Kerala
പാലക്കാട് കോരഞ്ചിറയില്‍ അംഗനവാടി ടീച്ചര്‍ക്ക് പാമ്പ് കടിയേറ്റു; ആശുപത്രിയില്‍, നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല
കാഞ്ഞൂരില്‍ തലനാരിഴയ്ക്ക് പെണ്‍കുട്ടി പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
തിരുവനന്തപുരം| സംസ്ഥാനത്ത് ചൂട് കൂടുന്നതിനനുസരിച്ച് പാമ്പിന്റെ ശല്യവും രൂക്ഷമാകുന്നു. പാലക്കാട് കോരഞ്ചിറയില്‍ അംഗനവാടി ടീച്ചര്‍ക്ക് പാമ്പ് കടിയേറ്റു. വിശാലക്കാണ് പാമ്പു കടിയേറ്റത്. അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് കടിയേറ്റത്. വിശാലയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിശാലയ്ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.
കായംകുളത്ത് 15 വയസ്സുകാരിയെ ഇന്നലെ പാമ്പുകടിച്ചിരുന്നു. കായംകുളം എരുവ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്കാണ് ഇന്നലെ രാത്രി പാമ്പുകടിയേറ്റത്. ഉടന്‍ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം അഞ്ച് ഡോസ് കൊടുത്തതിനുശേഷം നൂറനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, കാഞ്ഞൂരില്‍ തലനാരിഴയ്ക്ക് പെണ്‍കുട്ടി പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ചെടി നനയ്ക്കുമ്പോള്‍ ചെടിച്ചട്ടിയില്‍ നിന്നും പാമ്പ് പുറത്തുവരികയായിരുന്നു. പെണ്‍കുട്ടി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ പാമ്പിനെ കണ്ടെത്തി. പാമ്പ് കടിച്ചെന്ന സംശയത്തില്‍ രോഗിയുടെ കൂട്ടിരിപ്പുകാരി ചികിത്സ തേടിയിട്ടുണ്ട്. കൊല്ലം സ്വദേശിനി ഷംനയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ശരീരത്തില്‍ ഒരു തടിപ്പുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇന്ന് രാവിലെയായിരുന്നു സംഭവം.
കോഴിക്കോട് ഉള്ള്യേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി സ്ഥലത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. പാമ്പിനെ കണ്ട് പേടിച്ചോടിയ തൊഴിലാളിക്ക് വീണ് പരുക്കേറ്റു.


