Connect with us

Kerala

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ. സംഗീതയ്ക്ക് ജാമ്യം

നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും, ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയില്‍ വാദിച്ചത്.

Published

|

Last Updated

കണ്ണൂര്‍| അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഒന്നാം പ്രതിയായ റാമിന്റെ വാദങ്ങള്‍ തള്ളിയ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. അതേസമയം, പ്രതിയായ അധ്യാപിക ഡോ. സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച ഹരജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.

തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ നിതിന്‍ 2026 ഏപ്രില്‍ 10നാണ് ജീവനൊടുക്കിയത്. നിതിന്റെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയില്‍ വാദിച്ചത്. ഒരു ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന വാദം. സംഭവദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് കോളജ് മാനേജ്മെന്റ് ഡോ. റാമിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.

എന്നാല്‍, ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് നിതിന്റെ കുടുംബം കോടതിയില്‍ ഉന്നയിച്ചു. അധിക്ഷേപിച്ചവരുടെ ഫോട്ടോകള്‍ നിതിന്‍ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുടുംബത്തിന്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്നുമാണ് കുടുംബത്തിന്റെ വാദം. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

 

 

Latest