International
ലോകം ചുരുക്കം ചില സ്വേച്ഛാധിപതികള്‍ കാരണം നശിപ്പിക്കപ്പെടുന്നു; ട്രംപിനെതിരെ പരോക്ഷ വിമര്‍ശനവുമായി മാര്‍പാപ്പ
എല്ലാം നശിപ്പിക്കാന്‍ ഒരു നിമിഷം മതി, പുനര്‍നിര്‍മിക്കാന്‍ ഒരു ജീവിതകാലം മതിയാകില്ലെന്ന യാഥാര്‍ഥ്യം അറിയാത്തവരായി യുദ്ധത്തിന് നേതൃത്വം കൊടുക്കുന്നവര്‍ മാറുന്നു.
വത്തിക്കാന്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരോക്ഷ വിമര്‍ശനം തുടര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ലോകം ചുരുക്കം ചില സ്വേച്ഛാധിപതികള്‍ കാരണം നശിപ്പിക്കപ്പെടുകയാണെന്ന് ട്രംപിന്റെ പേരെടുത്ത് പറയാതെ മാര്‍പാപ്പ പറഞ്ഞു.
എല്ലാം നശിപ്പിക്കാന്‍ ഒരു നിമിഷം മതി, പുനര്‍നിര്‍മിക്കാന്‍ ഒരു ജീവിതകാലം മതിയാകില്ലെന്ന യാഥാര്‍ഥ്യം അറിയാത്തവരായി യുദ്ധത്തിന് നേതൃത്വം കൊടുക്കുന്നവര്‍ മാറുന്നു. കാമറൂണിലെ ബമെന്‍ഡയില്‍ സംസാരിക്കുമ്പോഴാണ് യുദ്ധത്തിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കുമെതിരെ മാര്‍പാപ്പ ആഞ്ഞടിച്ചത്.
സ്വന്തം ലാഭത്തിനായി ദൈവനാമത്തെ പോലും ദുരുപയോഗം ചെയ്യുകയാണ്. കൊലപാതകങ്ങള്‍ക്കും ലോകത്തെ നശിപ്പിക്കാനുമായി കോടികള്‍ ചെലവിടുകയാണ്. എന്നാല്‍, ചികിത്സക്കും വിദ്യാഭ്യാസത്തിനും പുനരുദ്ധാരണത്തിനും മറ്റും ആവശ്യമായ വിഭവങ്ങള്‍ എവിടെയും ഇല്ലെന്ന യാഥാര്‍ഥ്യത്തിന് ഇക്കൂട്ടര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പോപ്പ് പറഞ്ഞു.


