Articles
ജേര്‍ണസൈഡും കുടിയേറ്റ കുടിലതകളും
കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്‌സിന്റെയും (സി പി ജെ) മറ്റ് വാച്ച്‌ഡോഗ് ഗ്രൂപ്പുകളുടെയും ഡാറ്റ പ്രകാരം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ 280 പത്രപ്രവര്‍ത്തകരെ കൊലപ്പെടുത്തി. അത് അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രഹരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലബനാനില്‍ കഴിഞ്ഞ ആഴ്ചകളിലെ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ അഞ്ച് പത്രപ്രവര്‍ത്തകരാണ് വധിക്കപ്പെട്ടത്.
ലബനാന്റെ തെക്കന്‍ പ്രദേശത്തെ വംശീയമായി തുടച്ചുനീക്കുകയാണ് ഇസ്‌റാഈലിന്റെ ഉദ്ദേശ്യമെന്ന് സമ്മതിച്ച ന്യൂയോര്‍ക്ക് ടൈംസ്, ശിയാ മുസ്‌ലിംകള്‍ക്കെതിരെ വ്യാജപ്രചാരണം ആരംഭിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. തെക്കന്‍ ലബനാനിലെ വീടുകളില്‍ നിന്നും കടകളില്‍ നിന്നും സൈനികര്‍ സ്വര്‍ണക്കട്ടികള്‍ മോഷ്ടിച്ചതായി ഇസ്‌റാഈല്‍ പത്രമായ ഹാരെറ്റ്സ് റിപോര്‍ട്ട് ചെയ്തു. മേഖലയിലെ വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും കൊള്ളയടിക്കുന്ന സൈനികരെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളും അത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇസ്‌റാഈല്‍ സൈന്യത്തിന്റെ കൊള്ള പുതിയ പ്രതിഭാസമല്ല. ഗസ്സാ വംശഹത്യക്കിടെ വ്യാപകമായ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. തെക്കന്‍ ലബനാനിലെ യെല്ലോ ലൈന്‍ എന്ന് വിളിക്കുന്ന 55 ഗ്രാമങ്ങളുടെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് കുടിയിറക്കപ്പെട്ടവര്‍ തിരികെ പോകുന്നത് തടയുന്നു.
എനിക്ക് യുദ്ധത്തെ പിന്തുണക്കാന്‍ കഴിയില്ല. ലബനാന്‍ സന്ദര്‍ശന വേളയില്‍ തന്നെ സ്വീകരിച്ച ലബനാനിലെ മുസ്‌ലിം ബാലന്റെ ഫോട്ടോ സൂക്ഷിക്കുന്നുണ്ടെന്നും ഇസ്‌റാഈലിന്റെ ആക്രമണങ്ങളില്‍ അവന്‍ കൊല്ലപ്പെട്ടുവെന്നും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ വെളിപ്പെടുത്തിയിരുന്നു. ആഫ്രിക്കയില്‍ നിന്നുള്ള മടക്കയാത്രയില്‍ സംസാരിക്കവെ, സംഘര്‍ഷം പ്രോത്സാഹിപ്പിക്കുന്നവരെ അപലപിക്കുകയും സമാധാനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സംസ്‌കാരത്തിന് ആഹ്വാനം ചെയ്യുകയുമുണ്ടായി. യുദ്ധത്തിലകപ്പെട്ട നിരപരാധികളായ സാധാരണക്കാര്‍ അനുഭവിക്കുന്ന വലിയ കഷ്ടപ്പാടുകളില്‍ ഊന്നി അദ്ദേഹം സംസാരിച്ചു. വെടിനിര്‍ത്തലുകള്‍ക്കും സംഭാഷണങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ അഭ്യര്‍ഥന ആവര്‍ത്തിക്കുകയും ചെയ്തു. യൂനിസെഫിന്റെ കണക്കനുസരിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം പതിനായിരക്കണക്കിന് കുട്ടികളെ വധിക്കുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒരു വയസ്സിന് താഴെയുള്ളവരുടെ എണ്ണമാകട്ടെ 1,009 ആണ്. 17,000 കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടു. 21,000 കുട്ടികള്‍ സ്ഥിരമായ ഗുരുതര പരുക്കുകളോടെ ജീവിക്കുന്നു.
ഫലസ്തീനില്‍ വധിച്ചത്
280 പത്രപ്രവര്‍ത്തകരെ
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ തുടര്‍ച്ചയായ അതിക്രമങ്ങള്‍ ജേര്‍ണസൈഡ് എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഇസ്‌റാഈല്‍ നടത്തുന്ന ഫലസ്തീന്‍ അധിനിവേശത്തിന്റെയും ലബനാന്‍ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരെ ആസൂത്രിതമായി കൊല്ലുന്നതും ലക്ഷ്യംവെക്കുന്നതും നിശബ്ദരാക്കുന്നതും വിവരിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗം. ചിലപ്പോഴൊക്കെ ഡബിൾ-ടാപ്പ് ഗൂഢാലോചനകളിലൂടെ കെണിയൊരുക്കുന്നു. ആദ്യ ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തകരെയോ പത്രപ്രവര്‍ത്തകരെയോ നോട്ടമിടാറുണ്ട്. സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതില്‍ നിന്നും രേഖപ്പെടുത്തുന്നതില്‍ നിന്നും തടയുക എന്ന അര്‍ഥത്തിലുള്ള ആ പദം ബി ബി സി ലോകകാര്യ എഡിറ്റര്‍ ജോണ്‍ സിംപ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചിട്ടുണ്ട്. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്‌സിന്റെയും (സി പി ജെ) മറ്റ് വാച്ച്‌ഡോഗ് ഗ്രൂപ്പുകളുടെയും ഡാറ്റ പ്രകാരം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ 280 പത്രപ്രവര്‍ത്തകരെ കൊലപ്പെടുത്തി. അത് അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രഹരമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലബനാനില്‍ കഴിഞ്ഞ ആഴ്ചകളിലെ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ അഞ്ച് പത്രപ്രവര്‍ത്തകരാണ് വധിക്കപ്പെട്ടത്. ഏപ്രില്‍ 22ന് തെക്കന്‍ ലബനാനില്‍ ജോലിക്കിടെ ജീവന്‍ നഷ്ടമായ അമാല്‍ ഖലീലാണ് പട്ടികയില്‍ അവസാനത്തെയാള്‍. അല്‍ മനാറിലെ അലി ശുഐബ്, ഫാത്വിമ, മുഹമ്മദ് തുടങ്ങിയവര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിന് ശേഷമാണ് അമാലിന്റെ ജഡം കണ്ടെത്തിയത്. ഫീല്‍ഡ് കവറേജിനിടെ അല്‍ അഖ്ബാര്‍ അറബിക് പത്രത്തിന്റെ അമാല്‍ ഖലീല്‍, ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റ് സൈനബ് ഫരാജ് എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രദേശത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടി. പാരാമെഡിക്കുകളെ മണിക്കൂറുകളോളം തടഞ്ഞു. സൈന്യത്തിന്റെ അകമ്പടിയോടെയാണ് ആംബുലന്‍സ് സംഘങ്ങള്‍ക്ക് എത്താനായത്. വെടിനിര്‍ത്തല്‍ വെറും പ്രഹസനമായി മാറുന്നതിനിടെ ഇസ്‌റാഈലിന്റെ കൊടും ക്രൂരതക്ക് മറ്റൊരു ഇര കൂടി.
വാഹനവ്യൂഹം ചതച്ചരച്ച വിദ്യാര്‍ഥി
ഏപ്രില്‍ 21ന് അധിനിവേശ വെസ്റ്റ് ബാങ്കിലെ ബൈത്ത് ഐനുല്‍ ജംഗ്ഷനിലെ ഹൈവേയിലൂടെ സ്‌കൂളിലേക്ക് ഇലക്ട്രിക് സൈക്കിള്‍ ഓടിച്ചുപോകവെ, മുഹമ്മദ് അല്‍ജാബിര്‍ എന്ന വിദ്യാര്‍ഥിയെ ഇസ്‌റാഈല്‍ സെറ്റില്‍മെന്റ് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുതെറിപ്പിച്ച് ചതച്ചരച്ച് ഇല്ലാതാക്കുകയായിരുന്നു. ഫലസ്തീന്‍ യുവാക്കള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് പൈശാചിക സംഭവം. പ്രാദേശിക സമയം രാവിലെ ആറോടെയാണ് ആ പതിനാറുകാരനെ ബോധപൂര്‍വം വധിച്ചതെന്ന് ഫലസ്തീന്‍ വഫ ഏജന്‍സി അറിയിച്ചു. അധിനിവേശ ജറൂസലമിലേക്ക് പോകുകയായിരുന്നു മന്ത്രി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ റാമല്ലയുടെ വടക്കുകിഴക്കുള്ള അല്‍മുഗയ്യിറില്‍ അതേ ദിവസം ഇസ്‌റാഈല്‍ കുടിയേറ്റക്കാരും സൈനികരും നടത്തിയ വെടിവെപ്പില്‍ 13, 14 വയസ്സുകാരായ രണ്ട് കൗമാരക്കാര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരുക്കേറ്റു. കുടിയേറ്റക്കാരും പട്ടാളക്കാരും ഗ്രാമത്തിലെ ഒരു സ്‌കൂളില്‍ അതിക്രമിച്ചു കയറി ആദ്യം വിദ്യാര്‍ഥികള്‍ക്കും പിന്നീട് സ്ഥലത്തെത്തിയ മറ്റുള്ളവര്‍ക്കും നേരെ വെടിയുതിര്‍ത്തതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. കുടിയേറ്റക്കാരും സൈനികരും ഫലസ്തീനികള്‍ക്കെതിരെ അഴിച്ചുവിടുന്ന അക്രമങ്ങളിലെ ഏറ്റവും പുതിയ സംഭവമാണ് അല്‍മുഗയ്യിറിലെ വെടിവെപ്പ്. നബ്‌ലസിന് തെക്കുള്ള പട്ടണത്തില്‍ അതിക്രമിച്ചു കയറി ഡസന്‍ കണക്കിന് വീടുകളില്‍ റെയ്ഡ് നടത്തുകയും താമസക്കാരെ ചോദ്യം ചെയ്യുകയുമുണ്ടായി.






