National
വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ചിലവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത് ഒഴിവാക്കാനാകില്ല; ഇന്ധന വില വര്‍ധിപ്പിക്കുമെന്ന സൂചനയുമായി ധനമന്ത്രാലയം
ഊര്‍ജ്ജ വിതരണം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നും വ്യക്കമാക്കിയ മന്ത്രാലയം ഈ പ്രതിസന്ധി നീണ്ടുനില്‍ക്കുമെന്ന സൂചനയും നല്‍കി.
ന്യൂഡല്‍ഹി | പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ചെലവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ‘ഒഴിവാക്കാനാവാത്തതാണ്’ എന്ന് കേന്ദ്ര ധനമന്ത്രാലയം .ചില രാജ്യങ്ങള്‍ ഉപഭോക്താക്കളിലേക്ക് വിലക്കയറ്റം കൈമാറാന്‍ തുടങ്ങിയിട്ടുണ്ട്. ചില രാജ്യങ്ങള്‍ അത് ഇതുവരെ ചെയ്തിട്ടില്ല. എന്നാല്‍ ഇത് ഒഴിവാക്കാനാവാത്തതാണെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രതിമാസ സാമ്പത്തിക അവലോകനത്തില്‍ ധനമന്ത്രാലയം പറഞ്ഞു. വിതരണ തടസ്സങ്ങള്‍ നേരിടുന്ന സമയത്ത്, ഡിമാന്‍ഡ്പരിമിതപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഊര്‍ജ്ജ വിതരണത്തിനായി രാജ്യങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മാക്രോ ഇക്കണോമിക് സ്ഥിരതയ്ക്കായി ആഹ്വാനം ചെയ്തുകൊണ്ട്, ഹ്രസ്വകാല വളര്‍ച്ച പുനഃസ്ഥാപിക്കാനുള്ള ഏത് ശ്രമവും ഇടക്കാല-ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ക്ക് വലിയ ദോഷം ചെയ്‌തേക്കാം എന്ന് മന്ത്രാലയം പറഞ്ഞു. ഊര്‍ജ്ജ വിതരണം പുനഃസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നും വ്യക്കമാക്കിയ മന്ത്രാലയം ഈ പ്രതിസന്ധി നീണ്ടുനില്‍ക്കുമെന്ന സൂചനയും നല്‍കി.
ഊര്‍ജ്ജ വിതരണം പെട്ടെന്ന് സാധാരണ നിലയിലാകുമെന്ന് പല അന്താരാഷ്ട്ര ഏജന്‍സികളും തെറ്റായി കരുതുന്നു. എന്നാല്‍ ഉല്‍പ്പാദനം പുനഃസ്ഥാപിക്കുന്നതിനും ഷിപ്പിംഗ് പുനരാരംഭിക്കുന്നതിനും ആവശ്യമായ സമയം അവര്‍ കണക്കിലെടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഊര്‍ജ്ജ വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരാമെന്നും മന്ത്രാലയം വ്യക്തമാക്കി.
തന്ത്രപ്രധാനമായ കരുതല്‍ ശേഖരം സൃഷ്ടിച്ചുകൊണ്ട് ഊര്‍ജ്ജ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള അവസരമായി ഈ പ്രതിസന്ധിയെ കാണണം. ഇറക്കുമതി-കയറ്റുമതി ചെലവ് കുറയ്ക്കുന്ന തരത്തിലുള്ള നിയമപരമായ ലഘൂകരണങ്ങള്‍ ഇത്തരം ഘട്ടങ്ങളില്‍ ഏറെ ഗുണകരമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.




