Kerala
ബംഗാള്‍ മര്‍കസ് കാമ്പസിലെ ആദ്യ ബാച്ച് നൂറാനികള്‍ പഠനം പൂര്‍ത്തിയാക്കി
മര്‍കസ് നാഷണല്‍ മിഷന്റെ ഭാഗമായി 2012-ലാണ് പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ മാജിഖണ്ഡയില്‍ തൈ്വബ ഗാര്‍ഡന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്
കോഴിക്കോട് | ബംഗാള്‍ മര്‍കസ് കാമ്പസിലെ തൈ്വബ ഗാര്‍ഡന്‍ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ ആദ്യ ബാച്ച് നൂറാനികള്‍ പഠനം പൂര്‍ത്തിയാക്കി കര്‍മരംഗത്തേക്ക്. മര്‍കസ് നാഷണല്‍ മിഷന്റെ ഭാഗമായി 2012-ലാണ് പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ മാജിഖണ്ഡയില്‍ തൈ്വബ ഗാര്‍ഡന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
വിഭജനാന്തരം സാമൂഹികമായും സാംസ്‌കാരികമായും അരികുവല്‍ക്കരിക്കപ്പെട്ട ബംഗാള്‍ ജനതയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഗ്രാമീണ മേഖലയില്‍ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ ഇന്ന് ബംഗാളിലും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളുള്‍പ്പടെ സ്ഥാപിച്ച് ലക്ഷകണക്കിന് മനുഷ്യര്‍ക്ക് തണലേകാന്‍ ഇതിനകം ബംഗാള്‍ മര്‍കസ് ത്വയ്ബ ഗാര്‍ഡന് സാധിച്ചിട്ടുണ്ട്.
മര്‍കസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെയും ഡോ.അബ്ദുല്‍ ഹകീം അസ്ഹരിയുടെയും മാര്‍ഗനിര്‍ദേശത്തില്‍ ഒരു പതിറ്റാണ്ടിലേറെയായി ബംഗാളില്‍ പ്രവര്‍ത്തിക്കുന്ന സുഹൈറുദ്ദീന്‍ നൂറാനിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.
അബ്ദുല്‍ കരീം സര്‍ക്കാര്‍ നൂറാനി, റബ്ബാനി സര്‍ക്കാര്‍ നൂറാനി, അബേദുല്‍ മണ്ടല്‍ നൂറാനി, സാദെകുല്‍ സര്‍ക്കാര്‍ നൂറാനി, സകിഫ് സര്‍ക്കാര്‍ നൂറാനി, റൂഹല്‍ അമീന്‍ മണ്ടല്‍ നൂറാനി, ഹാസിം സര്‍ക്കാര്‍ നൂറാനി, സോഹെല്‍ റാണ സര്‍ക്കാര്‍ നൂറാനി തുടങ്ങിയവരാണ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ ആദ്യബാച്ചില്‍ നിന്ന് എട്ട് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയത്. ഇതില്‍ നാല് പേര്‍ എല്‍.എല്‍.ബി പഠിതാക്കളും ജേര്‍ണലിസം, അറബിക് ലിറ്ററേച്ചര്‍ എന്നിവയില്‍ ബിരുദം നേടിയവരുമാണെന്നത് ശ്രദ്ധേയമാണ്.
ഫിനിഷിംഗ് സ്‌കൂളിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തി മര്‍കസ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും കേരളത്തിലെ വൈജ്ഞാനിക-സാംസ്‌കാരിക അന്തരീക്ഷം നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഫിനിഷിംഗ് സ്‌കൂള്‍ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മര്‍കസില്‍ നടന്ന സുഹ്ബയില്‍ ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടറായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി വിദ്യാര്‍ഥികളെ അനുമോദിച്ചു. വിദ്യാഭ്യാസ സംവിധാനങ്ങളെ പഠിച്ച് സ്വന്തം പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ പ്രയോഗിക്കാനുള്ള തയ്യാറെടുപ്പോടെയാണ് വിദ്യാര്‍ഥികള്‍ കേരളത്തില്‍ നിന്ന് മടങ്ങിയത്. കേരള മോഡല്‍ മാതൃകയുടെ ഏറ്റവും മികച്ച പ്രായോഗികമായ പൂര്‍ത്തീകരണത്തില്‍ സന്തുഷ്ടരാണ് മര്‍കസും ബംഗാള്‍ ജനതയും.
ഫോട്ടോ: ബംഗാള്‍ മര്‍കസ് കാമ്പസിലെ തൈ്വബ ഗാര്‍ഡന്‍ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ ആദ്യ ബാച്ച് നൂറാനികള്‍ കാന്തപുരം ഉസ്താദിനൊപ്പം


