Connect with us

Kerala

നിതിൻ രാജിന്റെ മരണം: ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി.

Published

|

Last Updated

തിരുവനന്തപുരം| അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 25-ന്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി. ഡോ റാം ഒബിസി വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം.’ദാറ്റ് ഇഡിയറ്റ് സിമ്പതിക്ക് വേണ്ടി ചാടി’ എന്ന് വകുപ്പ് മേധാവി എം കെ റാം പറയുന്നത് കേട്ടുവെന്ന് നിതിന്റെ സഹപാഠി മൊഴി നല്‍കിയിരുന്നു.

ഏപ്രില്‍ പതിനേഴിനാണ് ഡോ റാമും സംഗീത നമ്പ്യാരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നിതിന്‍ രാജിന്റെ മരണത്തിന് കാരണം ലോണ്‍ ആപ്പാണെന്നും, സംഭവ ദിവസം പ്രിന്‍സിപ്പലിന്റെ റൂമില്‍ താന്‍ ഇല്ലായിരുന്നുവെന്നുമാണ് അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.

ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം.

ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഡോ എം കെ റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തത്. കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും. ഡോ റാമും സംഗീതയും ഒളിവില്‍ തുടരുകയാണ്. ഇരുവരെയും പിടികൂടാന്‍ വൈകുന്നതില്‍ പോലീസിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

എം കെ റാമിനെയും സംഗീതയെയും കോളജ് സസ്പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest