International
ലെബനനിൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ
കരാർ ലംഘിച്ച് ഹിസ്ബുല്ലക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണെന്നും ഇതിന് ഇസ്റാഈൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഇറാൻ
ബെയ്റൂത്ത് | ലെബനനിൽ ഇസ്റാഈൽ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണെങ്കിൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്റാഈൽ വെടിനിർത്തൽ ലംഘിച്ചതായി ഇറാനിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനനിലെ ആക്രമണങ്ങൾക്ക് മറുപടി നൽകുന്നതിനായി ഇസ്റാഈലിലെ വിവിധ ലക്ഷ്യങ്ങൾ ഇറാന്റെ സായുധ സേന തിരിച്ചറിഞ്ഞു വരുന്നതായി ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു.
യു എസ് സഖ്യവുമായി ഉണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന്റെ ഭാഗമാണ് ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക എന്നത്. എന്നാൽ കരാർ ലംഘിച്ച് ഹിസ്ബുല്ലക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണെന്നും ഇതിന് ഇസ്റാഈൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പ്രസ് ടി വി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ കരാർ ലംഘനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾ തടഞ്ഞതായി ഫാർസ് വാർത്താ ഏജൻസി അറിയിച്ചു.
അതേസമയം ഇറാനുമായുള്ള ആറാഴ്ചത്തെ യുദ്ധം അവസാനിപ്പിക്കാനുണ്ടാക്കിയ വെടിനിർത്തൽ കരാർ ലെബനന് ബാധകമല്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. ഹിസ്ബുല്ലക്കെതിരായ സൈനിക നീക്കം തുടരുമെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായി യു എസ് ഉണ്ടാക്കിയ വെടിനിർത്തൽ കരാറിൽ ലെബനൻ ഉൾപ്പെട്ടിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
Summary:
Iran has threatened to pull out of its two-week ceasefire agreement following continued Israeli attacks on Lebanon. While Iran claims the attacks violate the truce, Israel maintains that the agreement does not cover operations against Hezbollah. The situation has intensified with Iran reportedly blocking oil tankers in the Strait of Hormuz and identifying potential targets for a military response.


