From the print
"ഓപറേഷൻ താമര'ക്ക് പല ലക്ഷ്യങ്ങൾ
രാജ്യസഭാ ഉപ നേതൃസ്ഥാനത്തു നിന്ന് എ എ പി നേതൃത്വം രാഘവ് ഛദ്ദയെ മാറ്റുന്നതിന് മുമ്പേ തന്നെ കൂടുമാറ്റ ചർച്ചകൾ നടന്നുവെന്നാണ് വിലയിരുത്തൽ
ന്യൂഡൽഹി | ആം ആദ്മി പാർട്ടിയിൽ നിന്ന് രാഘവ് ഛദ്ദയടക്കം ഏഴ് രാജ്യസഭാ എം പിമാരുടെ ചുവടുമാറ്റം പൂർത്തിയാകുന്നതോടെ ബി ജെ പി വീഴ്ത്തുന്നത് ഒരുവെടിക്ക് പല പക്ഷികളെ. രാഘവ് ഛദ്ദയെ മുന്നിൽ നിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ തിരക്കിട്ട കരുനീക്കങ്ങളാണ് എ എ പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. രാജ്യസഭാ ഉപ നേതൃസ്ഥാനത്തു നിന്ന് എ എ പി നേതൃത്വം രാഘവ് ഛദ്ദയെ മാറ്റുന്നതിന് മുമ്പേ തന്നെ കൂടുമാറ്റ ചർച്ചകൾ നടന്നുവെന്നാണ് വിലയിരുത്തൽ. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത വരാതിരിക്കാൻ മൂന്നിൽ രണ്ട് അംഗങ്ങളെ അടർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഛദ്ദയുടെ മറുകണ്ടം ചാടൽ വൈകിയത്.
നിരവധി ലക്ഷ്യങ്ങൾ
രാജ്യസഭയിലെ അംഗസംഖ്യ വർധിപ്പിക്കുക മാത്രമല്ല, പഞ്ചാബ് മുതൽ ഡൽഹി വരെയും ഗോവ മുതൽ ഗുജറാത്ത് വരെയും വിശാല ലക്ഷ്യങ്ങളോടെയാണ് ബി ജെ പി ഈ “ഓപറേഷഷൻ താമര’ നടപ്പാക്കിയത്. എ എ പിയിൽ ഏറെ അംഗീകാരമുണ്ടായിരുന്ന നേതാക്കൾ മറുകണ്ടം ചാടുന്നതോടെ എം എൽ എമാരിലേക്കും ഈ പ്രവണത പടർന്നേക്കാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ.
എന്നാൽ, അരവിന്ദ് കെജ്‌രിവാളും സംഘവും ശക്തമായ പ്രതിരോധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ വടംവലിയിൽ ആര് ജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ പഞ്ചാബിലെയടക്കം എ എ പിയുടെ ഭാവി. എല്ലാ രാഷ്ട്രീയ നിരീക്ഷകരുടെയും ശ്രദ്ധ പശ്ചിമബംഗാളിലായിരുന്നെങ്കിലും, ബി ജെ പി അതിന്റെ രണ്ടാംനിര നേതാക്കളെ വെച്ച് അമിത് ഷായുടെ ചരടുവലിയിൽ നിശബ്ദ നീക്കങ്ങൾ നടത്തുന്നുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
സ്വാതി മാലിവാളാണ് ബി ജെ പി ക്യാമ്പുമായി നേരത്തേ തന്നെ ബന്ധപ്പെട്ടത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ അവർ ബി ജെ പി പക്ഷത്തേക്ക് പരസ്യമായി ചാഞ്ഞിരുന്നു. രാഘവ് ഛദ്ദയുടെ പെരുമാറ്റത്തിലും പൊതു പ്രതികരണത്തിലും ആം ആദ്മി പാർട്ടിയിൽ അദ്ദേഹം അതൃപ്തനാണെന്ന് തിരിച്ചറിഞ്ഞ ബി ജെ പി അദ്ദേഹത്തിലും കണ്ണുവെച്ചിരുന്നു. ഛദ്ദ വരുന്നതിനോട് സ്വാതിക്ക് എതിർപ്പുണ്ടായിരുന്നുവത്രെ.
തന്റെ പ്രാധാന്യം കുറഞ്ഞുപോകുമോയെന്നതായിരുന്നു ആശങ്ക. ഇത്തരം ഓപറേഷനിൽ അതിവൈദഗ്ധ്യമുള്ള ബി ജെ പി നേതൃത്വം ഈ മൂപ്പിളമ തർക്കം അതിവേഗം പരിഹരിച്ചു. രാജ്യസഭാ പാർലിമെന്ററി ഗ്രൂപ്പിൽ ഔപചാരികമായി പിളർപ്പ് സൃഷ്ടിക്കാൻ ആവശ്യമായ ഏഴ് എം പിമാരുടെ എണ്ണം ഉറപ്പാക്കാനുള്ള ശ്രമം ഏകോപിപ്പിക്കാനാണ് സ്വാതിയോട് ബി ജെ പി നേതാക്കൾ നിർദേശിച്ചത്.
സന്ദീപ് പഥക്
ആം ആദ്മി പാർട്ടിയിൽ ജനറൽ സെക്രട്ടറി (സംഘടന) എന്ന നിർണായക സ്ഥാനം വഹിക്കുന്ന സന്ദീപ് പഥകിന്റെ കൂടുമാറ്റത്തിനാണ് ബി ജെ പി ഏറെ പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ, മിക്കവാറും എല്ലാ സ്ഥാനാർഥികളെയും നിർണയിച്ചത് അദ്ദേഹവും രാഘവ് ഛദ്ദയുമായിരുന്നു. പഞ്ചാബിലെ എല്ലാ എം എൽ എമാരുമായും അദ്ദേഹത്തിന് നേരിട്ട് ബന്ധമുണ്ട്. പാർട്ടിയിൽ മനീഷ് സിസോദിയക്ക് കിട്ടിയ പ്രാധാന്യത്തിൽ പഥക് അതൃപ്തനായിരുന്നുവത്രെ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ റെയ്ഡുകളെത്തുടർന്ന് മറ്റ് നാല് എം പിമാരിൽ അശോക് മിത്തൽ സമ്മർദത്തിലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധന വിക്രംജിത് സാഹ്നി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഉത്തർ പ്രദേശിലെ അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹർഭജൻ സിംഗ് പരസ്യമായി പ്രഖ്യാപിച്ചതാണ്. ശതകോടീശ്വരനായ വ്യവസായി രജീന്ദർ ഗുപ്ത പാർട്ടി എതിർത്തിട്ടും ഇന്ത്യ- യു എസ് വ്യാപാര കരാറിനെ പിന്തുണച്ചയാളാണ്.
പഞ്ചാബിലാണ് കണ്ണ്
ബി ജെ പി നേതാക്കളുടെ തന്ത്രം വ്യക്തമാണ്. പഞ്ചാബിൽ എ എ പിയെ ദുർബലപ്പെടുത്താൻ ഛദ്ദയെയും പഥകിനെയും ഉപയോഗിക്കുക. പഞ്ചാബിലെയും ഗോവയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് 2027 ഫെബ്രുവരിയിലാണ്. ഈ സമയപരിധി കണക്കിലെടുക്കുമ്പോൾ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എ എ പി. എം എൽ എമാർ കൂട്ടത്തോടെ കളംമാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മൂന്നിൽ രണ്ട് അംഗബലത്തോടെ പിളരുക അപ്പോഴും ദുഷ്‌കരമായിരിക്കും. കാരണം അത്തരമൊരു നീക്കത്തിന് 61 എം എൽ എമാരുടെ പിന്തുണ ആവശ്യമാണ്.
ഡൽഹിയിൽ, എ എ പിക്ക് നിലവിൽ 22 സീറ്റുകളുണ്ട്; അവിടെ കൂറുമാറ്റ നിരോധന നിയമം മറികടക്കുന്ന പിളർപ്പ് സൃഷ്ടിക്കാൻ 15 എം എൽ എമാരുടെ പിന്തുണ ആവശ്യമാണ്. നിയമസഭയിൽ രണ്ട് സീറ്റുകൾ മാത്രമുള്ള പഞ്ചാബിൽ തന്നെയാണ് ബി ജെ പിയുടെ കണ്ണ്. മുൻ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവർക്ക് വെറും 6.5 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവരുടെ വോട്ട് ശതമാനം 18.5 ശതമാനമായി ഉയർന്നെങ്കിലും പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞില്ല. ശിരോമണി അകാലിദളുമായി സഖ്യം രൂപവത്കരിക്കാനുള്ള സാധ്യത പാർട്ടി നേതാക്കൾ തള്ളിക്കളഞ്ഞിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ ഛദ്ദയെയും ഗ്രാമപ്രദേശങ്ങളിൽ രവ്നീത് ബിട്ടുവിനെയും തങ്ങളുടെ മുഖമായി ഉയർത്തിക്കാട്ടുന്നതായിരിക്കും പാർട്ടിയുടെ തന്ത്രം. ഛദ്ദയിലൂടെയും പഥകിടെയും എ എ പിയുടെ എം എൽ എമാരെ സ്വാധീനിക്കാനും തിരഞ്ഞെടുപ്പ് സമയത്ത് അവരെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാനും ബി ജെ പി ലക്ഷ്യമിടുന്നു.
ഗുജറാത്ത്, ഗോവ
ഗുജറാത്തിൽ എ എ പിയുടെ അടിത്തറ തകർക്കലും ബി ജെ പിയുടെ ലക്ഷ്യമാണ്. 2021 ൽ, സൂറത്ത് മുനിസിപൽ കോർപറേഷനിൽ 27 സീറ്റുകൾ നേടി എ എ പി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ദക്ഷിണ ഗുജറാത്തിലും സൗരാഷ്ട്ര മേഖലയിലും അതിന്റെ വർധിച്ചുവരുന്ന സ്വാധീനം ബി ജെ പിയെ ആശങ്കപ്പെടുത്തുന്നു. ഗോവയിൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പിക്ക് രണ്ട് സീറ്റുകളും 6.77 ശതമാനം വോട്ടും ലഭിച്ചു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ദക്ഷിണ ഗോവയിലെ തീരദേശ മേഖലകളിലും എ എ പി കാലുറപ്പിച്ചു. ഈ മുന്നേറ്റം തടയാനും ഇപ്പോഴത്തെ പിളർപ്പ് ഉപകരിക്കുമെന്നാണ് കണക്കുകൂട്ടൽ.




