Kerala
നെട്ടയം മലമുകളില്‍ ബി ജെ പി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
പോലീസുകാര്‍ക്ക് മര്‍ദനമേറ്റു
തിരുവനന്തപുരം | നെട്ടയം മലമുകളില്‍ ബി ജെ പി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനു മുന്നിലെ റോഡ് ഉപരോധിച്ചു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ ബി ജെ പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
വെകിട്ട് ആറു മണിക്ക് ആണ് സംഘര്‍ഷം തുടങ്ങിയത്. രണ്ട് വീട്ടുകാര്‍ തമ്മില്‍ ഉള്ള പ്രശ്നമാണ് സംഘര്‍ഷമായി മാറിയതെന്നാണ് വിവരം. ബി ജെ പി പ്രവര്‍ത്തകയ്ക്ക് നേരെ ഈ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നും അത് ചോദിക്കാനെത്തിയ ബി ജെ പി പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു എന്നുമാണ് ബി ജെ പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പോലീസ് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയെന്നും ആരോപണമുണ്ട്.
പുറത്തുനിന്ന് എത്തിയവരാണ് നാട്ടില്‍ സംഘര്‍ഷം ഉണ്ടാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുറത്തുനിന്നു വന്ന സംഘം ഒരാളെ മര്‍ദ്ദിച്ചപ്പോള്‍ നാട്ടുകാര്‍ ഒരുമിച്ചു ചോദ്യം ചെയ്യുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പുറത്ത് നിന്ന് ആരും എത്തിയില്ലെന്നും പോലീസ് പ്രശ്നം ഗുരുതരമാക്കിയെന്നും ബി ജെ പി ആരോപിക്കുന്നു. എന്നാല്‍, രാഷ്ട്രീയ സംഘഷമല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ ഒരു യുവാവിനെ ബി ജെ പി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നും അത് ചോദ്യം ചെയ്തതാണ് ഇത്തരമൊരു പ്രശ്നത്തിലേക്ക് എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. യുവാവിനെതിരെ ബി ജെ പി കൊടുക്കാന്‍ ശ്രമിച്ചത് കള്ളപരാതിയെന്നും സംഘര്‍ഷം തുടങ്ങാന്‍ കാരണം അതിര്‍ത്തി പ്രശ്നമെന്നും നാട്ടുകാര്‍ പറഞ്ഞു.


