Connect with us

National

15 വയസ്സുകാരിക്ക് ഗർഭച്ഛിദ്രം: വിധിയിൽ മാറ്റമില്ല; വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് സുപ്രീം കോടതി

ബലാത്സംഗം മൂലം ഗർഭിണിയാകേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഭ്രൂണഹത്യക്ക് സമയപരിധി നിശ്ചയിക്കരുത്; ഇതിനനുസൃതമായി നിയമനിർമാണം നടത്തണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി | പീഡനത്തിനിരയായ 15 വയസ്സുകാരിയുടെ 31 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ ഞങ്ങൾ ബഹുമാനിക്കുന്നു, നിങ്ങളും അത് ചെയ്യണം എന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി സർക്കാരിനെ ഓർമ്മിപ്പിച്ചു. ഇത്തരം സന്ദർഭങ്ങളിൽ സമയപരിധി നിശ്ചയിക്കുന്ന നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ബലാത്സംഗം മൂലം ഗർഭിണിയാകേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഭ്രൂണഹത്യക്ക് സമയപരിധി നിശ്ചയിക്കരുത്. നിയമങ്ങൾ കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്. പീഡനത്തിന് ശേഷം ആ പെൺകുട്ടി അനുഭവിച്ച വേദനയ്ക്ക് പകരം നൽകാൻ ഒന്നിനും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പൗരന്മാരുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്നും ഇത്തരമൊരു ഹർജി നൽകാൻ സർക്കാരിന് അവകാശമില്ലെന്നും ഇരയ്ക്കോ കുടുംബത്തിനോ മാത്രമേ കോടതി വിധിയെ ചോദ്യം ചെയ്യാൻ അധികാരമുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗർഭച്ഛിദ്രം നടത്തുന്നത് പെൺകുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും കുട്ടിയെ പ്രസവിച്ച് ദത്തെടുക്കാൻ നൽകുകയാണ് ഉചിതമെന്നും എ ഐ ഐ എം എസ് റിപ്പോർട്ട് ഉദ്ധരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു. എന്നാൽ, ഓരോ നിമിഷവും ഗർഭപാത്രത്തിൽ ആ ഭ്രൂണം പേറുന്നത് പെൺകുട്ടിക്ക് കടുത്ത മാനസികാഘാതമാണ് ഉണ്ടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഒരു കുട്ടിയും ഭ്രൂണവും തമ്മിലുള്ള പോരാട്ടമാണിതെങ്കിൽ ആ കുട്ടിക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും നീതിക്ക് അത്യാവശ്യമെങ്കിൽ നിയമം കർക്കശമാകണമെന്നും കോടതി പറഞ്ഞു.

ഗർഭം തുടരുന്നത് പെൺകുട്ടിയുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയത്. പെൺകുട്ടി രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യവും കോടതി മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. ഗർഭച്ഛിദ്രം നടത്തണോ വേണ്ടയോ എന്നത് പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും തീരുമാനമാണെന്നും അതിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

Summary

The Supreme Court of India reprimanded the Central Government for filing a curative petition against the court’s order to terminate the 31-week pregnancy of a 15-year-old rape survivor. Chief Justice Surya Kant emphasized that the state must respect individual choices and suggested that abortion laws should be more flexible in cases of sexual assault. The court maintained that the mental health and dignity of the minor are paramount over statutory time limits for medical termination of pregnancy.

---- facebook comment plugin here -----

Latest