട്ടുറപ്പിച്ചു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണവും ഇന്ന് നടന്നു. 43 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്. സംസ്ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംഗ് നിയന്ത്രിക്കുന്നത്.

സംസ്ഥാനത്താകെ 30,495 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ 24 അനുബന്ധ പോളിങ് സ്റ്റേഷനുകൾ കൂടി അധികമായി ഒരുക്കിയിട്ടുണ്ട്. 352 ബൂത്തുകൾ പൂർണ്ണമായും വനിതകളും 37 ബൂത്തുകൾ ഭിന്നശേഷിക്കാരും നിയന്ത്രിക്കും. ക്രമസമാധാന പാലനത്തിനായി 76,000 പോലീസ്-കേന്ദ്ര സേനാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടിങ് സമയം. ഹോം വോട്ടിങ് 98 ശതമാനവും എമർജൻസി സർവീസ് വോട്ടിങ് 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച വൈകുന്നേരം ആറ് മണി വരെ മദ്യവിൽപന നിരോധിച്ചു. എക്സിറ്റ് പോളുകൾക്ക് ഏപ്രിൽ 29 വൈകുന്നേരം വരെ വിലക്കുണ്ട്.

ഇത്തവണ വോട്ടർമാർക്കായി 30 പുതിയ സംരംഭങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള സൗകര്യം ഇതിലൊന്നാണ്. കടുത്ത ചൂട് പരിഗണിച്ചു വെള്ളം, ഫാൻ സൗകര്യങ്ങളും എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.

Summary

The Kerala Assembly Election 2026 is scheduled to take place on April 9, with all necessary arrangements finalized by the Election Commission. A total of 2.71 crore voters will cast their ballots across 30,495 polling stations to decide the fate of 883 candidates. Enhanced facilities, including heat management and mobile storage, have been introduced to ensure a smooth voting process under tight security.

Latest