International
അമേരിക്കൻ പാസ്‌പോർട്ടിലും ഇനി ട്രംപിന്റെ മുഖം
നേരത്തെ കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ ട്രഷറി ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചിരുന്നു.
വാഷിങ്ടൺ | അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക പാസ്‌പോർട്ടുകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്താൻ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. നിലവിലുള്ള കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് സർക്കാർ സ്ഥാപനങ്ങളിലും ഔദ്യോഗിക രേഖകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ട്രംപിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇതോടെ പാസ്‌പോർട്ടിൽ ചിത്രം ഉൾപ്പെടുത്തുന്ന ആദ്യത്തെ ജീവിച്ചിരിക്കുന്ന പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് മാറും.
അമേരിക്കയുടെ 250-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം പരിമിതമായ എണ്ണം സ്പെഷ്യൽ എഡിഷൻ പാസ്‌പോർട്ടുകളായിരിക്കും പുറത്തിറക്കുകയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപന രേഖയുടെ പശ്ചാത്തലത്തിൽ ട്രംപിന്റെ ഔദ്യോഗിക ചിത്രവും അതിനു താഴെ സ്വർണ്ണനിറത്തിലുള്ള അദ്ദേഹത്തിന്റെ ഒപ്പുമാണ് പാസ്‌പോർട്ടിനുള്ളിൽ ഉൾപ്പെടുത്തുക. അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരുടെ ചരിത്രപരമായ പെയിന്റിംഗും മറ്റൊരു പേജിൽ ഉണ്ടാകും.

വാഷിങ്ടൺ ഡി സി യിലെ പാസ്‌പോർട്ട് ഓഫീസിൽ അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും ഈ പ്രത്യേക പാസ്‌പോർട്ട് ലഭ്യമാകുക. ഇതിനായി അധിക തുക ഈടാക്കില്ലെന്നും സ്റ്റോക്ക് തീരുന്നതുവരെ മാത്രമേ ഇവ വിതരണം ചെയ്യൂ എന്നും അധികൃതർ വ്യക്തമാക്കി. സാധാരണയായി ചരിത്രപരമായ ചിത്രങ്ങളും പ്രകൃതിദൃശ്യങ്ങളും ഉൾപ്പെടുത്താറുള്ള പാസ്‌പോർട്ടുകളിൽ ഒരു ഭരണാധികാരിയുടെ ചിത്രം വരുന്നത് ലോക ജനാധിപത്യ രാജ്യങ്ങളിൽ അപൂർവ്വമായ കാഴ്ചയാണ്.
നേരത്തെ കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ ട്രഷറി ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാസ്‌പോർട്ടിലും മാറ്റങ്ങൾ വരുന്നത്. കെനഡി സെന്റർ ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും ട്രംപിന്റെ പേരും ചിത്രങ്ങളും വ്യാപകമായി പ്രദർശിപ്പിച്ചു വരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം.
Summary
The US State Department has announced a limited-edition passport featuring President Donald Trump’s photo and signature to commemorate the 250th anniversary of the Declaration of Independence. This move breaks traditional norms as it is rare for a sitting president’s image to appear in official travel documents. The special passports will be available exclusively in Washington D.C. for a limited time at no extra cost to applicants.





