Saudi Arabia
ഹജ്ജ് പുണ്യ സ്ഥലങ്ങളിലെ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തല്‍; മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ സന്ദര്‍ശനം നടത്തി
മക്കയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ മക്ക-ജിദ്ദ എക്‌സ്പ്രസ് വേയിലെ ഷുമൈസി ചെക്ക് പോയിന്റ് സന്ദര്‍ശിച്ചുകൊണ്ടാണ് ഫീല്‍ഡ് സന്ദര്‍ശനത്തിന് തുടക്കമായത്
മക്ക | ലോകത്തിലെ ഏറ്റവും വലിയ ജനസംഗമങ്ങളിലൊന്നായ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ,പുണ്യഭൂമിയിലേക്ക് വിശ്വാസലക്ഷങ്ങളുടെ ഒഴുക്ക് തുടരുകയാണ് .തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിന് പുണ്യസ്ഥലങ്ങളിലെ സൗകര്യങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണറും, ഹജ്ജ്-ഉംറ സ്ഥിരം സമിതി വൈസ് ചെയര്‍മാനുമായ സഊദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ പുണ്യസ്ഥങ്ങളില്‍ സന്ദര്‍ശനം നടത്തി
മക്കയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ മക്ക-ജിദ്ദ എക്‌സ്പ്രസ് വേയിലെ ഷുമൈസി ചെക്ക് പോയിന്റ് സന്ദര്‍ശിച്ചുകൊണ്ടാണ് ഫീല്‍ഡ് സന്ദര്‍ശനത്തിന് തുടക്കമായത് .ആധുനിക സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന 16 ലെയ്നുകള്‍ ഉള്‍പ്പെടുന്ന ചെക്ക് പോയിന്റിനെക്കുറിച്ചും ,
തീര്‍ത്ഥാടകരുടെ വരവ്, റിപ്പോര്‍ട്ടിംഗ്, മോണിറ്ററിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം, റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള സംവിധാനം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ സഊദ് രാജകുമാരന് വിശദീകരിച്ചു
തുടര്‍ന്ന് മിനയിലെത്തി 5,300 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പുതുതായി പണികഴിപ്പിച്ച മിന എമര്‍ജന്‍സി ഹോസ്പിറ്റല്‍ 2 സന്ദര്‍ശിച്ചു.നിര്‍മ്മാണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും കാര്യത്തില്‍ ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ ആശുപത്രികളില്‍ ഒന്നാണിത്.ഹജ്ജ് വേളയില്‍ ഇത് 24 മണിക്കൂറും ഉയര്‍ന്ന കാര്യക്ഷമതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്ഷം തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നത്തിനായി 52,000 ത്തിലധികം ആരോഗ്യ പരിപാലന വിദഗ്ധരുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെ പുണ്യസ്ഥലങ്ങളിലുടനീളം 25 അടിയന്തര പരിചരണ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ച് വരുന്നത് . 900 ലധികം ആംബുലന്‍സുകള്‍, 11 മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനങ്ങള്‍, 71 ഫീല്‍ഡ് എമര്‍ജന്‍സി പോയിന്റുകള്‍ എന്നിവയും ആരോഗ്യ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്
പുണ്യസ്ഥലങ്ങളിലെ ജല വിതരണത്തിനായുള്ള പ്രവര്‍ത്തന പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്ന ഹോളി സൈറ്റ്‌സ് മോണിറ്ററിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലും ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ചു. ജല വിതരണ പ്രവര്‍ത്തന സൂചകങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി 4,000 ത്തിലധികം സെന്‍സറുകളും നിരീക്ഷണ ഉപകരണങ്ങളുമാണ് കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നത് . കൂടാതെ പുണ്യസ്ഥലങ്ങള്‍ക്കുള്ളിലെ 27 പ്രവര്‍ത്തന മേഖലകളുടെ മേല്‍നോട്ടവും നിരീക്ഷണചുമതലയും ഈ കേന്ദ്രത്തിനാണ്
പുണ്യ സ്ഥലങ്ങളില്‍ നിര്‍മ്മാണ ചുമതല വഹിക്കുന്ന കിദാന വികസന കമ്പനി നടത്തുന്ന തസ്ലീം സെന്ററിലും സന്ദര്‍ശനം നടത്തി . സുരക്ഷിതമായ ഡാറ്റ മാനേജ്‌മെന്റ് അന്തരീക്ഷം നല്‍കുന്നതിനൊപ്പം, നടപടിക്രമങ്ങളുടെ വേഗതയും കൃത്യതയും ഉറപ്പാക്കുന്ന ഒരു ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തെക്കുറിച്ച് ജീവനക്കാര്‍ വിശദീകരിച്ചു
മുസ്ദലിഫയിലെ എമിറേറ്റ് ഓഫീസില്‍ ഹജ്ജ്, ഉംറ എന്നിവയ്ക്കുള്ള സ്ഥിരം സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടാണ് മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ സഊദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ പര്യടനം അവസാനിപ്പിച്ചത്. യോഗത്തില്‍ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തന പദ്ധതികള്‍, തീര്‍ത്ഥാടകരെ സേവിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ , പുണ്യസ്ഥലങ്ങളിലെ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും സന്നദ്ധത എന്നിവയുടെ അവലോകനവും നടന്നു
ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുള്‍ ഫത്താഹ് മഷാത്ത്, മക്ക മേയര്‍ മുസൈദ് അല്‍-ദാവൂദ്, പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍-ബസ്സാമി, വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണറെ അനുഗമിച്ചിരുന്നു







