National
ഡല്‍ഹിയില്‍ ഐ ആര്‍ എസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊല; മുന്‍ വീട്ടുജോലിക്കാരനായ 19 കാരന്‍ അറസ്റ്റില്‍
ബുധനാഴ്ചയാണ് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളും എന്‍ജിനീയറിംഗ് ബിരുദധാരിയുമായ 22 കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഐ ആര്‍ എസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ വീട്ടുജോലിക്കാരനായ 19 കാരന്‍ അറസ്റ്റിലായി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ കൈലാഷില്‍ ബുധനാഴ്ചയാണ് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളും എന്‍ജിനീയറിംഗ് ബിരുദധാരിയുമായ 22 കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് കൊല നടത്തിയത്. കൊല്ലപ്പെടുത്തുന്നതിന് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ദ്വാരക പ്രദേശത്തെഹോട്ടലില്‍ നിന്നാണ് 19 വയസ്സുള്ള മുന്‍ വീട്ടുജോലിക്കാരനായ രാഹുല്‍ അറസ്റ്റിലായത്.
മറ്റ് ജോലിക്കാരില്‍ നിന്ന് പണം കടം വാങ്ങുകയും അത് തിരിച്ചു നല്‍കാതിരിക്കുകയും ചെയ്യുന്ന ശീലം കാരണം ഒരു മാസം മുമ്പ് വീട്ടില്‍ നിന്ന് ഇയാളെ പിരിച്ചുവിട്ടിരുന്നു. കൊലപാതകം നടന്നതിന് ശേഷം പോലീസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തു.
ഡല്‍ഹിയില്‍ യുവതിയെ കൊലപ്പെടുത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, ആല്‍വാറിലെ തന്റെ ഗ്രാമത്തില്‍ എത്തിയിരുന്ന രാഹുല്‍ അവിടെ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവുമായി സൗഹൃദം സ്ഥാപിച്ച് ഈ ബന്ധം മുതലെടുത്താണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. ആല്‍വാറിലെ ഇരയുടെ വീട്ടില്‍ മുമ്പ് രാഹുലിന്റെ കുടുംബം വാടകക്കാരായിരുന്നു. ആല്‍വാറിലെ ലൈംഗികാതിക്രമത്തിന് ശേഷം ഡല്‍ഹിയിലെത്തിയാണ് ഇയാള്‍ കൊല നടത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു.



