Connect with us

National

തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; 2029ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

തെലങ്കാന രാഷ്ട്ര സേന (ടിആര്‍എസ്) എന്നാണ് പാര്‍ട്ടിയുടെ പേര്.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ കെ കവിത. ബിആര്‍എസില്‍ നിന്ന് രാജിവച്ച് ഏഴ് മാസത്തിനു ശേഷമാണ് കവിത പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തെലങ്കാന രാഷ്ട്ര സേന (ടിആര്‍എസ്) എന്നാണ് പാര്‍ട്ടിയുടെ പേര്. മുനീറാബാദിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ചാണ് പാര്‍ട്ടി പ്രഖ്യാപനം. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യം. ടിആര്‍എസ് 2029ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കെ കവിത പറഞ്ഞു.

ഹൈദരാബാദിലെ വസതിയില്‍ പൂജ നടത്തിയ ശേഷമാണ് കവിത പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ഗണ്‍പാര്‍ക്കിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. നാടന്‍ പാട്ടുകളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ വലിയ ആഘോഷമായാണ് പാര്‍ട്ടി പ്രഖ്യാപന ചടങ്ങ് നടത്തിയത്.

തെലങ്കാനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിച്ച ബിആര്‍എസ് പാര്‍ട്ടി ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതായി കവിത വിമര്‍ശിച്ചു. തെലങ്കാനയുടെ ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്ത ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് ടിആര്‍എസിന്റെ ലക്ഷ്യമെന്നും കവിത കൂട്ടിച്ചേര്‍ത്തു. ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റും സഹോദരനുമായ കെ ടി രാമ റാവുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കവിത ബിആര്‍എസ് വിട്ടത്.

 

 

Latest