Connect with us

articles

ഓർമകൾ പുതുക്കി, പുതിയ ചരിത്രം നിർമിച്ച്

സമസ്തയെ ജനകീയ പ്രസ്ഥാനമാക്കുന്നതിലും പാരമ്പര്യ മുസ്‌ലിം സമുദായത്തെ വിദ്യാഭ്യാസപരമായും മറ്റും ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും വഴിവിട്ട മതപരിഷ്‌കരണ വാദത്തെ ചെറുക്കുന്നതിലും നിസ്തുല സംഭാവന ചെയ്ത ചരിത്രമാണ് എസ് വൈ എസിന്റേത്. ഗ്രാമങ്ങളിലും നഗരങ്ങളിലും എസ് വൈ എസിന് വേരുണ്ടാക്കിയതും അതിന്റെ പ്രവര്‍ത്തനമണ്ഡലം വിപുലപ്പെടുത്തിയതും കാന്തപുരം ഉസ്താദ് നേതൃത്വം കൊടുത്ത കാലത്താണ്.

Published

|

Last Updated

1945 മേയ് 27, 28 തീയതികളില്‍ കാര്യവട്ടത്ത് സമസ്തയുടെ സമ്മേളനം നടക്കുന്നു. ഇതില്‍ വെച്ച് ആദര്‍ശ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ ഒമ്പതംഗ ഇശാഅത്ത് കമ്മിറ്റിക്ക് രൂപം നല്‍കി. സമസ്തയുടെ കീഴില്‍ രൂപവത്കരിച്ച, പൊതുപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ആദ്യത്തെ ഒരു ഉപസമിതി ഇതായിരുന്നു. പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ (കണ്‍വീനര്‍), റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍, കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ കണ്ണൂര്‍, കെ പി മുത്തുക്കോയ തങ്ങള്‍ തലശ്ശേരി, അയനിക്കാട് ഇബ്‌റാഹീം മുസ്‌ലിയാര്‍, ഒ അബ്ദുര്‍റഹ്മാന്‍ മൗലവി, എം അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ കൊടിയത്തൂര്‍, സ്വദഖത്തുല്ല മുസ്‌ലിയാര്‍, അബുല്‍ കമാല്‍ മുഹമ്മദ് മൗലവി എന്നിവരായിരുന്നു അംഗങ്ങള്‍. ഇതേ സമ്മേളനത്തില്‍ വെച്ച് പാറോല്‍ ഹുസൈന്‍ സാഹിബും റശീദുദ്ദീന്‍ മൂസ മുസ്‌ലിയാരും ചേര്‍ന്ന് സമസ്തയുടെ സംഘടനാ സംവിധാനം വിപുലീകരിക്കുന്നതിന് വേണ്ടി ഇശാഅത്ത് കമ്മിറ്റിക്ക് കീഴില്‍ പണ്ഡിതന്മാര്‍ അല്ലാത്തവരെ കൂടി ഉള്‍പ്പെടുത്തി ഒരു ആമില സംഘം രൂപവത്കരിക്കണമെന്ന പ്രമേയവും അവതരിപ്പിച്ചിരുന്നു. ഇതാണ് സമസ്തയുടെ കീഴില്‍ ഒരു യുവജന/ബഹുജന ഘടകം വേണമെന്ന ചര്‍ച്ചക്ക് തുടക്കമിട്ടത്.

പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1954 ഏപ്രില്‍ 24, 25 തീയതികളില്‍ താനൂരില്‍ നടന്ന സമസ്ത സമ്മേളനത്തിന്റെ ഭാഗമായി 24ന് ചേര്‍ന്ന പ്രത്യേക കണ്‍വെന്‍ഷനില്‍ പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരും ഒരു യുവജന സംഘടന രൂപവത്കരിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി സംസാരിച്ചു. ആ യോഗം അതംഗീകരിക്കുകയും ചെയ്തു. തൊട്ടടുത്ത മാസം കോഴിക്കോട് അന്‍സ്വാറുല്‍ മുസ്‌ലിമീന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) രൂപവത്കരിച്ചതെങ്കിലും ഈ തീരുമാനമെടുത്ത ഏപ്രില്‍ 24 ആണ് സ്ഥാപക ദിനമായി പരിഗണിച്ചു വരുന്നത്. നാളെ എസ് വൈ എസിന്റെ എഴുപത്തിമൂന്നാം സ്ഥാപക ദിനമാണ്.

സമസ്തയെ ജനകീയ പ്രസ്ഥാനമാക്കുന്നതിലും പാരമ്പര്യ മുസ്‌ലിം സമുദായത്തെ വിദ്യാഭ്യാസപരമായും മറ്റും ഉയര്‍ത്തിക്കൊണ്ട് വരുന്നതിലും വഴിവിട്ട മതപരിഷ്‌കരണ വാദത്തെ ചെറുക്കുന്നതിലും നിസ്തുല സംഭാവന ചെയ്ത ചരിത്രമാണ് എസ് വൈ എസിന്റേത്. ബി കുട്ടിഹസന്‍ ഹാജി, പൂന്താനം അബ്ദുല്ല മുസ്‌ലിയാന്‍, കെ വി മുഹമ്മദ് മുസ്‌ലിയാര്‍, എം എം ബശീര്‍ മുസ്‌ലിയാര്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം ഉസ്താദ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി തുടങ്ങിയവരെല്ലാം എസ് വൈ എസിനെ നയിച്ച പ്രസിഡന്റുമാരായിരുന്നു. മുഹമ്മദ് കോയ സാഹിബ് മാത്തോട്ടം, ബി കുട്ടിഹസന്‍ ഹാജി, കെ പി ഉസ്മാന്‍ സാഹിബ്, കാന്തപുരം ഉസ്താദ്, ചിത്താരി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മജീദ് കക്കാട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായും സേവനം ചെയ്തു. സഹ ഭാരവാഹികളായി പ്രതിഭാധനരായ നിരവധി പ്രമുഖര്‍ സേവനം ചെയ്തിട്ടുണ്ട്. ഇതില്‍ 1975 മുതല്‍ 1995 വരെ 20 വര്‍ഷക്കാലം ജനറല്‍ സെക്രട്ടറിയായും 1995 മുതല്‍ 2004 വരെ 10 വര്‍ഷം പ്രസിഡന്റായും കാന്തപുരം ഉസ്താദ് സുന്നി യുവജന സംഘടനക്ക് നേതൃത്വം നല്‍കി. ഗ്രാമങ്ങളിലും നഗരങ്ങളിലും എസ് വൈ എസിന് വേരുണ്ടാക്കിയതും അതിന്റെ പ്രവര്‍ത്തനമണ്ഡലം വിപുലപ്പെടുത്തിയതും കാന്തപുരം ഉസ്താദ് നേതൃത്വം കൊടുത്ത കാലത്താണ്.

1978 ഏപ്രില്‍ 14,15,16 തീയതികളിലാണ് ഇ കെ ഹസന്‍ മുസ്‌ലിയാരുടെയും കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തില്‍ എസ് വൈ എസിന്റെ ആദ്യ സംസ്ഥാന സമ്മേളനം കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ നടക്കുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് അടിച്ചമര്‍ത്തപ്പെട്ട കേരളീയ മുസ്‌ലിംകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘടിച്ച് ശക്തരാകണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ച് മുന്നേറിയെങ്കിലേ സമുദായ പിന്നാക്കാവസ്ഥക്ക് പരിഹാരമാകുകയുള്ളൂവെന്നും ഈ സമ്മേളനം പ്രഖ്യാപിച്ചു. സമ്മേളനത്തിലെ മുഖ്യ അതിഥിയായ സയ്യിദ് മുഹമ്മദ് അലവി മാലിക്കിയുടെ കരങ്ങള്‍ കൊണ്ട് ഏപ്രില്‍ 16 ഞായറാഴ്ച കാലത്ത് കാരന്തൂര്‍ മര്‍കസിന് തറക്കല്ലിടുകയും ചെയ്തു. തുടര്‍ന്ന് സമസ്തയുടെ മുന്നേറ്റങ്ങള്‍ക്ക് ചാലക ശക്തിയായി നിലകൊണ്ട എസ് വൈ എസ് ചരിത്രപ്രസിദ്ധമായ നിരവധി സമ്മേളനങ്ങളും ക്യാമ്പയിനുകളും നടത്തി. 1989 ജനുവരി 20, 21, 22 തീയതികളില്‍ നടന്ന എറണാകുളം സമ്മേളനം, 1995 ഏപ്രില്‍ 7, 8, 9 തീയതികളില്‍ മലപ്പുറത്ത് നടന്ന നാല്‍പ്പതാം വാര്‍ഷികം, 2004 ഏപ്രില്‍ 17, 18, 19 തീയതികളില്‍ കോഴിക്കോട് നടന്ന ഗോള്‍ഡൻ ജൂബിലി, 2014 ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് ദിവസങ്ങളിലായി കോട്ടക്കലില്‍ നടന്ന അറുപതാം വാര്‍ഷികം, 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടന്ന എഴുപതാം വാര്‍ഷികം തുടങ്ങിയവ കേരളീയ സമൂഹത്തില്‍ നവജാഗരണത്തിനും സാമുദായിക ഉന്നമനത്തിനും വഴിവെച്ച മഹാ സംഗമങ്ങളായിരുന്നു.

എസ് വൈ എസ് മുന്നോട്ടുവെച്ച പ്രമേയങ്ങളും ക്യാമ്പയിനുകളും പ്രസ്ഥാനം ഇടപെട്ട മേഖലകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അറിയുക അഹ്‌ലുസ്സുന്നയുടെ അജയ്യത, മതനവീകരണം വിചാരണ ചെയ്യപ്പെടുന്നു, തൗഹീദ് അചഞ്ചലമാണ് തുടങ്ങിയ ആദര്‍ശാധിഷ്ഠിത പ്രമേയങ്ങളും, നാടിന്റെ അസ്തിത്വ വീണ്ടെടുപ്പിന്, സ്‌നേഹ സമൂഹം സുരക്ഷിത നാട്, തിന്മയുടെ വിപാടനം നന്മയുടെ വീണ്ടെടുപ്പ്, കേരളത്തെ കൊലക്കയറില്‍ നിന്ന് രക്ഷിക്കുക തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പ്രമേയങ്ങളും, യുവത്വം നിലപാട് പറയുന്നു, തീവ്രവാദം പരിഹാരമല്ല, മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം തുടങ്ങിയ രാഷ്ട്രീയ പ്രാധാന്യമുള്ള മുദ്രാവാക്യങ്ങളും എസ് വൈ എസ് ചര്‍ച്ച ചെയ്തു.

2015ല്‍ കേരള മുസ്‌ലിം ജമാഅത്ത് പിറവിയെടുക്കുന്നത് വരെ സമസ്തയുടെ ബഹുജന സംഘടനയായി പ്രവര്‍ത്തിച്ചുപോന്ന എസ് വൈ എസ് 2015ന് ശേഷം സമ്പൂര്‍ണമായും യുവജനവത്കരിക്കപ്പെട്ടു. യുവോര്‍ജം നാടിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതിനായി യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് സാന്ത്വനം ക്ലബുകളും ആയിരക്കണക്കിന് സാന്ത്വനം കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. തിരുവനന്തപുരം, തൃശൂര്‍, മഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ പരിയാരം, മാനന്തവാടി മെഡിക്കല്‍ കോളജുകളുടെ പരിസരങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സാന്ത്വനം ഹെഡ് ക്വാര്‍ട്ടേഴ്സുകള്‍ മാതൃകാപരമായ സേവനങ്ങളാണ് സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. വനിതകള്‍ക്കിടയില്‍ ഷീ പാലിയേറ്റീവിന്റെ പ്രവര്‍ത്തനവും പ്രത്യേക പരിശീലനം നേടിയ, ദുരന്ത മേഖലകളില്‍ സേവനം ചെയ്യുന്ന ആയിരം പേരുള്‍ക്കൊള്ളുന്ന “സെറ്റ്’ അംഗങ്ങളും അഭിമാനകരമാണ്.

1999 നവംബര്‍ 15-27 തീയതികളിലായി നടന്ന കാന്തപുരം ഉസ്താദിന്റെ ഒന്നാം കേരള യാത്രയും 2012 ഏപ്രിൽ 12-28 തീയതികളിലായി നടന്ന രണ്ടാം കേരള യാത്രയും 2025ല്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നയിച്ച മാനവ സഞ്ചാരവുമെല്ലാം എസ് വൈ എസിന്റെ ജനസ്വാധീനവും സംഘാടക മികവും തെളിയിച്ച പരിപാടികളായിരുന്നു. ഈമാസം അഞ്ചിന് നീലഗിരി പാടന്തറയില്‍ വെച്ച് 850 യുവതീയുവാക്കളുടെ വിവാഹസ്വപ്‌നം, എല്ലാ ചെലവുകളും ഏറ്റെടുത്ത് നിര്‍വഹിക്കുക വഴി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമൂഹ വിവാഹത്തിനാണ് എസ് വൈ എസ് നേതൃത്വം കൊടുത്തത്. നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 40 പെണ്‍കുട്ടികളുടെ വിവാഹം നടത്തി തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ ഇതിനോടകം 2,500ലധികം യുവതീയുവാക്കള്‍ക്കാണ് പുതുജീവിതം നല്‍കിയത്. ആയിരത്തില്‍പരം ദാറുല്‍ ഖൈറുകള്‍ നിര്‍മിച്ചു നല്‍കി കിടപ്പാടമില്ലാത്തവര്‍ക്ക് വീടൊരുക്കിക്കൊടുക്കാനും എസ് വൈ എസിന് സാധിച്ചിട്ടുണ്ട്.

സമസ്തയുടെ ഏറ്റവും ശക്തമായ പോഷക സംഘടന എന്ന നിലക്ക് സമസ്ത സെന്റിനറിയുടെ ഭാഗമായുള്ള നിരവധി സംരംഭങ്ങള്‍ക്ക് എസ് വൈ എസ് പ്രവര്‍ത്തകരാണ് നേതൃത്വം വഹിക്കേണ്ടത്. കാന്തപുരം ഉസ്താദിന്റെ പ്രത്യേക ഗ്രന്ഥം അടിസ്ഥാനമാക്കി യൂനിറ്റുകളില്‍ മേയ് അവസാനവാരം ആരംഭിക്കുന്ന നാട്ടു ദര്‍സും സര്‍ക്കിള്‍തലത്തില്‍ നടക്കാനിരിക്കുന്ന തസ്‌കിയ കുടുംബ സമ്മേളനവും ഇതില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ്. സമ്മേളന വേദിയില്‍ വെച്ച് നടത്താനുദ്ദേശിക്കുന്ന യുവജന സമ്മേളനവും നല്ല മുന്നൊരുക്കം ആവശ്യമുള്ള പരിപാടിയാണ്.

സ്ഥാപകദിനം പഴയ ചരിത്രങ്ങള്‍ ഓര്‍ത്തെടുക്കാനും പുതിയ ചരിത്ര മുഹൂര്‍ത്തങ്ങള്‍ നിര്‍മിക്കാനും ഉതകും വിധത്തിലുള്ള പരിപാടികളോടെയാണ് ആചരിക്കുന്നത്. നാളെ സുബ്ഹ് നിസ്‌കാര ശേഷം പച്ച നിറത്തിലുള്ള മദീനാ റൗളയുടെ ഖുബ്ബ ഉല്ലേഖനം ചെയ്ത ത്രിവര്‍ണ പതാക വാനിലുയര്‍ത്തും. ശേഷം സംസ്ഥാന നേതൃത്വത്തിന്റെ സന്ദേശം ലക്ഷക്കണക്കിന് പ്രവര്‍ത്തകരോടൊപ്പം ഓണ്‍ലൈനില്‍ കൂട്ടമായിരുന്ന് ശ്രദ്ധിക്കുകയും തുടര്‍ന്ന് സാധ്യമായ സാന്ത്വന, സേവന, പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ്. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, അസ്സുഫ്ഫ ദര്‍സ്, റൗളത്തുല്‍ ഖുര്‍ആന്‍, ഇഹ്‌യാ ആത്മീയ ദര്‍സ്, ജലസംരക്ഷണ ക്യാമ്പയിന്‍ തുടങ്ങിയ തനതു പദ്ധതികളിലൂടെ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ ദാഹം തീര്‍ക്കാന്‍ എസ് വൈ എസ് എന്നും ജനങ്ങള്‍ക്കൊപ്പമുണ്ട്.

(എസ് വൈ എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ആണ് ലേഖകന്‍)

---- facebook comment plugin here -----

Latest