Connect with us

Uae

യുഎഇയില്‍ ഏകീകൃത ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ്: ചരിത്രപരമായ തീരുമാനമെന്ന് ഡോ. ഷംഷീര്‍ വയലില്‍

സ്വദേശികളായ എല്ലാ പൗരന്മാര്‍ക്കും കൂടുതല്‍ സുസ്ഥിരവും സമഗ്രവുമായ ആരോഗ്യ പരിരക്ഷയും ചികിത്സയും ഉറപ്പാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

അബുദാബി |  യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്തെ എല്ലാ എമിറേറ്റുകളെയും കോര്‍ത്തിണക്കി നടപ്പാക്കുന്ന ഏകീകൃത ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, യുഎഇയുടെ ആരോഗ്യമേഖലയില്‍ ചരിത്രപരമായ നാഴികക്കല്ലാണെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. സ്വദേശികളായ എല്ലാ പൗരന്മാര്‍ക്കും കൂടുതല്‍ സുസ്ഥിരവും സമഗ്രവുമായ ആരോഗ്യ പരിരക്ഷയും ചികിത്സയും ഉറപ്പാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഷ്വറന്‍സ് ലഭ്യമാക്കിയ എമിറേറ്റ്, താമസസ്ഥലം എന്നിവ പരിഗണിക്കാതെ യുഎഇയിലെ ഏത് ഭാഗത്തുള്ള അത്യാധുനിക ആശുപത്രികളിലും പൗരന്മാര്‍ക്ക് ഇനി മുതല്‍ എളുപ്പത്തില്‍ വിദഗ്ദ്ധ ചികില്‍സ തേടാനാകും. ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്ന ഈ പദ്ധതി, ചികില്‍സയുടെ തുടര്‍ച്ച ഉറപ്പാക്കാനും മികച്ച ആശുപത്രികളിലെ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനും സഹായിക്കും. രോഗം വന്നതിന് ശേഷമുള്ള ചികിത്സ എന്നതിലുപരി, രോഗപ്രതിരോധത്തിനും ജനങ്ങളുടെ ദീര്‍ഘകാല ആരോഗ്യ സംരക്ഷണത്തിനും മുന്‍ഗണന നല്‍കുന്ന കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ ഹെല്‍ത്ത് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാന്‍ ഇത് വഴിയൊരുക്കുമെന്നും ഡോ. ഷംഷീര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഈ പുതിയ പരിവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത് വലിയൊരു ഉത്തരവാദിത്തമായാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് കാണുന്നത്. അത്യാധുനിക ചികില്‍സാ സൗകര്യങ്ങള്‍ വിപുലീകരിച്ചും സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയും രോഗികള്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ സംരക്ഷണ രംഗത്ത് ആഗോളതലത്തില്‍ യുഎഇയെ മുന്‍പന്തിയിലെത്തിക്കാന്‍ ഈ ഏകീകൃത ഇന്‍ശഷ്വറന്‍സ് പദ്ധതി സഹായിക്കുമെന്നും ഡോ. ഷംഷീര്‍ വയലില്‍ കൂട്ടിച്ചേര്‍ത്തു.

 

Latest