Connect with us

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

ഒന്നാം പാപ്പാന് ഗുരുതര പരുക്ക്

Published

|

Last Updated

തൃശൂര്‍| ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. ശ്രീക്കുട്ടന്‍ (25) ആണ് മരിച്ചത്. നെഞ്ചില്‍ ചവിട്ടേറ്റ ശ്രീക്കുട്ടനെ ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വാഴ്വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രിയിലെ വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന തെറ്റിയിരുന്നു. തുടര്‍ന്ന് ആനയുടെ കൂടെ നടന്ന രണ്ട് പേര്‍ വീഴുകയും ചെയ്തിരുന്നു. ഉടന്‍ പാപ്പാന്‍മാര്‍ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലില്‍ തളയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ വീണ്ടും ഇടഞ്ഞ ആന തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് തകര്‍ക്കുകയും പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഒന്നാം പാപ്പാന്‍ അമലി(28)ന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഒന്നാം പാപ്പാന്‍ ചികിത്സയിലാണ്.