Fact Check
പെട്രോളിന് 12 രൂപ കൂടുമോ? സോഷ്യൽ മീഡിയ പ്രചാരണത്തിന് പിന്നിലെ സത്യമെന്ത്?
പെട്രോൾ ലിറ്ററിന് 12.50 രൂപ വരെ വർധിപ്പിച്ചതായി അവകാശപ്പെടുന്ന സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ന്യൂഡൽഹി | പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവ് വരുത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വസ്തുതാ അന്വേഷണ വിഭാഗമായ പി ഐ ബി ഫാക്ട് ചെക്ക് വ്യക്തമാക്കി. പെട്രോൾ ലിറ്ററിന് 12.50 രൂപ വരെ വർധിപ്പിച്ചതായി അവകാശപ്പെടുന്ന സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പെട്രോളിന് 10 രൂപയും ഡീസലിന് 12.50 രൂപയും വർധിപ്പിച്ചതായി പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിന്റെ പേരിൽ പുറത്തിറങ്ങിയ ഉത്തരവ് പൂർണ്ണമായും വ്യാജമാണെന്ന് പി ഐ ബി അറിയിച്ചു.
ഇത്തരമൊരു ഉത്തരവ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ലെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള എണ്ണ വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വ്യാജ പ്രചാരണം നടന്നത്. നിലവിൽ ഇന്ധന വില വർധിപ്പിക്കാൻ യാതൊരു നിർദ്ദേശവുമില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ അന്തർ മന്ത്രാലയ ബ്രീഫിംഗിൽ ഇതുസംബന്ധിച്ച വിശദീകരണം നൽകി. പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലെന്നും പാചക വാതകം ഉൾപ്പെടെയുള്ള അവശ്യ ഇന്ധനങ്ങൾ ആവശ്യത്തിന് ലഭ്യമാണെന്നും അവർ പറഞ്ഞു. എൽ പി ജി, സി എൻ ജി എന്നിവയുടെ 100 ശതമാനം വിതരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആഗോള വിപണിയിലെ സാഹചര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Content Highlight:
The PIB Fact Check unit has dismissed viral social media reports claiming a significant hike in petrol and diesel prices as completely fake. The Ministry of Petroleum and Natural Gas clarified that no such order has been issued and that fuel supplies remain stable. Officials urged the public to rely only on official government announcements regarding energy pricing.




