Connect with us

Articles

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പാതി വഴിയിലോ?

ഐക്യരാഷ്ട്ര സഭ ആവിഷ്‌കരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വെറും വികസന പദ്ധതികളല്ല, മറിച്ച് ഭൂമിയുടെയും മനുഷ്യരാശിയുടെയും നിലനില്‍പ്പിനുള്ള ബ്ലൂപ്രിന്റാണ്. സുസ്ഥിര വികസനം ഇന്നത്തെ തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ഭാവി തലമുറയുടെ അവസരങ്ങളെ ഇല്ലാതാക്കാതിരിക്കലുമാണ്. എല്ലാ ലക്ഷ്യങ്ങളും 100 ശതമാനം പൂര്‍ത്തീകരിക്കാന്‍ പ്രയാസമാണെങ്കിലും, ഓരോ രാജ്യവും അവരുടെ തദ്ദേശീയമായ ഇടപെടലുകളിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

Published

|

Last Updated

2015ല്‍ ഐക്യരാഷ്ട്ര സഭ ‘അജന്‍ഡ 2030’ എന്ന പേരില്‍ 17 ലക്ഷ്യങ്ങള്‍ നേടാന്‍ വിഭാവന ചെയ്യുകയും അത് ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വെറും ഒരു പട്ടികയല്ല, മറിച്ച് വരും തലമുറക്കായി കരുതിവെക്കുന്ന സുരക്ഷിത നിക്ഷേപമാണ്. ഒരു രാജ്യം മാത്രം വികസിച്ചത് കൊണ്ട് കാര്യമില്ല, ലോകം ഒന്നായി മുന്നേറിയാല്‍ മാത്രമേ മനുഷ്യരാശിക്ക് സുരക്ഷിതമായി നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഐക്യരാഷ്ട്ര സഭ ആവിഷ്‌കരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വെറും വികസന പദ്ധതികളല്ല, മറിച്ച് ഭൂമിയുടെയും മനുഷ്യരാശിയുടെയും നിലനില്‍പ്പിനുള്ള ബ്ലൂപ്രിന്റാണ്. സുസ്ഥിര വികസനം ഇന്നത്തെ തലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ഭാവി തലമുറയുടെ അവസരങ്ങളെ ഇല്ലാതാക്കാതിരിക്കലുമാണ്. എല്ലാ ലക്ഷ്യങ്ങളും 100 ശതമാനം പൂര്‍ത്തീകരിക്കാന്‍ പ്രയാസമാണെങ്കിലും, ഓരോ രാജ്യവും അവരുടെ തദ്ദേശീയമായ ഇടപെടലുകളിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

2030ലേക്കുള്ള ദൂരം കുറഞ്ഞു വരികയാണ്. പ്രധാനമായും നിശ്ചയിച്ച 169 ലക്ഷ്യങ്ങളില്‍ 13 മുതല്‍ 17 ശതമാനം വരെ മാത്രമാണ് പുരോഗതി ഉണ്ടായിട്ടുള്ളത്. ചില ലക്ഷ്യങ്ങളില്‍ 35 ശതമാനം പുരോഗതി കാണിക്കുന്നുണ്ടെങ്കിലും 2030നകം പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല. മറ്റ് ലക്ഷ്യങ്ങളിലേക്കുള്ള പ്രവര്‍ത്തനം നിശ്ചലമാകുകയോ അല്ലെങ്കില്‍ ഏറെ പിറകിലോ ആണ്.
ദാരിദ്ര്യ നിര്‍മാര്‍ജനം, പട്ടിണിരഹിത ലോകം, എല്ലാ പ്രായത്തിലുള്ളവരുടെയും ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗ സമത്വം, എല്ലാവര്‍ക്കും ശുദ്ധജല ലഭ്യതയും ശുചിത്വ പരിപാലനവും, കുറഞ്ഞ ചെലവില്‍ വിശ്വസനീയവും സുസ്ഥിരവും ആധുനികവുമായ ഊര്‍ജം ലഭ്യമാക്കുക, മാന്യമായ ജോലിയും സാമ്പത്തിക വളര്‍ച്ചയും, കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങള്‍, അസമത്വം കുറയ്ക്കുക, സുസ്ഥിരനഗരങ്ങളും സമൂഹങ്ങളും, ഉത്തരവാദിത്വത്തോടെയുള്ള ഉപഭോഗവും ഉത്പാദനവും, കാലാവസ്ഥാ പ്രതിരോധം തുടങ്ങിയവ ലക്ഷ്യങ്ങളില്‍ പ്രധാനമാണ്.

ആരോഗ്യരംഗത്ത് ശിശു മരണനിരക്ക് കുറയ്ക്കുന്നതിലും പടരുന്ന രോഗങ്ങളെ നിയന്ത്രിക്കുന്നതിലും പല രാജ്യങ്ങളും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ശുദ്ധമായ ഊര്‍ജം നേടുക എന്ന ലക്ഷ്യത്തില്‍ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളിലേക്കുള്ള മാറ്റം പലയിടത്തും വേഗത്തില്‍ നടക്കുന്നു. എങ്കിലും കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യവും അസമത്വവും എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ണമായും കൈവരിക്കാന്‍ ഇനിയും ദശാബ്ദങ്ങള്‍ വേണ്ടി വരും. എല്ലാ ലക്ഷ്യങ്ങളും ഒന്നിച്ചു നേടാന്‍ കഴിയുകയില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ്, ആറ് മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ടുപോകുന്നത്. ഭക്ഷ്യ സുരക്ഷ, ഊര്‍ജം, ഡിജിറ്റല്‍ വിനിമയം, വിദ്യാഭ്യാസവും തൊഴിലും, കാലാവസ്ഥാ വ്യതിയാനം എന്നിവയാണത്.
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. 2030ഓടെ വിശപ്പില്ലാത്ത ലോകത്തിനായി ഇനിയും സഞ്ചരിക്കേണ്ടി വരും. പ്രതിദിനം 2.15 അമേരിക്കന്‍ ഡോളറില്‍ താഴെ വരുമാനമുള്ളവരെയാണ് അതിദരിദ്രരായി കണക്കാക്കുന്നത്. ലോക ജനസംഖ്യയുടെ 10 ശതമാനം ജനങ്ങളും ഇപ്പോഴും അതിദരിദ്രരാണ്. 84.7 കോടി ജനങ്ങളെ ഈ അതിദാരിദ്ര്യത്തില്‍ നിന്ന് എങ്ങനെ മോചിപ്പിക്കാന്‍ സാധിക്കും എന്നത് വലിയ ചോദ്യചിഹ്നമാണ്. ലോകത്ത് 11ല്‍ ഒരാള്‍ പട്ടിണി അനുഭവിക്കുന്നു. 77 ലക്ഷം പേര്‍ കടുത്ത ക്ഷാമം അനുഭവിക്കുന്നു. ലോകത്തെ 29 ശതമാനം പേര്‍ അതായത് 240 കോടി ജനങ്ങള്‍ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. ആഫ്രിക്കയിലെ ജനങ്ങളില്‍ അഞ്ചില്‍ ഒന്നും പട്ടിണിയിലാണ്. ലോകത്ത് നടക്കുന്ന യുദ്ധവും സംഘര്‍ഷവുമാണ് ആഗോള പട്ടിണിയുടെ 60 ശതമാനത്തിന്റെയും കാരണം. 3.1 കോടി ജനങ്ങള്‍ പട്ടിണിയിലായ നൈജീരിയ, 2.5 കോടിയില്‍ അധികം പട്ടിണിയിലായ സുഡാന്‍. 95 ശതമാനം ജനങ്ങളും പട്ടിണിയിലായ ഗസ്സ… ഈ സാഹചര്യത്തില്‍ പട്ടിണിയില്ലാത്ത ലോകം 2030ല്‍ സാധ്യമാകുമോ എന്നത് സംശയമാണ്.
ലോകത്ത് 280 കോടി ജനങ്ങള്‍ക്കും ഗുണനിലവാരമുള്ള പോഷകാഹാരം വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ഇത് 71 ശതമാനം വരെയാണ്. ലോകത്ത് സംഭവിക്കുന്ന ശിശു മരണങ്ങളില്‍ 50 ശതമാനവും പോഷകാഹാര കുറവുകൊണ്ടാണ് സംഭവിക്കുന്നത്. ഓരോ വര്‍ഷവും പട്ടിണി മൂലം മരിക്കുന്ന 90 ലക്ഷം ആളുകളില്‍ മൂന്നില്‍ ഒന്നും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്ര സഭ ആവിഷ്‌കരിച്ച പ്രോഗ്രാം നടപ്പാക്കണമെങ്കില്‍ ഈ വര്‍ഷം മാത്രം 1.3 ബില്യണ്‍ ഡോളര്‍ ആവശ്യമാണ്. അസ്തിത്വ പ്രശ്‌നം നേരിടുന്ന ഐക്യരാഷ്ട്ര സഭക്ക് ഇത്ര ഭീമമായ തുക എങ്ങനെ സംഘടിപ്പിക്കാന്‍ കഴിയുമെന്നത് ആശങ്കയുണ്ടാക്കുന്നു.

വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 2026ല്‍ ആഗോള താപനില 1.43 ഡിഗ്രി സെല്‍ഷ്യസ് ആയി കൂടി. 2029ല്‍ ഇത് 1.5 ഡിഗ്രി സെല്‍ഷ്യസ് കടക്കും. ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥെയ്ന്‍ എന്നിവയുടെ അളവ് അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നു. ചൂട് കാരണം ഹിമാനികള്‍ ഉരുകുന്ന പ്രതിഭാസം വര്‍ധിക്കുന്നു. 2015-25 കാലയളവിലാണ് ചരിത്രത്തില്‍ ഏറ്റവും ചൂടേറിയ വര്‍ഷങ്ങള്‍ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനത്തില്‍ ഏറ്റവും കുറവ് സംഭാവന ചെയ്യുന്ന ആഗോള തെക്ക് രാജ്യങ്ങളിലെ ദരിദ്ര രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കേണ്ടി വരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിലൂടെ ദരിദ്ര രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സഭ ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് 1.3 ട്രില്യണ്‍ യു എസ് ഡോളര്‍ വേണം. ഇത് നല്‍കാന്‍ വന്‍കിട രാജ്യങ്ങള്‍ മടിച്ചു നില്‍ക്കുകയാണ്.

2026ലെ ലോക അസമത്വ റിപോര്‍ട്ട് പരിശോധിച്ചാല്‍ ഏറ്റവും സമ്പന്നരായ പത്ത് ശതമാനം ആളുകളുടെ കൈകളിലാണ് ആഗോള സമ്പത്തിന്റെ 75 ശതമാനവും. താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ കൈയില്‍ ആഗോള സമ്പത്തിന്റെ വെറും രണ്ട് ശതമാനം മാത്രമാണുള്ളത്. ഇന്ത്യയില്‍ പത്ത് ശതമാനം സമ്പന്നര്‍ 58 ശതമാനം വരുമാനം കൈകാര്യം ചെയ്യുന്നു. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് നിലവില്‍ ഈ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണ് എന്നാണ്. ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ച കൊവിഡിന് മുമ്പുള്ള വളര്‍ച്ചാ നിരക്കില്‍ എത്തിയിട്ടില്ല. നിലവില്‍ ആഗോള സാമ്പത്തിക വളര്‍ച്ച 2.8 ശതമാനം മാത്രമാണ്. മുമ്പ് 3.2 ശതമാനം വരെയായിരുന്നു.

2025ല്‍ ബ്രസീലില്‍ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിലെ ആക് ഷന്‍ പ്ലാന്‍ പ്രകാരം തൊഴില്‍ മനുഷ്യാവകാശമായി പ്രഖ്യാപിച്ചതും പരിസ്ഥിതി അവകാശം രാജ്യങ്ങള്‍ക്കിടയില്‍ നീതിപൂര്‍വമായി ഉറപ്പിക്കാന്‍ തീരുമാനിച്ചതും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക വിദ്യയുടെ വിടവുകള്‍ കുറയ്ക്കാന്‍ ദോഹ പൊളിറ്റിക്കല്‍ ഡിക്ലറേഷന്‍ 2026 പ്രകാരം പുതിയ തീരുമാനങ്ങളുണ്ടായത് നേട്ടമാണ്. ഈ വര്‍ഷം തുര്‍ക്കിയില്‍ നടക്കുന്ന ഉച്ചകോടിയില്‍, ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, പെട്രോള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണമായി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാനുള്ള പ്രയാണത്തിലെ വലിയ ദിശാസൂചകമായി മാറുമെന്ന് പ്രതീക്ഷിക്കാം. നിലവിലുള്ള രീതിയില്‍ നിന്ന് ഐ എം എഫ്, വേള്‍ഡ് ബേങ്ക് എന്നിവയെ ഉടച്ചുവാര്‍ക്കണം. വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക് ഉപാധിരഹിത വായ്പകള്‍ നല്‍കണം. ലാഭേച്ഛയില്ലാതെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യങ്ങള്‍ക്ക് ഗ്രാന്റ് നല്‍കണം. 2026 ഹൈഡ്രജന്‍ ഏകീകരണത്തിന്റെ വര്‍ഷമാണ്. ഹരിത ഹൈഡ്രജന്‍ ഉത്പാദനം രാജ്യങ്ങള്‍ വര്‍ധിപ്പിക്കണം.

ഈ വര്‍ഷം ജൂലൈയില്‍ പാരീസില്‍ വെച്ച് നടക്കുന്ന ആഗോള നിര്‍മിത ബുദ്ധി ഉച്ചകോടിയെ രാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. ഇന്റര്‍നെറ്റ് ലഭ്യത ഭക്ഷണവും വെള്ളവും പോലെ അത്യന്താപേക്ഷിതമാണ് എന്ന ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുന്നതിന് ഈ ആഗോള ഉച്ചകോടി ഉപകരിക്കും.

---- facebook comment plugin here -----

Latest