Connect with us

Articles

ഇടത് ഭരണം അവസാനിക്കും

ഭിന്നിപ്പിന്റെ സ്വരം ഉയര്‍ത്തുന്ന വര്‍ഗീയ ശക്തികളെ തൂത്തെറിഞ്ഞ് മതേതര നിലപാട് സ്വീകരിക്കുന്ന ഐക്യജനാധിപത്യ മുന്നണിക്കൊപ്പമായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പൊതുമനസ്സ്

Published

|

Last Updated

ഏകാധിപതികള്‍ എല്ലാ കാലത്തും ഭീരുക്കളായിരിക്കും. ഭയമാണ് അവരെ ഭരിക്കുന്നത്. അധികാരം കാല്‍ച്ചുവട്ടില്‍ നിന്ന് ഒലിച്ചു പോകുന്നത് അവര്‍ക്ക് സഹിക്കാനാകില്ല. കേരളത്തെ ഭരിക്കുന്നതും ഭയമാണ്. ഭിന്നിപ്പിന്റെ സ്വരം ഉയര്‍ത്തുന്ന വര്‍ഗീയ ശക്തികളെ തൂത്തെറിഞ്ഞ് മതേതര നിലപാട് സ്വീകരിക്കുന്ന ഐക്യജനാധിപത്യ മുന്നണിക്കൊപ്പമായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പൊതുമനസ്സ്.

സര്‍ക്കാറും സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും ഖജനാവും ശബരിമലയും കൊള്ളയടിച്ച ഇരുണ്ട കാലമായിരുന്നു പിണറായി വിജയന്റെ ഭരണകാലം. നവോത്ഥാന നായകനാണ് പിണറായി വിജയനെന്നു വരുത്തിത്തീര്‍ക്കാന്‍ ആദ്യം ശബരിമലയിലെ ആചാര ലംഘനത്തിന് കൂട്ടുനിന്നു. പിന്നലെ അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചു. സ്വര്‍ണക്കൊള്ള ആരും അറിഞ്ഞില്ലെന്നു കണ്ടതോടെയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത്. കോടതിയെ പോലും പറ്റിച്ച് അയ്യപ്പ സംഗമത്തിലും കൊള്ള നടത്തി. കൊവിഡ് ഭീതിയുടെ മറവിലും നന്മ മരങ്ങളായി പി ആര്‍ ഏജന്‍സികള്‍ വാഴ്ത്തിയവര്‍ കേരളം കൊള്ളയടിച്ചു. മഹാപ്രളയത്തിന്റെ പേരിലും മുതലെടുപ്പ് നടത്തി. പ്രളയം മനുഷ്യ നിര്‍മിതമായിരുന്നെന്ന് യു ഡി എഫ് അന്നേ ആരോപണം ഉന്നയിച്ചതാണ്. അത് ശരിയാണെന്നും കാരണക്കാരന്‍ മുന്‍ സര്‍ക്കാറിലെ ഒരു മന്ത്രിയായിരുന്നെന്നും നിലവിലെ മന്ത്രി സമ്മതിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നുണകളുടെ കൂമ്പാരവുമായാണ് പിണറായി വിജയന്‍ പ്രോഗ്രസ്സ് റിപോര്‍ട്ട് പുറത്തിറക്കിയത്. അഞ്ച് ലക്ഷം വീടുകള്‍ പണിയുമെന്നത് 2016ലെ എല്‍ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. എന്നിട്ടാണ് പത്ത് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍ പണിതെന്ന് മേനി നടിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 4,43,000 വീടുകള്‍ പൂര്‍ത്തിയാക്കുകയും അമ്പതിനായിരം വീടുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ആ അമ്പതിനായിരം കൂടി ഇവരുടെ അഞ്ച് ലക്ഷത്തില്‍ ഉള്‍പ്പെടുത്തി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 1,600 രൂപയില്‍ നിന്ന് 2,500 രൂപയാക്കുമെന്നതായിരുന്നു 2021ലെ എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നിട്ട് നാലേമുക്കാല്‍ വര്‍ഷം ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പ് 400 രൂപ കൂട്ടി. അപ്പോഴും 2,500 ആക്കിയില്ല.
12 മാസമായി രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. മലയോര മേഖലയിലെ 30 ലക്ഷത്തോളം സാധാരണക്കാരെ ഈ സര്‍ക്കാര്‍ വന്യജീവികളുടെ ദയയ്ക്ക് വിട്ടുകൊടുത്തു. റബര്‍, നാളികേരം, കാപ്പി, നെല്ല് ഉള്‍പ്പെടെ എല്ലാ കാര്‍ഷിക മേഖലകളും തകര്‍ന്നു. സര്‍ക്കാറിന്റെ ധൂര്‍ത്തും അഴിമതിയും ആറ് ലക്ഷം കോടിയുടെ കടബാധ്യതയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിട്ടത്. ധന പ്രതിസന്ധിയില്‍ എസ് സി, എസ് ടി വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചു. ക്ഷേമനിധി ബോര്‍ഡുകളില്‍ തൊഴിലാളികള്‍ അടച്ച അംശാദയം വകമാറ്റി. 18 മാസമായി ക്ഷേമനിധി പെന്‍ഷനും ആനുകൂല്യങ്ങളും കിട്ടാത്തവരുണ്ട്. സാമൂഹികക്ഷേമ പെന്‍ഷനും ഈ സര്‍ക്കാറിന്റെ കാലത്ത് മാസങ്ങളോളം മുടങ്ങി. പെന്‍ഷന്‍ തുക കൂട്ടുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാതെയും ഇവര്‍ പാവങ്ങളെ കബളിപ്പിച്ചു.

എത്രയെത്ര അഴിമതികളും പിന്‍വാതില്‍ നിയമനങ്ങളുമാണ് ഈ സര്‍ക്കാറിന്റെ കാലത്ത് നടന്നത്. പി എസ് സി റാങ്ക് ലിസ്റ്റ് പോലും അട്ടിമറിച്ച് സ്വന്തക്കാരായ ക്രിമിനലുകളെ പോലീസില്‍ തിരുകിക്കയറ്റി. ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കിടന്നു. കരുവന്നൂര്‍ ബേങ്ക് കൊള്ളയടിച്ചതും കേരളം ഭരിക്കുന്ന പാര്‍ട്ടി. ബി ജെ പി നേതാവ് പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസില്‍ എന്താണ് സംഭവിച്ചത്?

അധികാരത്തില്‍ വരുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമായി കേരളത്തോട് പറഞ്ഞാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എവിടെയെല്ലാം ഈ സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള ബദല്‍ പദ്ധതികള്‍ യു ഡി എഫിനുണ്ട്. ജനക്ഷേമ- വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ പ്രകടനപത്രിക ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചാണ് യു ഡി എഫ് വോട്ട് തേടുന്നത്. സ്ത്രീകള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളിലെ സൗജന്യ യാത്രയും കോളജ് വിദ്യാര്‍ഥിനികള്‍ക്കുള്ള സാമ്പത്തിക സഹായവും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സും ഉള്‍പ്പെടെ ഉറപ്പാക്കുന്ന ഇന്ദിരാ ഗ്യാരണ്ടിയും നടപ്പാക്കും. ക്ഷേമ പെന്‍ഷന്‍ 3,000 രൂപയാക്കും. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള പദ്ധതിയും എയര്‍പോര്‍ട്ടുകളെ കൂട്ടിയിണക്കിയുള്ള ഏവിയേഷന്‍ പദ്ധതിയും യു ഡി എഫ് അവതരിപ്പിച്ചിട്ടുണ്ട്. പ്രകടനപത്രിക സമയ ബന്ധിതമായി നടപ്പാക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനവും സജ്ജമാക്കും. സര്‍ക്കാര്‍ പരാജയപ്പെട്ടിടത്തൊക്കെ യു ഡി എഫ് വിജയിക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അഞ്ച് വര്‍ഷത്തിനിടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ലിമെന്റ്- തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ പറഞ്ഞത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും നൂറിലധികം സീറ്റുകളുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലേക്ക് തിരിച്ചു വരും. കേരളം ജയിക്കും യു ഡി എഫ് നയിക്കും.

Latest