Connect with us

From the print

കോൺഗ്രസ്സിന്റെ വയനാട് ഫണ്ട് ; പ്രവാസിയുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം മാറ്റിയെന്ന് സി പി എം

എട്ടക്ക സംഖ്യയുടെ ഇടപാടുകൾ ഒളിപ്പിച്ചുവെച്ചു

Published

|

Last Updated

തിരുവനന്തപുരം | മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി പി എം സോഷ്യൽ മീഡിയാ കോ-ഓർഡിനേറ്റർ എം വി നികേഷ് കുമാർ. പുനരധിവാസത്തിനായി ഫണ്ട് പിരിച്ച ശേഷം ഇടപാട് നടന്നത് ധനലക്ഷ്മി ബേങ്കിന്റെ അക്കൗണ്ടിൽ മാത്രമല്ലെന്നും ഫെഡറൽ ബേങ്കിലെ അക്കൗണ്ടിലും ഇടപാട് നടന്നുവെന്നുംനികേഷ് കുമാർ പറയുന്നു. ഫെഡറൽ ബേങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ചിൽ തുടങ്ങിയ 13740200004964 നമ്പർ അക്കൗണ്ടിൽ എട്ടക്ക സംഖ്യയുടെ ഇടപാട് നടന്നതായി നികേഷ് കുമാർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പുനരധിവാസത്തിനായി പിരിച്ച തുക സൂക്ഷിച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാക്കളായ കെ സി വേണുഗോപാൽ, കെ പി സി സി പ്രസിഡന്റ്സണ്ണി ജോസഫ് എന്നിവർ പങ്കുവെച്ച വിവരങ്ങളിൽ അവ്യക്തതയുണ്ടെന്നാണ് നികേഷ് കുമാറിന്റെ ആരോപണം. സ്റ്റാൻഡ് വിത്ത് വയനാട് ഐ എൻ സി എന്ന ആപ്പുമായി ബന്ധിപ്പിച്ചത് ധനലക്ഷ്മി ബേങ്ക് ശാസ്തമംഗലം ബ്രാഞ്ചിലെ അക്കൗണ്ടാണെന്നാണ് വിവരം. 2024 ആഗസ്ത് 17നാണ് അക്കൗണ്ട് ആരംഭിച്ചത്. ഇതിലെ 5.38 കോടിയാണ് സണ്ണി ജോസഫ് കണക്കെന്ന പേരിൽ വായിച്ചത്. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി കൈകാര്യം ചെയ്യുന്ന അക്കൗണ്ടിനെ കുറിച്ച് ഇതുവരെ പുറത്തുപറയാത്തത് എന്തുകൊണ്ടാണെന്നും നികേഷ് കുമാർ ചോദിച്ചു.

ധനലക്ഷ്മി ബേങ്കിലെ അക്കൗണ്ടിനു പുറമെയാണ് ഫെഡറൽ ബേങ്കിന്റെ പട്ടം ബ്രാഞ്ചിലെ അക്കൗണ്ട്. ഇതിലേക്ക് കോടികൾ ലഭിക്കുകയും അവ പലതവണയായി പിൻവലിക്കുകയും ചെയ്തു. യു എ ഇയിലുള്ള ഒരു മലയാളിയുടെ അക്കൗണ്ടിലേക്ക് പോയ 53 ലക്ഷത്തോളം രൂപയും ഇതിലുൾപ്പെടും. ഫെഡറൽ ബേങ്കിൽ നിന്ന് പണം മാറ്റിയ മലയാളിയുടെ അക്കൗണ്ടിലേക്ക് ഫെബ്രുവരിയിൽ ധനലക്ഷ്മി ബേങ്കിലെ അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ കൈമാറിയിട്ടുണ്ടെന്നും നികേഷ് കുമാർ ആരോപിക്കുന്നു.

ഫെഡറൽ ബേങ്കിന്റെ അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്നാണ് നികേഷ് കുമാർ ഉന്നയിക്കുന്ന മറ്റൊരു പ്രധാന ചോദ്യം. “ഈ അക്കൗണ്ടിന്റെ വിവരങ്ങൾ എന്തുകൊണ്ട് കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഇതുവരെ പുറത്തുവിട്ടില്ല?, ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് ധനലക്ഷ്മി ബേങ്കിലെ അക്കൗണ്ടിൽ നിന്നും ഫെഡറൽ ബേങ്കിന്റെ അക്കൗണ്ടിൽ നിന്നും പണം പോയിട്ടുണ്ടോ?, 2026ലാണ് സ്ഥലം രജിസ്റ്റർ ചെയ്തതെങ്കിൽ 2024ൽ തന്നെ ലക്ഷങ്ങൾ ഒരു അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്, ആ അക്കൗണ്ട് ആരുടേതാണ്?, സ്ഥലം രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഒരു പ്രവാസി മലയാളിയുടെ പേരിലേക്ക് കോടിക്കണക്കിന് രൂപ പോയിട്ടുണ്ട്. ഈ പ്രവാസി മലയാളിയുമായി കെ പി സി സി ഏതെങ്കിലും തരത്തിലുള്ള കരാറുണ്ടാക്കിയിട്ടുണ്ടോ?’ എന്നിവ വ്യക്തമാക്കണമെന്നും നികേഷ്കുമാര്‍ ആവശ്യപ്പെട്ടു.

Latest