Connect with us

National

പശ്ചിമ ബംഗാള്‍ വോട്ടെടുപ്പ്: മുര്‍ഷിദാബാദിലെ നൗഡയില്‍ ബോംബേറ്; നിരവധി പേര്‍ക്ക് പരുക്ക്

തിരിച്ചറിയാത്ത ഒരു സംഘം ആളുകള്‍ ജനക്കൂട്ടത്തിന് നേരെ ബോംബ് എറിയുകയായിരുന്നു

Published

|

Last Updated

മുര്‍ഷിദാബാദ്|പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട നിയമസഭാ വോട്ടെടുപ്പ് നടക്കുന്നതിനിടെ മുര്‍ഷിദാബാദ് ജില്ലയിലെ നൗഡയില്‍ ക്രൂഡ് ബോംബ് സ്‌ഫോടനം. അക്രമത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റു. തിരിച്ചറിയാത്ത ഒരു സംഘം ആളുകള്‍ ജനക്കൂട്ടത്തിന് നേരെ ബോംബ് എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വോട്ടെടുപ്പ് ദിവസമുണ്ടായ ഈ അക്രമം പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

സംഭവത്തെത്തുടര്‍ന്ന് മുര്‍ഷിദാബാദില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്ന ജില്ലയില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. അക്രമത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് അഗര്‍വാള്‍ അറിയിച്ചു.

സ്‌ഫോടനത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. ബോംബേറിന് പിന്നാലെ പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടു. സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ ആം ജനത ഉന്നയന്‍ പാര്‍ട്ടി സ്ഥാപകന്‍ ഹുമായൂണ്‍ കബീറിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. നിലവില്‍ സ്ഥലത്ത് പോലീസ് കാവല്‍ ശക്തമാക്കി.

 

 

Latest