Connect with us

From the print

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ ഇന്ന് വോട്ട്

പാസ്സാകാന്‍ പ്രതിപക്ഷ പിന്തുണ കൂടി വേണം. ലോക്സഭാ സീറ്റുകള്‍ 550ല്‍ നിന്ന് 850 ആകും.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്സഭ, നിയമസഭാ മണ്ഡലങ്ങളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിന്റെ പേരില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള വിവാദ ഭരണഘടനാ ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മറികടന്ന് 185നെതിരെ 251 വോട്ടുകള്‍ നേടിയാണ് ബില്ല് അവതരണാനുമതി നേടിയത്. ഭരണഘടനാ ബില്ല് പാസ്സാക്കുന്നതിന് പാര്‍ലിമെന്റില്‍ പ്രത്യേക ഭൂരിപക്ഷം ആവശ്യമായതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി വേണം. സഭയുടെ ആകെ അംഗങ്ങളുടെ കേവല ഭൂരിപക്ഷവും ഹാജരാകുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടിയാല്‍ മാത്രമേ ഭരണഘടനാ ഭേദഗതി പാസ്സാകുകയുള്ളൂ. നിലവില്‍ എന്‍ ഡി എക്ക് മാത്രമായി ഈ ഭൂരിപക്ഷമില്ല.

ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന് വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. കേന്ദ്ര നിയമകാര്യ മന്ത്രി അര്‍ജുന്‍ മേഘ്വാളാണ് ബില്ല് അവതരിപ്പിച്ചത്. ലോക്സഭാംഗങ്ങളുടെ എണ്ണത്തില്‍ ഏകീകൃതമായ 50 ശതമാനം വര്‍ധനവുണ്ടാകുമെന്നും സഭയുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ്സ് പ്രതിനിധികളായ പ്രിയങ്കാ ഗാന്ധി, ഗൗരവ് ഗൊഗോയ്, കെ സി വേണുഗോപാല്‍, എസ് പി നേതാവ് അഖിലേഷ് യാദവ്, ശിവസേന (യു ബി ടി) അംഗം അരവിന്ദ് സാവന്ത്, എന്‍ സി പി (എസ് പി) അംഗം അമോല്‍ റാംസിംഗ് കോല്‍ഹെ, മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീര്‍, ബി ജെ പി അംഗം തേജസ്വി സൂര്യ ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തത്.

വനിതാ സംവരണത്തെ അനുകൂലിക്കുന്നുവെങ്കിലും, അതിന്റെ മറവില്‍ ബി ജെ പിക്ക് അനുകൂലമായ രീതിയില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള നീക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ജനസംഖ്യ കുറഞ്ഞ ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ അനുപാതത്തെ ബില്ല് പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഭരണഘടനാ ഭേദഗതി ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലും ഒരുമിച്ച് പരിഗണിക്കുന്നത് നല്ല രീതിയല്ലെന്നും അതിന് അനന്തരഫലങ്ങളുണ്ടെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. വനിതാ സംവരണത്തിന് മണ്ഡല പുനര്‍നിര്‍ണയം വേണമെന്ന ആവശ്യമുയര്‍ത്തി കേന്ദ്രം തടസ്സം സൃഷ്ടിക്കുകയാണെന്ന് ഗൊഗോയ് പറഞ്ഞു. ഒ ബി സി സമൂഹത്തിന്റെ പ്രാതിനിധ്യം ദുര്‍ബലപ്പെടുത്താനാണ് 2011ലെ സെന്‍സസ് ഉപയോഗിച്ച് മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

ജാതി സെന്‍സസ് വൈകിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും വാദിച്ചു. ഇത്രയും പ്രധാനപ്പെട്ട ബില്ല് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, തങ്ങളുടെ അവകാശങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരെ സ്ത്രീകള്‍ മറക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വനിതാ സംവരണം ചരിത്ര ദൗത്യമാണെന്നും രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബില്ലുകളില്‍
ഓരോ സംസ്ഥാനത്തിനും ജനസംഖ്യ അനുസരിച്ച് ലോക്‌സഭാ സീറ്റുകള്‍ ലഭിക്കും

എപ്പോള്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തണമെന്നും ഏത് സെന്‍സസ് ഉപയോഗിക്കണമെന്നും പാര്‍ലിമെന്റ്തീരുമാനിക്കും. അടുത്ത മണ്ഡല പുനര്‍നിണയത്തിന് 2011ലെ സെന്‍സസ് ഉപയോഗിക്കും.

പരമാവധി ലോക്സഭാ സീറ്റുകളുടെ എണ്ണം 550ല്‍ നിന്ന് 850 ആയി വര്‍ധിക്കും. ഇത് സംസ്ഥാനങ്ങളില്‍ നിന്ന് 815 വരെയും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് 35 വരെയുമാകും.

സ്ത്രീ സംവരണം നടപ്പാക്കാന്‍ പുതിയ സെന്‍സസിനായി കാത്തിരിക്കേണ്ട ആവശ്യകത നീക്കുന്നു.

മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ സുപ്രീം കോടതി ജഡ്ജി (ചെയര്‍പേഴ്സണ്‍), കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരടങ്ങുന്ന കമ്മീഷന്‍ രൂപവത്കരിക്കും.

 

Latest