Connect with us

Kerala

ജാമിഅതുൽ ഹിന്ദ് ഏകജാലകം: ഇന്ന് കൂടി അപേക്ഷിക്കാം

ഇന്ന് രാത്രി 11.59 വരെയാണ് അപേക്ഷിക്കാനാകുകയെന്ന് ഏകജാലക പ്രവേശന കൺവീനർ അറിയിച്ചു

Published

|

Last Updated

കോഴിക്കോട് | സമസ്തയുടെ കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന മുന്നൂറിലധികം മത- ഭൗതിക സമന്വയ വിദ്യാഭ്യാസ കോളജുകളിലേക്ക് ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യ നടത്തുന്ന ഏകജാലക പ്രവേശനത്തിന് (ജെ സാറ്റ്) ഇന്ന് കൂടി അപേക്ഷിക്കാം. ഇന്ന് രാത്രി 11.59 വരെയാണ് അപേക്ഷിക്കാനാകുകയെന്ന് ഏകജാലക പ്രവേശന കൺവീനർ അറിയിച്ചു.
സ്‌കൂൾ ആറ്, ഏഴ്, പത്ത് ക്ലാസ്സുകൾ കഴിഞ്ഞവർക്ക് യഥാക്രമം ഏഴ്, എട്ട്, പ്ലസ് വൺ ക്ലാസ്സുകളോടൊപ്പം ആഴത്തിലുള്ള മത പഠനവും ലഭ്യമാകുന്ന കോഴ്സുകളാണ് ലഭ്യമാകുന്നത്. മത പഠനത്തിൽ ഹാദി ബിരുദവും ഭൗതിക പഠനത്തിൽ പിഎച്ച് ഡിയോ സമാനമായ കോഴ്സുകളോ സമന്വയിപ്പിച്ചു പഠിക്കാനാകുമെന്നതാണ് ജാമിഅതുൽ ഹിന്ദ് പ്രോഗ്രാമുകളുടെ പ്രത്യേകത.
മാനേജ്മെന്റ് ക്വാട്ട വഴി ഏതെങ്കിലും സ്ഥാപനത്തിൽ സീറ്റ് ഉറപ്പിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആ സ്ഥാപനവുമായി ബന്ധപ്പെടാനുള്ള അവസരവും ഇന്നവസാനിക്കും. നേരത്തേ സമർപ്പിച്ച അപേക്ഷകളിലെ സ്ഥാപന മുൻഗണനാ ക്രമം (ചോയ്‌സ്) എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഈ മാസം 30 വരെ ലഭ്യമാണ്. മേയ് രണ്ട് വരെ ഹാൾ ടിക്കറ്റ് https://www.jamiathulhind.com വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

കൂടുതൽ വിദ്യാർഥികളെ അപേക്ഷ നൽകാൻ സഹായിക്കാനായി എസ് വൈ എസ്- എസ് എസ് എഫ് യൂനിറ്റ് കമ്മിറ്റികളുടെയും മറ്റും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്ക് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാം. അപേക്ഷ പൂർത്തീകരിച്ച വിദ്യാർഥികൾക്ക് അടുത്ത മാസം രണ്ടിന് ജെ സാറ്റ് പ്രവേശന പരീക്ഷയും ഇന്റർവ്യൂവും നടക്കും. ഇന്ത്യക്കകത്തും പുറത്തുമായി അന്പതിലധികം സെന്ററുകളിൽ ഇംഗ്ലീഷ്, മലയാളം, കന്നഡ, തമിഴ് ഭാഷകളിൽ പരീക്ഷയെഴുതാനുള്ള സൗകര്യമുണ്ടാകും.

Latest