Connect with us

Articles

നിങ്ങളുടെ തിരഞ്ഞെടുപ്പ് ശരിയാകണമെങ്കില്‍

അറിവിന്റെ മഹത്വവും മുന്‍ഗാമികള്‍ അതിനോട് കാണിച്ചിട്ടുള്ള താത്പര്യവും സുവിദിതമാണ്. ഖുര്‍ആനും ഹദീസുകളും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?' (സൂറത്ത് അസ്സുമര്‍: 9) എന്ന ഖുര്‍ആന്റെ ചോദ്യം ചിന്തിക്കുന്നവരുടെ ഹൃദയം തൊടുന്നതാണ്.

Published

|

Last Updated

വിഖ്യാത താബിഈ പണ്ഡിതനും വലിയ ജ്ഞാനിയുമായി അറിയപ്പെട്ട വ്യക്തിത്വമാണ് സഈദ് ബിന്‍ മുസയ്യബ് (റ). അക്കാലത്തെ ഖലീഫയായിരുന്ന അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ തന്റെ മകനും ഭാവി ഭരണാധികാരിയുമായ വലീദിന് വേണ്ടി സഈദ് ബിന്‍ മുസയ്യബി(റ)ന്റെ മകളെ വിവാഹം ആലോചിച്ചു. ലോകം മുഴുവന്‍ ഭരിക്കുന്ന ഖലീഫയുടെ കുടുംബവുമായുള്ള ബന്ധം ആരും കൊതിക്കുന്ന ഒന്നായിരുന്നു.

എന്നാല്‍ സഈദ് ബിന്‍ മുസയ്യബ് (റ) ആ ആലോചന നിരസിച്ചു. ഭരണകൂടത്തിന്റെ ആഡംബരങ്ങളിലേക്ക് മകള്‍ എത്തിച്ചേര്‍ന്നാല്‍ അവളുടെ ആത്മീയതയും ഇസ്്‌ലാമിക ജീവിതവും നഷ്ടപ്പെടുമെന്ന് അദ്ദേഹം ഭയന്നു.

പകരം അദ്ദേഹത്തിന്റെ പാഠശാലയിലെ സ്ഥിരം സാന്നിധ്യമായിരുന്ന അബൂ വദാഅ എന്ന ദരിദ്രനായ തന്റെ വിദ്യാര്‍ഥിയെ അദ്ദേഹം തിരഞ്ഞെടുത്തു. തന്റെ മകള്‍ക്ക് ഏറ്റവും അനുയോജ്യന്‍ രാജകുമാരനല്ല, മറിച്ച് ദൈവഭയമുള്ള ഒരു പണ്ഡിതനാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെ ലോകത്തെ ഏറ്റവും വലിയ ചക്രവര്‍ത്തിയുടെ മകനെ ഒഴിവാക്കി, വെറും രണ്ട് ദിര്‍ഹം മാത്രം കൈയിലുള്ള ഒരു പണ്ഡിതനെ അദ്ദേഹം മരുമകനായി സ്വീകരിച്ചു.

അറിവിന്റെ മഹത്വവും മുന്‍ഗാമികള്‍ അതിനോട് കാണിച്ചിട്ടുള്ള താത്പര്യവും സുവിദിതമാണ്. ഖുര്‍ആനും ഹദീസുകളും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ‘അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ?’ (സൂറത്ത് അസ്സുമര്‍: 9) എന്ന ഖുര്‍ആന്റെ ചോദ്യം ചിന്തിക്കുന്നവരുടെ ഹൃദയം തൊടുന്നതാണ്. ‘ഒരാള്‍ അറിവ് തേടി ഒരു പാതയിലൂടെ സഞ്ചരിക്കുകയാണെങ്കില്‍, അത് മുഖേന അല്ലാഹു അവന് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും’ (സ്വഹീഹ് മുസ്്‌ലിം) എന്ന നബി(സ)യുടെ വാഗ്ദാനം ഏറ്റവും സന്തോഷം നല്‍കുന്നതാണ്. ‘തീര്‍ച്ചയായും പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്’ (അബൂദാവൂദ്) എന്ന ഹദീസിനും നാം നിര്‍വചിക്കുന്നതിലും ആഴമുള്ള അര്‍ഥതലമുണ്ട്.

റമസാന്‍ അവധി കഴിഞ്ഞ് കേരളത്തിലെ ദര്‍സുകളും ദഅ്വാ കോളജുകളും സജീവമാകുമ്പോള്‍ മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ച് രക്ഷിതാക്കള്‍ നിര്‍ണായകമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. മതവിജ്ഞാനമാണ് വിശ്വാസിക്ക് അനിവാര്യമായി ഉണ്ടാകേണ്ട ശക്തി. കേരളീയ സാഹചര്യത്തില്‍ ദര്‍സുകളും ദഅ്വാ കോളജുകളും ആത്മീയ വിജ്ഞാനത്തിനൊപ്പം ബൗദ്ധിക, ആനുകാലിക വിദ്യാഭ്യാസത്തിനും അവസരമൊരുക്കുന്ന മികച്ച ചോയ്സാണ്. കേരളത്തിന്റെ തനിമയാര്‍ന്ന വിദ്യാഭ്യാസ പാരമ്പര്യമാണ് പള്ളിദര്‍സുകള്‍. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നവയാണ് ദഅ്വാ കോളജുകള്‍. കേവലം ഒരു ബിരുദത്തിനപ്പുറം, ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും മനസ്സിലാക്കിയുള്ള പഠനമാണ് ഇത്തരം സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇവ തിരഞ്ഞെടുക്കുക വഴി രണ്ട് സ്വപ്നങ്ങളും സാക്ഷാത്കരിക്കാം എന്നതിന് കേരളത്തിലെ മതവിദ്യാഭ്യാസ മേഖലയിലെ അനുഭവങ്ങള്‍ തന്നെയാണ് സാക്ഷി.

ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മതരംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം തന്നെ സിവില്‍ സര്‍വീസ്, അധ്യാപനം തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങാന്‍ സാധിക്കുന്നുണ്ട്.

കേവലം ഗ്രന്ഥങ്ങളിലൊതുങ്ങിയുള്ള വിജ്ഞാനത്തേക്കാള്‍ ഉപരിയായി വ്യക്തിത്വ വികാസത്തിനും സ്വഭാവ രൂപവത്കരണത്തിനും ഇവിടെ വലിയ പ്രാധാന്യം ലഭിക്കുന്നു. ലളിത ജീവിതവും ഉന്നതമായ ചിന്താഗതിയും വളര്‍ത്താന്‍ ഇത്തരം അന്തരീക്ഷം സഹായിക്കും. പ്രഭാഷണം, എഴുത്ത്, സംഘാടനം തുടങ്ങിയ മേഖലകളിലുള്ള പരിശീലനങ്ങള്‍ വേറെയും.

മാത്രമല്ല, പള്ളിദര്‍സുകളും ദഅ്വാ കോളജുകളും ഭക്ഷണവും താമസവും പഠനവും തികച്ചും സൗജന്യമായാണ് നല്‍കുന്നത്. സാമ്പത്തിക പ്രയാസമുള്ള മികച്ച വിദ്യാര്‍ഥികള്‍ക്കും ഇത് വലിയൊരു അനുഗ്രഹമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലുള്ള ജാമിഅത്തുല്‍ ഹിന്ദ് ഇത്തരം സ്ഥാപനങ്ങളുടെ പാഠ്യപദ്ധതിയും മറ്റും ഏകോപിപ്പിക്കുന്നു എന്നതും ഇതിന്റെ ഉയര്‍ന്ന നിലവാരത്തെ സംരക്ഷിക്കുന്നു.

ചുരുക്കത്തില്‍ അമൂല്യമായ ഫലപ്രാപ്തിയിലേക്കുള്ള വാതിലുകള്‍ നമുക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നു. ഇത് അഡ്മിഷന്റെ സമയമാണ്, തീരുമാനമെടുക്കലിന്റെയും.

 

Latest