Connect with us

From the print

എണ്ണ ഇറക്കുമതി: ഇന്ത്യക്ക് വീണ്ടും ആശങ്ക

ഉപരോധ ഇളവുകള്‍ പുതുക്കില്ലെന്ന് അമേരിക്ക. ഇളവുകള്‍ 19ന് അവസാനിക്കും. ഇളവ് നല്‍കിയത് യുദ്ധസാഹചര്യത്തില്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ അനുവദിച്ച ഉപരോധ ഇളവുകള്‍ പുതുക്കില്ലെന്ന് അമേരിക്ക. ഇതോടെ, ഇന്ത്യന്‍ റിഫൈനറികള്‍ക്കുള്ള അസംസ്‌കൃത എണ്ണ വിതരണത്തില്‍ കുറവുണ്ടായേക്കും. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റാണ് ഉപരോധ ഇളവുകള്‍ അവസാനിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 11ന് മുമ്പ് കടലിലുണ്ടായിരുന്ന എണ്ണടാങ്കറുകളുടെ കാര്യത്തിലായിരുന്നു ഇളവുകളെന്നും അതെല്ലാം ഇപ്പോള്‍ ഉപയോഗിച്ചുകഴിഞ്ഞെന്നും ബെസന്റ്പറഞ്ഞു.

കപ്പലുകളില്‍ കയറ്റിയതും ഉപരോധത്തില്‍ ഉള്‍പ്പെട്ടതുമായ റഷ്യന്‍, ഇറാനിയന്‍ അസംസ്‌കൃത എണ്ണയുടെ കാര്യത്തിലാണ് നേരത്തേ ട്രംപ് ഭരണകൂടം താത്കാലിക ഇളവുകള്‍ നല്‍കിയത്. റഷ്യന്‍ എണ്ണ വിതരണത്തിനുള്ള അനുമതി ശനിയാഴ്ച അവസാനിച്ചു. ഇറാനിയന്‍ എണ്ണക്കുള്ള അനുമതി ഞായറാഴ്ച അവസാനിക്കുകയാണ്.

ഫെബ്രുവരി അവസാനത്തോടെ യു എസ്- ഇസ്‌റാഈല്‍ സഖ്യം ഇറാനു നേരെ ആക്രമണം തുടങ്ങിയതോടെയാണ് ആഗോള ഊര്‍ജവിതരണത്തില്‍ തടസ്സം നേരിട്ടത്. ഈ ഘട്ടത്തില്‍, ഇറക്കുമതിയെ ആശ്രയിക്കുന്നതും വിലവര്‍ധന പെട്ടെന്ന് ബാധിക്കുന്നതുമായ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങാനാണ് അമേരിക്ക ഉപരോധത്തില്‍ ഇളവ് അനുവദിച്ചത്. ഇതിനു പിന്നാലെ, മൂന്ന് കോടി ബാരല്‍ റഷ്യന്‍ എണ്ണക്ക് വേണ്ടി ഇന്ത്യന്‍ റിഫൈനറികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. മാര്‍ച്ചില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി പ്രതിദിനം ശരാശരി 19.8 ലക്ഷം ബാരലായിരുന്നു. 2023 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസം ഇത് പ്രതിദിനം ശരാശരി 15.7 ലക്ഷം ബാരലായി കുറഞ്ഞു.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, 2022ലെ യുക്രൈന്‍ അധിനിവേശത്തിന് മുമ്പ് ആകെ അസംസ്‌കൃത എണ്ണയുടെ ചെറിയ ഭാഗം മാത്രമാണ് റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നത്. എന്നാല്‍, മറ്റുള്ളവര്‍ പിന്മാറിയതോടെ വന്‍ വിലക്കിഴിവില്‍ ലഭ്യമായ റഷ്യന്‍ എണ്ണയുടെ കടല്‍മാര്‍ഗമുള്ള ഏറ്റവും വലിയ വാങ്ങലുകാരായി ഇന്ത്യ മാറുകയായിരുന്നു. റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിച്ചുള്ള യു എസിന്റെ ആദ്യ ഇളവ് മാര്‍ച്ച് ആദ്യവാരം പുറപ്പെടുവിക്കുകയും പിന്നീട് കാലാവധി നീട്ടുകയും ചെയ്തു. ആദ്യത്തെ ഇളവിന് ശേഷം, ഈ മാസം വരെ ഇന്ത്യ ഏകദേശം ആറ് കോടി ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിയെന്നാണ് കണക്ക്.

 

Latest