Editors Pick
മാങ്ങ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; അല്ലെങ്കിൽ പണി കിട്ടും
ശാസ്ത്രീയമായ രീതിയിൽ മാമ്പഴം കഴിച്ചില്ലെങ്കിൽ അത് ശരീരത്തിലെ ചൂട് വർധിപ്പിക്കാനും അസിഡിറ്റി, വായ പുണ്ണ്, വയറ്റിൽ എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കാനും കാരണമാകും.
വേനൽക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട പഴമായ മാമ്പഴം വിപണികളിൽ സജീവമായിരിക്കുകയാണ്. മധുരവും ഗുണങ്ങളുമേറിയ ഫലമാണെങ്കിലും മാമ്പഴം കഴിക്കുമ്പോൾ പാലിക്കേണ്ട ചില രീതികളുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ രീതിയിൽ മാമ്പഴം കഴിച്ചില്ലെങ്കിൽ അത് ശരീരത്തിലെ ചൂട് വർധിപ്പിക്കാനും അസിഡിറ്റി, വായ പുണ്ണ്, വയറ്റിൽ എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കാനും കാരണമാകും.
മാമ്പഴം കഴിക്കുന്നതിന് മുമ്പ് നിർബന്ധമായും ചെയ്യേണ്ട കാര്യം അത് വെള്ളത്തിൽ കുതിർത്ത് വെക്കുക എന്നതാണ്. കടയിൽ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന മാമ്പഴം കുറഞ്ഞത് 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൃത്തിയുള്ള വെള്ളത്തിൽ ഇട്ടു വെക്കണം. ഇത് മാമ്പഴത്തിലെ സ്വാഭാവികമായ ചൂട് കുറയ്ക്കാനും തൊലിയിലുണ്ടാകാൻ സാധ്യതയുള്ള രാസവസ്തുക്കളുടെ അംശം നീക്കം ചെയ്യാനും സഹായിക്കും. ഇത്തരത്തിൽ ചെയ്യുന്നത് ദഹനപ്രക്രിയ സുഗമമാക്കാനും ചർമ്മത്തിൽ കുരുക്കൾ വരുന്നത് തടയാനും ഗുണകരമാണ്.

വെള്ളത്തിൽ കുതിർത്തതിന് ശേഷം മാമ്പഴം ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകണം. അമിതമായ ആഹാരത്തിന് തൊട്ടുപിന്നാലെ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കണം. ഇത് വയർ വീർക്കുന്നതിനും ദഹനക്കേടിനും കാരണമായേക്കാം. മാമ്പഴത്തിന്റെ ചൂട് ബാലൻസ് ചെയ്യുന്നതിനായി തൈര്, പുതിന, മോര് തുടങ്ങിയ തണുപ്പുള്ള ഭക്ഷണങ്ങൾക്കൊപ്പം മാമ്പഴം ഉൾപ്പെടുത്തുന്നത് നല്ലതാണ്.
മാമ്പഴം തിരഞ്ഞെടുക്കുമ്പോൾ പ്രകൃതിദത്തമായി പഴുത്തവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വെള്ളത്തിലിടുമ്പോൾ താഴെ പോകുന്ന മാമ്പഴങ്ങൾ സ്വാഭാവികമായി പഴുത്തവയായിരിക്കാൻ സാധ്യതയുണ്ട്. കൃത്രിമമായി പഴുപ്പിച്ചവ വെള്ളത്തിൽ പൊങ്ങിക്കിടന്നേക്കാം.
അമിതമായി മാമ്പഴം കഴിക്കുന്നതും ദഹനപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ മിതമായ അളവിൽ മാത്രം മാമ്പഴം ആസ്വദിക്കാൻ ശ്രദ്ധിക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlight:
The report explains the importance of soaking mangoes in water before consumption to reduce body heat and remove harmful chemicals. It advises against eating mangoes immediately after heavy meals to prevent bloating and suggests pairing them with cooling foods like curd or mint. Choosing naturally ripened mangoes and consuming them in moderation are key to avoiding stomach-related issues during the summer.




