Connect with us

From the print

യു എസ്-ഇറാന്‍ യുദ്ധം: ചര്‍ച്ചകളില്‍ പുരോഗതി; വ്യവസ്ഥകളില്‍ കടുംപിടിത്തം

രണ്ടാഴ്ചത്തെ താത്കാലിക യുദ്ധവിരാമം നീട്ടുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തത്ത്വത്തില്‍ ധാരണയിലെത്തിയതായി റിപോര്‍ട്ടുണ്ട്. എങ്കിലും, ഇറാനോ അമേരിക്കയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Published

|

Last Updated

ഇസ്‌ലാമാബാദ്/ വാഷിംഗ്ടണ്‍/ തെഹ്‌റാന്‍ | ആറാഴ്ചയിലധികമായി തുടരുന്ന യു എസ്- ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. രണ്ടാഴ്ചത്തെ താത്കാലിക യുദ്ധവിരാമം നീട്ടുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും തത്ത്വത്തില്‍ ധാരണയിലെത്തിയതായി റിപോര്‍ട്ടുണ്ട്. എങ്കിലും, ഇറാനോ അമേരിക്കയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പാകിസ്താന്റെ മധ്യസ്ഥതയില്‍ നടക്കുന്ന കൂടിക്കാഴ്ചകളില്‍ സങ്കീര്‍ണമായ ചില വിഷയങ്ങളില്‍ ധാരണയുണ്ടായതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാക് സൈനിക മേധാവിയുടെ നേതൃത്വത്തില്‍ നടന്ന നയതന്ത്ര നീക്കങ്ങള്‍ ഫലം കാണുന്നുവെന്നാണ് വിവരം. സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ വ്യക്തമായ മുന്നേറ്റമുണ്ടായതായി പാകിസ്താന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ഇസ്‌ലാമാബാദില്‍ തന്നെ നടക്കാനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് സൂചിപ്പിച്ചു. ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന ശുഭാപ്തിവിശ്വാസം യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപും പ്രകടിപ്പിച്ചു. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇറാനും അമേരിക്കയും തയ്യാറാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അടുത്ത ഘട്ട ചര്‍ച്ചകള്‍ എന്നാണ് നടക്കുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.

ചര്‍ച്ചകളുടെ രണ്ടാം ഘട്ടത്തിന് വഴിയൊരുക്കുന്നതിനായി കഴിഞ്ഞ ദിവസം തെഹ്‌റാനിലെത്തിയ പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. താത്കാലിക വെടിനിര്‍ത്തല്‍ ഈ മാസം 22ന് അവസാനിക്കുന്നതിന് മുമ്പ് സ്ഥിരമായ സമാധാന കരാറില്‍ ഒപ്പിടാനാണ് മധ്യസ്ഥര്‍ ശ്രമിക്കുന്നത്. ഇറാനിലെ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കി പാക് സൈനിക മേധാവി അമേരിക്കയിലേക്ക് തിരിക്കുമെന്നാണ് സൂചന.

അതേസമയം, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെങ്കിലും രാജ്യത്തിന്റെ ആണവ പദ്ധതിയുടെ ഭാവി സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യത്തില്‍ ഇറാന്‍ വ്യക്തമായ ഉറപ്പുനല്‍കണമെന്നാണ് യു എസ് വൈസ് പ്രസിഡന്റ്‌ജെ ഡി വാന്‍സ് ആവര്‍ത്തിക്കുന്നത്. സമാധാന ശ്രമങ്ങള്‍ക്കിടയിലും കടുത്ത നിലപാടുമായി യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും രംഗത്തെത്തി. നിശ്ചിത സമയത്തിനുള്ളില്‍ സമാധാന കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍, താത്കാലികമായി നിര്‍ത്തിവെച്ച സൈനിക നീക്കങ്ങള്‍ പുനരാരംഭിക്കാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Latest