Kerala
പന്ത്രണ്ടുകാരന് കഞ്ചാവ് നൽകി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി റിമാൻഡിൽ
നാരങ്ങാനം തോന്നിയാമല സ്വദേശി മധുമല ലക്ഷം വീട്ടിൽ അശ്വിൻ രാജ് (22) ആണ് അറസ്റ്റിലായത്.
പത്തനംതിട്ട|പന്ത്രണ്ടുകാരനെ കഞ്ചാവ് നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതി റിമാൻഡിൽ. കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും, കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിക്കുകയും അതിനുശേഷം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത പ്രതിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നാരങ്ങാനം തോന്നിയാമല സ്വദേശി മധുമല ലക്ഷം വീട്ടിൽ അശ്വിൻ രാജ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുമായി പരിചയം സ്ഥാപിച്ച ഇയാൾ പലതവണയായി കുട്ടിക്ക് കഞ്ചാവ് ബീഡി നൽകുകയും വലിക്കാൻ നിർബന്ധിക്കുകയും ചെയ്തു. കുട്ടി കഞ്ചാവ് ബീഡി ഉപയോഗിച്ച ശേഷം ഇയാൾ കുട്ടിയെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പലതവണ കഞ്ചാവ് ബീഡി ഉപയോഗിച്ചതോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളും കഠിനമായ തലവേദനയും ഉണ്ടായി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സയിൽ ഡോക്ടറോടാണ് കുട്ടി കഞ്ചാവ് ഉപയോഗിച്ച കാര്യം പറഞ്ഞത്. ആശുപത്രിയിൽ നിന്നും വിവരമറിയിച്ച പ്രകാരം കേസെടുത്ത പോലീസ് അടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ, കുട്ടികൾക്ക് ലഹരിമരുന്ന് നൽകൽ, കുട്ടികളോടുള്ള ലൈംഗിക അതിക്രമം തടയൽ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇൻസ്പെക്ടർ എസ്എച്ച്ഒ ഷാഫി ബിഎം , എസ്ഐ വിപിൻ വി പിള്ള , പോലീസ് ഉദ്യോഗസ്ഥരായ ടെന്നിസൻ , അജിത് പ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


